തൃശ്ശൂർ: തെരുവിൽ അന്തിയുറങ്ങുമ്പോഴും പഠനത്തിൽ മികവുപുലർത്തിയ, കണ്ടശ്ശാംകടവിലെ ജോസഫ് മുണ്ടശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാംക്ലാസുകാരൻ വിശാലിന് സ്ഥിരം വീടൊരുങ്ങും. െഎ.സി.എൽ. ഫിൻകോർപ്പ് എം.ഡി.യും ചെയർമാനുമായ കെ.ജി. അനിൽകുമാറും സി.ഇ.ഒ.യും വൈസ് ചെയർമാനുമായ ഭാര്യ ഉമയും ചേർന്നാണ് വീട് നിർമിച്ചുനൽകുക. ഇതുസംബന്ധിച്ച ഉറപ്പ് മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, ഗീതാ ഗോപി എം.എൽ.എ., തൃശ്ശൂർ ജില്ലാപഞ്ചായത്തംഗം കെ.പി. സന്ദീപ് എന്നിവർക്ക് ലഭിച്ചു. വിശാലിന്റെ ജീവിതം മാതൃഭൂമിയിലൂടെയാണ് സമൂഹം അറിഞ്ഞതും സഹായങ്ങൾക്ക് വഴിയൊരുങ്ങിയതും.

To advertise here,

വിശാലിനും രണ്ട് അനിയത്തിമാർക്കും പഠനം തുടരാനുള്ള സഹായം കിട്ടാൻ അക്കൗണ്ട് തുറന്നു. സ്‌കൂൾ പ്രിൻസിപ്പൽ, പി.ടി.എ. പ്രസിഡന്റ് എന്നിവർ ചേർന്നാണ് ബാങ്ക് ഒാഫ് ഇന്ത്യയുടെ കണ്ടശ്ശാംകടവ് ശാഖയിൽ അക്കൗണ്ട് തുറന്നത്. ഇതിലേക്കുള്ള ആദ്യസഹായമായി ഒരുലക്ഷം രൂപ പെരിങ്ങാവ് സ്വദേശി എം.എൻ. നാരായണൻകുട്ടിയും ഭാര്യ രമാദേവിയും ചേർന്ന് നൽകി.

വിശാലിന് പഠനത്തിനുപയോഗിക്കാനായി ടി.പി. രവികുമാർ മൊബൈൽ ഫോൺ നൽകി.

വിശാലിനും അമ്മ സരിതയ്ക്കും സ്ഥിരം വീടാകുന്നതുവരെ താമസിക്കാനായി അന്തിക്കാടിനടുത്ത് പാന്തോട്ടിൽ വാടകവീട് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ മഹിളാമന്ദിരത്തിലാണ് സരിത. വിശാൽ, ശിശുക്ഷേമസമിതിയുടെ ഹോസ്റ്റലിലും. ഇവരെ ഇൗയാഴ്‌ച വാടകവീട്ടിലേക്ക് മാറ്റും. സ്ഥിരം വീടായാൽ രണ്ട് അനിയത്തിമാരെയും വീട്ടിലേക്ക് കൊണ്ടുവരും. തൃശ്ശൂർ ടൗണിലെ അനാഥാലയത്തിലാണ് അനിയത്തിമാരുള്ളത്. ചൊവ്വന്നൂരിലുണ്ടായ തർക്കത്തിൽ അച്ഛൻ ശിവ ഒരുവർഷംമുമ്പ് മരിച്ചു. അമ്മ സരിതയും വിശാലും അന്തിയുറങ്ങിയിരുന്നത് തൃപ്രയാർ ക്ഷേത്രത്തിനടുത്ത ദേവസ്വം ശൗചാലയത്തിന്റെ തിണ്ണയിലായിരുന്നു.

അക്കൗണ്ട് വിവരം: പേര്- വിശാൽ സഹായനിധി, ബാങ്ക് ഒാഫ് ഇന്ത്യ, കണ്ടശ്ശാംകടവ് ശാഖ. അക്കൗണ്ട് നമ്പർ-855210210000047, െഎ.എഫ്.എസ്.സി. ബി.കെ.െഎ.ഡി. 0008552