തിരുവനന്തപുരം: വിമാനത്താവളത്തിലേക്ക് ഇറങ്ങുന്ന ആകാശപാതയിൽ ‘അജ്ഞാത വസ്തു’ ഉയർന്നുനിന്നത്, തിരുവനന്തപുരം വിമാനത്താവളത്തിൽ അരമണിക്കൂറോളം പരിഭ്രാന്തി പരത്തി. ഇറങ്ങാനെത്തിയ രണ്ടു വിമാനങ്ങൾ ഇതുകാരണം ആകാശത്ത് വട്ടംകറങ്ങി. പൈലറ്റുമാരാണ് വിമാനപാതയിൽ അജ്ഞാതവസ്തു ഉയർന്നുനിൽക്കുന്ന വിവരം എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചത്.

To advertise here,

തുടർന്ന് പോലീസും വിമാനത്താവള ഉദ്യോഗസ്ഥരും നടത്തിയ തിരച്ചിലിലാണ് വിമാനത്താവളത്തിനു ചേർന്നുള്ള പറമ്പിൽ കൂറ്റൻ ക്രെയിനിന്റെ കൈ ഉയർന്നുനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ക്രയിനിന്റെ ബൂം താഴ്ത്തിയശേഷമാണ് വിമാനങ്ങൾ ലാൻഡ് െചയ്തത്. വള്ളക്കടവു ഭാഗത്തുള്ള റൺവേ 32-ന്റെ വ്യോമപാതയിൽ ഏതാണ്ട് അൻപത്‌ മീറ്ററോളം ഉയർന്നുനിന്ന ക്രയിനിന്റെ ബൂം വൻ അപകട ഭീഷണിയാണ് ഉയർത്തിയത്.

ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. വ്യോമസേനയുടെ എ.748 എന്ന സൈനിക വിമാനവും തൊട്ടുപിറകെ മാലദ്വീപിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോയുടെ 6E1130 വിമാനവുമാണ് ഈ സമയം ഇറങ്ങാനെത്തിയത്.

ദേശീയപാതയിലെ മുട്ടത്തറ ബെവറജസ്‌ ഔട്ട്‌ലെറ്റിനു സമീപത്തുള്ള പറമ്പിലാണ് കൂറ്റൻ ക്രെയിൻ നിർത്തിയിട്ടിരുന്നത്. വളരെ താഴ്‌ന്ന്‌ ലാൻഡിങ് നടക്കുന്ന വിമാനത്താവളത്തിൽ വലിയ അപകടഭീഷണിയാണ് ഇതുയർത്തിയത്. പതിനാറുനിലവരെയുള്ള കെട്ടിടത്തിന്റെ ഉയരത്തിലാണ് ക്രയിൻ നിലയുറപ്പിച്ചത്.