തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടുവിടാനും വന്നിറങ്ങുന്നവരെ വിളിച്ചുകൊണ്ടുപോകുന്നതിനുമെത്തുന്ന വാഹനങ്ങൾക്ക് താങ്ങാനാവാത്ത പാർക്കിങ് ഫീസ് ഏർപ്പെടുത്തി. വിമാനത്താവളം നടത്തിപ്പ് കമ്പനിയായ അദാനിയാണ് ഇരുചക്ര വാഹനങ്ങൾക്കും കാറുൾപ്പെടെ വാഹനങ്ങൾക്കും വലിയ തുക പാർക്കിങ് ഫീസായി ഏർപ്പെടുത്തിയത്. ഈ മാസം ഒന്നുമുതലാണ് പുതിയ നിരക്ക് ഏർപ്പെടുത്തിയത്. അദാനിയുടെ ഉടമസ്ഥതയിലുള്ള രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പുതിയ പാർക്കിങ് ഫീസ് ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തും നിരക്ക് കൂട്ടിയതെന്ന് അധികൃതർ അറിയിച്ചു. ഫീസ് വർധിപ്പിച്ചതിൽ യാത്രക്കാർക്കും ട്രേഡ്‌ യൂണിയനുകൾക്കും കടുത്ത പ്രതിഷേധമുണ്ട്.

To advertise here,

ഇരുചക്രവാഹനങ്ങൾക്ക് നേരത്തെ എട്ടുമിനിട്ടുവരെ സൗജന്യ പാർക്കിങ് നൽകിയിരുന്നു. പുതിയ നിരക്കനുസരിച്ച് ഇരുചക്ര വാഹനങ്ങൾക്ക് അരമണിക്കൂറുവരെ 50 രൂപയും ഒരുമണിക്കൂറിന് 100 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 100 രൂപ വീതവുമാണ് നൽകേണ്ടത്. 24 മണിക്കൂർ പാർക്ക് ചെയ്യുന്നതിന് 300 രൂപയും നൽകണം. ഓട്ടോറിക്ഷയ്ക്കും മൂന്നുചക്രവണ്ടികൾക്കും എട്ട് മിനിട്ടുവരെ 50 രൂപയാണ് വാങ്ങുക. അതേസമയം അരമണിക്കൂറിന് 80-ഉം ഒരു മണിക്കൂറിന് 100- ഉം നൽകണം. തുടർന്നുള്ള ഓരോ മണിക്കൂറിലും 150, 200, 250 എന്നിങ്ങനെയും നൽകേണ്ടിവരുമ്പോൾ ഒരു ദിവസത്തെ പാർക്കിങ്ങിന് 500 രൂപയുമാണ് വാങ്ങുക. 

സ്വകാര്യ നാലുചക്രവാഹനങ്ങൾക്ക് ആദ്യത്തെ എട്ട് മിനിട്ട് സൗജന്യമുണ്ട്. അരമണിക്കൂറിന്  150-ഉം ഒരുമണിക്കൂറിന് 200-ഉം തുടർന്നുള്ള ഓരോ മണിക്കൂറിനും 100 രൂപയും 24 മണിക്കൂറിന് 1000 രൂപയും നൽകണം. യാത്രക്കാരെ കൊണ്ടുവിടാൻ വരുന്ന നാലുചക്ര വാഹനങ്ങൾക്ക് എട്ട് മിനിട്ടിന് 50-ഉം അരമണിക്കൂറിന് 200 രൂപയുമാണ്. ഇത്തരത്തിൽ ഓരോ മണിക്കൂറിനും 100 രൂപ അധികമായി നൽകണം. 24 മണിക്കൂറിന് 1200 രൂപയും കൊടുക്കണം. ടാക്‌സി കാർ അടക്കമുള്ള നാലുചക്ര വാഹനങ്ങൾക്ക് എട്ട് മിനിട്ടിന് 180 രൂപയാണ് നിരക്ക്. അരമണിക്കൂറിന് 200 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിന് 100 രൂപവീതം അധികമായി കൊടുക്കണം. ടെമ്പോ, കാരവൻ, മിനിബസ്, ബസ്, കോച്ച്, ട്രക്ക് എന്നിവയ്ക്ക് എട്ടുമിനിട്ടുമുതൽ അരമണിക്കൂർ വരെ 600 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 200 രൂപ അധികമായി നൽകണം. 24 മണിക്കൂർ പാർക്ക്‌ ചെയ്യുന്നതിന് ഇത്തരം വാഹനങ്ങളിൽ നിന്ന് 3000 രൂപയുമാണ് നൽകേണ്ടത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര- ആഭ്യന്തര ടെർമിനലുകളിൽ ജോലിയെടുക്കുന്ന വിവിധ വിഭാഗങ്ങളിലെ തൊഴിലാളികൾക്കും താങ്ങാനാവാത്ത തരത്തിലുള്ള പാർക്കിങ് ഫീസാണ് ഏർപ്പെടുത്തിയത്.