
തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഗുരുതര സുരക്ഷാവീഴ്ച. എസ്‌കലേറ്റർ അപ്രതീക്ഷിതമായി പിന്നോട്ടു കറങ്ങിയതിനെത്തുടർന്ന് മറിഞ്ഞുവീണ് യാത്രക്കാർക്ക് പരിക്ക്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ തിരക്കുള്ള സമയത്താണ് സംഭവമുണ്ടായത്. എറണാകുളത്തു നിന്നെത്തിയ വഞ്ചിനാട് എക്‌പ്രസിലെ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ അമ്പിളി, ധന്യ എന്നിവരെ റെയിൽവേ സ്റ്റേഷനിലെ മെഡിക്കൽ എയ്ഡ് പോസ്റ്റിൽ പ്രാഥമിക ചികിത്സ നൽകിയശേഷം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രി വിട്ടെന്നും ജനറൽ ആശുപത്രി അധികൃതർ പറഞ്ഞു. അപകടത്തിൽ മറ്റ് യാത്രക്കാർക്കും ചെറിയതോതിലുള്ള പരിക്കുകൾ പറ്റിയിട്ടുണ്ട്. വൻ അപകടമാണ് ഒഴിവായത്.
ട്രെയിൻ നിർത്തിയ ഉടൻ നാല്, അഞ്ച് നമ്പർ പ്ലാറ്റ്‌ഫോമുകളുടെ മധ്യഭാഗത്തുള്ള എസ്‌കലേറ്ററിലേക്ക് യാത്രക്കാർ കയറി. നിറയെ യാത്രക്കാരുമായി എസ്‌കലേറ്റർ മുകളിലേക്ക് നീങ്ങുന്നതിനിടെ അതിവേഗത്തിൽ പിന്നോട്ട് കറങ്ങുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ നീക്കത്തിൽ മുകളിലെ പടികളിൽ നിന്നിരുന്ന യാത്രക്കാർ പിന്നോട്ടു മറിഞ്ഞുവീണു. താഴത്തെ പടികളിലുണ്ടായിരുന്നവരുടെ മേലെയാണ് ഓരോരുത്തരായി വീണത്. ഇതിനിടയിൽ പൊതുവിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരനായ ഡാർവിൻ എസ്കലേറ്ററിന്റെ താഴെ വലതുവശത്തായുള്ള എമർജൻസി സ്വിച്ച് അമർത്തി പ്രവർത്തനം നിർത്തുകയായിരുന്നു. വസ്ത്രങ്ങളും നീളമുള്ള തലമുടിയുമൊക്കെ എസ്കലേറ്ററിൽ കുടുങ്ങാനും ആളുകൾക്ക് ഗുരുതമായി പരിക്കേൽക്കാനുമുള്ള സാഹചര്യം ഇതോടെ ഒഴിവായതായി യാത്രക്കാർ പറയുന്നു.
അതീവ ഗുരുതരവീഴ്ചയാണ് റെയിൽവേ സ്റ്റേഷനിലുണ്ടായതെന്ന് യാത്രക്കാർ ആരോപിക്കുന്നു. സംഭവസമയത്ത് റെയിൽവേ ജീവനക്കാരോ പോലീസുകാരോ സ്ഥലത്തുണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു
എസ്കലേറ്ററുകൾ സാധാരണ പിന്നോട്ട് അതിവേഗത്തിൽ സഞ്ചരിക്കാറില്ല. പ്രവർത്തിക്കുന്നതിനിടെ വൈദ്യുതി നിലച്ചാൽ എസ്കലേറ്റർ നിശ്ചലമാകും. കൃത്യമായ അറ്റകുറ്റപ്പണികൾ നടക്കാത്തതാണ് പിന്നോട്ട് കറങ്ങാൻ കാരണമെന്ന് യാത്രക്കാർ ആരോപിച്ചു.
ദിവസേന ആയിരക്കണക്കിന് പേരാണ് സെൻട്രൽ സ്റ്റേഷനിലെത്തുന്നത്. നവീകരണം നടക്കുന്നതിനാൽ മിക്ക പ്ലാറ്റ്‌ഫോമുകളിലും സ്ഥലപരിമിതിയുണ്ട്. നാല്, അഞ്ച് പ്ലാറ്റ്‌ഫോമുകളിൽ എസ്കലേറ്ററിന് സമീപം ഷീറ്റ് ഉപയോഗിച്ച് ഭാഗം മറച്ചിട്ടുണ്ട്. ഇതിന് രണ്ടുവശത്തും പ്ളാറ്റ്ഫോമിൽ കഷ്ടിച്ച് രണ്ടു മീറ്റർ മാത്രമാണ് യാത്രക്കാർക്ക് നടന്നുപോകാൻ സ്ഥലമുള്ളത്. എസ്കലേറ്ററിലേക്ക് കയറുന്ന ഭാഗത്തും വളരെ കുറച്ചു സ്ഥലം മാത്രമേയുള്ളൂ. ഇതിനിടയിലേക്കാണ് പലരും വന്നുവീണത്.
ഒഴിവായത് വൻ അപകടം
ട്രെയിനിറങ്ങി ജോലിസ്ഥലങ്ങളിലേക്ക് പോകാനുള്ള തിരക്കിലായിരുന്നു പലരും. ഇതിനിടയിൽ അപ്രതീക്ഷിതമായി എസ്‌കലേറ്റർ പിന്നിലേക്ക് കറങ്ങുകയായിരുന്നു. പരിഭ്രാന്തിക്കിടയിൽ ചിലർ വീണു. ഉടൻ തന്നെ ഇത് നിർത്താനായതിനാലാണ് വൻ അപകടം ഒഴിവായത്.
കിരൺ
യാത്രക്കാരൻ
Content Highlights: Escalator at Thiruvananthapuram Central reversed suddenly during peak hours., Passengers from Vanchinad Express were injured in the incident., Emergency intervention by a passenger prevented a major catastrophe., Allegations of poor maintenance and lack of railway staff presence at the scene., Overcrowding due to ongoing renovation work identified as a contributing factor.
Published: 07 May 2026, 08:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented