കൊച്ചി : കടുത്ത വൈദ്യുതിക്ഷാമം നേരിടുമ്പോഴും പുതിയ വൈദ്യുതോത്പാദന പദ്ധതികളില്ലാത്തതിൽ കേരളത്തിന് കേന്ദ്രത്തിന്റെ രൂക്ഷവിമർശനം. അയൽസംസ്ഥാനങ്ങൾ വൻകിടപദ്ധതികളുമായി രംഗത്തെത്തിയപ്പോൾ കേരളം ഒരുമെഗാവാട്ടിന്റെ പോലും പദ്ധതി മുന്നോട്ടുവെച്ചില്ല. 2030-35 കാലത്ത് വൈദ്യുതി ആവശ്യത്തിലുണ്ടാകുന്ന വർധന നേരിടാനുള്ള പദ്ധതികളുടെ രൂപരേഖ നൽകാൻ കേന്ദ്രസർക്കാർ ഒരു വർഷം മുൻപുതന്നെ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു.

To advertise here,

കേന്ദ്ര ഊർജമന്ത്രാലയ സെക്രട്ടറിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന അവലോകനയോഗത്തിലാണ് പദ്ധതികളില്ലാത്തതിൽ കേരളത്തിന് വിമർശനമേൽക്കേണ്ടിവന്നത്. കേരളത്തിനുപുറമേ, കർണാടകവും തമിഴ്നാടുമാണ് യോഗത്തിൽ പങ്കെടുത്തത്.35,000 മെഗാവാട്ടിനുള്ള രൂപരേഖ പ്രകാരം കർമസമിതി രൂപവത്ക്കരിച്ച് പ്രവർത്തനം തുടങ്ങിയതായി തമിഴ്‌നാട് ഉദ്യോഗസ്ഥർ അറിയിച്ചു.

കർണാടക 30,000 മെഗാവാട്ട് ഉത്പാദന മാണ് ലക്ഷ്യമിടുന്നത്. പദ്ധതികളൊന്നുമില്ലാത്തതിന്റെ പേരിൽ കേരളത്തെ ഊർജ സെക്രട്ടറി പങ്കജ് അഗർവാളും സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി ചെയർപേഴ്സൺ

ഘനശ്യാംപ്രസാദും രൂക്ഷമായി വിമർശിച്ചു. പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളും കൂടുതൽ വൈദ്യുതി പുറമേനിന്ന് എത്തിക്കാനുള്ള പ്രസരണപദ്ധതികളും മുന്നോട്ടുവെക്കാത്തതും വിമർശനത്തിനിടയാക്കി.

ബെസ്സ് പോംവഴിയെന്ന് കേരളം

അവലോകനയോഗത്തിനു പിന്നാലെ വൈദ്യുതിവിതരണ ട്രാൻസ്‌ഫോർമറുകൾക്കരികിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്സ്) വ്യാപകമായി സ്ഥാപിക്കലാണ് പോംവഴിയെന്ന് സംസ്ഥാന വൈദ്യുതിബോർഡ് വിലയിരുത്തി. കേന്ദ്ര ഊർജവകുപ്പ് അധികൃതരുമായി ഇക്കാര്യം ചർച്ചചെയ്തു. എറണാകുളം തേവയ്ക്കലിൽ 250 കിലോവാട്ട് അവറിന്റെയും കുറുപ്പുംപടിയിൽ 100 കിലോവാട്ട് അവറിന്റെയും ബെസ്സ് സ്ഥാപിച്ചിട്ടുണ്ട്. ഈ മാതൃക സ്വീകരിക്കാമെന്നാണ് ബോർഡിന്റെ കണക്കുകൂട്ടൽ.കേരളത്തിൽ 2030-ഓടെ 8000 മുതൽ 10,000 മെഗാവാട്ട് വൈദ്യുതി ആവശ്യമാണ് വൈദ്യുതിബോർഡ് പ്രതീക്ഷിക്കുന്നത്.