തിരുവനന്തപുരം: പാർട്ടിക്കുള്ളിലെ പടലപ്പിണക്കം പുറത്തറിയാതിരിക്കാൻ കൗൺസിലർ ആർ.ശ്രീലേഖയുടെ രാജിക്കത്ത് മേയർ മറച്ചുവെച്ചത് മൂന്നുനാൾ. ഭരണ പ്രതിസന്ധിയിലുഴലുന്ന കോർപ്പറേഷനു രാജിഭീഷണി കൂടുതൽ തിരിച്ചടിയാകുമെന്ന് കരുതിയാണ് മേയർ ഈ വിവരം മറച്ചുവെച്ചതും നേതൃത്വത്തെ ഇടപെടുത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചതും.

To advertise here,

എന്നാൽ, അപ്രതീക്ഷിതമായി ശ്രീലേഖതന്നെ രാജിവിവരം വാട്‌സാപ്പ് ഗ്രൂപ്പിൽ ഇട്ടതോടെ പ്രതിരോധവുമായി ബി.ജെ.പി. നേതൃത്വത്തിന് ഇറങ്ങേണ്ടിവന്നു. 30-നാണ് ശ്രീലേഖ, മേയറുടെ ഓഫീസിൽ തന്റെ രാജിക്കത്ത് എത്തിച്ചത്. അതുകഴിഞ്ഞ് മൂന്നാംനാൾ ശനിയാഴ്ച പത്രസമ്മേളനം വിളിച്ചുചേർത്ത മേയർ വി.വി.രാജേഷ് ഇക്കാര്യത്തെക്കുറിച്ച് മിണ്ടിയില്ല. പകരം വസ്തു ഇടപാടുമായി ബന്ധപ്പെട്ട് പത്തുലക്ഷം രൂപ കൈക്കൂലി ചോദിച്ച സി.പി.എം. കൗൺസിലർ അജിനെതിരേയായിരുന്നു പത്രസമ്മേളനം.

അഴിമതി നടത്തുന്ന കൗൺസിലർമാരെ വെച്ചുപൊറുപ്പിക്കില്ല എന്ന് വി.വി.രാജേഷ് പറഞ്ഞു. അഴിമതിപ്രശ്നം കത്തിച്ചുനിർത്തി രാജിവിവാദം മറയ്ക്കാനായിരുന്നു ശ്രമമെന്ന് ആക്ഷേപമുണ്ട്. എന്നാൽ, ശ്രീലേഖ തന്നെ ഈ ശ്രമം പൊളിച്ചു. ശാസ്തമംഗലം വാർഡിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ രാജിക്കത്ത് അവർ പുറത്തുവിട്ടു.

‘പ്രിയപ്പെട്ടവരേ, ഞാൻ സെപ്റ്റംബർ 30-ന് മേയർ വി.വി.രാജേഷിന്, കൗൺസിലർ സ്ഥാനത്തുനിന്ന് സ്വകാര്യ കാരണങ്ങൾകൊണ്ട് രാജിവെക്കുന്നതായി അറിയിച്ച് കത്ത് നൽകിയിട്ടുണ്ട്. കോപ്പി തിങ്കളാഴ്ച ജില്ലാ കളക്ടർക്ക് നൽകും’ എന്നായിരുന്നു ശ്രീലേഖയുടെ വാട്‌സാപ്പ് സന്ദേശം.

ശ്രീലേഖയുടെ രാജിഭീഷണി; ബി.ജെ.പി.ക്ക് അപ്രതീക്ഷിത തിരിച്ചടി

സംസ്ഥാനത്ത് ബി.ജെ.പി. ഭരിക്കുന്ന ഏക കോർപ്പറേഷനായ തിരുവനന്തപുരത്ത് ഭരണസമിതിക്ക് അപ്രതീക്ഷിത പ്രതിസന്ധിയായി കൗൺസിലർ ശ്രീലേഖയുടെ രാജിക്കത്ത്. കാപ്പാ കേസിൽ ജയിലിലായ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന്റെ അയോഗ്യതയെന്ന ഭീഷണിയിൽനിന്ന് താത്കാലികമായി ബി.ജെ.പി. ഭരണസമിതി രക്ഷപ്പെട്ടുനിൽക്കുന്നതിനിടയിലാണ് പുതിയ വെല്ലുവിളി.

കോർപ്പറേഷൻ കൗൺസിലിൽ 51 എന്ന മാന്ത്രികസംഖ്യ നിലനിർത്തി ഭൂരിപക്ഷം ഉറപ്പിച്ച് എൽ.ഡി.എഫിനും യു.ഡി.എഫിനുമെതിരെയുള്ള രാഷ്ട്രീയനീക്കത്തിൽ വിജയം നേടി ബി.ജെ.പി. ആശ്വസിച്ചുനിൽക്കുകയായിരുന്നു. സുഗതന്റെ അയോഗ്യത ബി.ജെ.പി.ക്ക് മുന്നിൽ വലിയ രാഷ്ട്രീയവെല്ലുവിളിയാണ് ഉയർത്തിയത്. സംസ്ഥാനത്ത് ആദ്യമായി ലഭിച്ച കോർപ്പറേഷൻ ഭരണം ഇത് തുലാസിലാക്കി. കൂടാതെ കേസുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളിലൊന്നും അനുകൂലമായ വിധി സമ്പാദിക്കാനുമായില്ല. ഇതിനിടെ സത്യപ്രതിജ്ഞ വിവാദമായതും കൂടുതൽ പ്രതിസന്ധിയായി. ഒടുവിൽ ജയിലിൽ സത്യപ്രതിജ്ഞാച്ചടങ്ങ് നടത്തിയാണ് അംഗത്വം നിലനിർത്താനായത്. സുഗതന്റെ അയോഗ്യതാഭീഷണിക്കിടെ അപ്രതീക്ഷിതമായി കോൺഗ്രസ് വിമതനും പൗണ്ടുകടവ് വാർഡ് കൗൺസിലറുമായ സുധീഷ് കുമാർ ബി.ജെ.പി.യുടെ സഹായത്തിനെത്തുകയായിരുന്നു.

ഇതിനിടെയാണ് നേതൃത്വവുമായി ഇടഞ്ഞ് ശ്രീലേഖ ശാസ്തമംഗലം വാർഡ് കൗൺസിലർ സ്ഥാനം രാജിവെക്കാൻ മുതിരുന്നത്. കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് പിന്നാലെതന്നെ നേതൃത്വത്തോടുള്ള അതൃപ്തി ആർ. ശ്രീലേഖ വെളിവാക്കിയിരുന്നു. ശ്രീലേഖയെ മേയറാക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അവസാനനിമിഷം മേയർസ്ഥാനം വി.വി. രാജേഷിന് നൽകുകയായിരുന്നു. മേയറുടെ സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയ ശ്രീലേഖ ചടങ്ങ് പൂർത്തിയാകുംമുൻപ് ഇറങ്ങിപ്പോയി തന്റെ അതൃപ്തി പരസ്യമായി വെളിവാക്കി. നിയമസഭാതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് സീറ്റ് നൽകിയെങ്കിലും ശ്രീലേഖ ദയനീയമായി മൂന്നാം സ്ഥാനത്തേക്ക് പോയി. ബി.ജെ.പി. വോട്ടുകൾ തനിക്ക് ലഭിച്ചില്ലെന്ന പരാതിയും ഇവർ ഉയർത്തിയിരുന്നു.

ശ്രീലേഖ രാജിതീരുമാനത്തിൽ ഉറച്ചുനിന്നാൽ കോർപ്പറേഷൻ ഭരണസമിതി വീണ്ടും തുലാസിലാകും. ആകെ 101 സീറ്റുള്ള തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി.യുടെ സീറ്റുനില 49 ആയി ചുരുങ്ങും. എൽ.ഡി.എഫിന് 29 സീറ്റും യു.ഡി.എഫിന് 20 സീറ്റുമാണുള്ളത്. രണ്ട് സ്വതന്ത്രർ ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് ഭരണസമിതി.

നേരത്തെ കോർപ്പറേഷനിൽ കേവലഭൂരിപക്ഷത്തിന് ഒരു അംഗത്തിന്റെ കുറവുണ്ടായപ്പോൾ സ്വതന്ത്രനായ പാറ്റൂർ രാധാകൃഷ്ണൻ മാത്രമാണ് ബി.ജെ.പി.ക്കൊപ്പം ചേർന്നത്. സുധീഷ് കുമാർ ആ സമയത്തും ബി.ജെ.പി.യെ പിന്തുണയ്ക്കാൻ തയ്യാറായിരുന്നില്ല.

ശ്രീലേഖ രാജിയിൽഉറച്ചുനിന്നാൽ ഭരണപ്രതിസന്ധി

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച് ആർ. ശ്രീലേഖയെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ അനുനയിപ്പിക്കാൻ ശ്രമംനടക്കുന്നുണ്ട്. എന്നാൽ, തിങ്കളാഴ്ച ‌കളക്ടർക്ക് രാജിക്കത്ത് നൽകുമെന്നാണ് ശ്രീലേഖ പറയുന്നത്. കൗൺസിലർ ആർ. സുഗതൻ കാപ്പാ കേസിൽ ജയിലിലായതോടെ നിലവിൽ ബി.ജെ.പി.യുടെ നില പരുങ്ങലിലാണ്. ശ്രീലേഖ രാജിവെച്ചിട്ടില്ലെന്നും ബി.ജെ.പി.യിൽ തുടരുമെന്നും ജില്ലാ പ്രസിഡന്റ് കരമന ജയൻ പറഞ്ഞു.

സമ്മർദതന്ത്രമോ?

ശ്രീലേഖയുടെ രാജിഭീഷണി പാർട്ടിയിൽ ഉയർന്നപദവിയോ സ്ഥാനങ്ങളോ ലക്ഷ്യമിട്ടുള്ള സമ്മർദതന്ത്രമാണെന്ന് സംശയിക്കുന്നവരുമുണ്ട്. രാജിക്കത്ത് നൽകേണ്ടിയിരുന്നത് കോർപ്പറേഷൻ സെക്രട്ടറിക്കായിരുന്നു. അതും പ്രത്യേകം അപേക്ഷാഫോറത്തിൽ. ഇതൊന്നുമില്ലാതെ മേയറുടെ ഓഫീസിൽ രാജിക്കത്ത് എത്തിച്ച് വാട്സാപ്പിലൂടെ വെളിപ്പെടുത്തുകയായിരുന്നു.