കൊച്ചി: ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കൗമാരക്കാർ പ്രായത്തിന്റെ ആനുകൂല്യത്തിൽ നിയമ പഴുതുകളിലൂടെ രക്ഷപ്പെടുന്ന അവസ്ഥ മാറണമെന്ന് നിയമ-സാമൂഹിക-മാനസികാരോഗ്യ രംഗത്തെ വിദഗ്ധർ. ജുവനൈൽ നീതിന്യായ വ്യവസ്ഥയിൽ സമഗ്രമായ മാറ്റം ആവശ്യപ്പെട്ട് ആരംഭിച്ച ജനകീയ മുന്നേറ്റമായ ‘ഭദ്രപക്ഷം’ കാംപെയ്ന്റെ ഭാഗമായി ചേരാനല്ലൂരിൽ സംഘടിപ്പിച്ച അഭിപ്രായ രൂപവത്കരണ സെമിനാറിലാണ് ഈ ആവശ്യമുയർന്നത്. ക്രിമിനൽ ബാധ്യത നിർണയിക്കുന്നതിനുള്ള നിയമപരമായ പ്രായപരിധി 18-ൽനിന്ന് 15 വയസ്സായി കുറയ്ക്കണമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.

To advertise here,

നിർഭയ കേസിൽ ക്രൂരമായ പീഡനം നടത്തിയ ജുവനൈൽ പ്രതിക്ക് ലഭിച്ചത് മൂന്ന് വർഷത്തെ ശിക്ഷ മാത്രമാണെന്നും, അടുത്തിടെ പുണേയിൽ വാഹനം ഇടിപ്പിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ 17 വയസ്സുകാരനോട് ഉപന്യാസം എഴുതാൻമാത്രം കോടതി ആവശ്യപ്പെട്ടത് നിയമവ്യവസ്ഥയുടെ വലിയ പോരായ്മയാണെന്നും നിയമവിദഗ്ധൻ അഡ്വ. എ. ജയശങ്കർ അഭിപ്രായപ്പെട്ടു. വളരെ ശാന്തമായ ഒരു സാഹചര്യത്തിൽ രൂപവത്കരിച്ച നിയമങ്ങളാണ് സങ്കീർണമായ ഇന്നത്തെ സാഹചര്യങ്ങളിൽ പ്രായോഗികമാക്കാൻ ശ്രമിക്കുന്നതെന്ന് സൈക്കോളജിസ്റ്റ് ഡോ. അശ്വതി ആനന്ദ് പറഞ്ഞു. ഇന്നത്തെ തലമുറയ്ക്ക് നിയമത്തെക്കുറിച്ച് അറിവോ ഭയമോ ഇല്ലെന്നും, പോലീസ് സ്റ്റേഷനിൽ എത്തിയാൽ പോലും യാതൊരു കൂസലുമില്ലാതെ പെരുമാറുന്ന അവസ്ഥയാണുള്ളതെന്നും അഡ്വ. കാർത്തിക മരിയ പറഞ്ഞു.

ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന കുട്ടികളെ കൃത്യമായ വിലയിരുത്തലുകൾ പോലുമില്ലാതെ ജുവനൈൽ ബോർഡുകൾ നിസ്സാര വ്യവസ്ഥകളിൽ വെറുതേ വിടുന്ന അവസ്ഥയാണുള്ളതെന്നും, ഇത് ഇരകൾക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും കോട്ടയം സ്വദേശി ജോൺസൺ ജോർജ് തന്റെ അനുഭവം മുൻനിർത്തി വിശദീകരിച്ചു. സാങ്കേതിക അറിവും എക്‌സ്‌പോഷറും ലഭിക്കുന്ന പുതുതലമുറയെ നേർവഴിക്ക് നയിക്കാൻ നിയമങ്ങളും വിദ്യാഭ്യാസ സമ്പ്രദായവും മാറേണ്ടതുണ്ടെന്ന് എറണാകുളം സെയ്ന്റ് തെരേസാസ് കോളേജ് യൂണിയൻ ചെയർപേഴ്‌സൺ മേഘ മരിയ ജോസ് പറഞ്ഞു. പഴയ കാലത്ത് രൂപവത്കരിച്ച നിയമങ്ങൾ ഇന്നത്തെ കാലത്ത് പ്രായോഗികമല്ലെന്ന് ചേരാനല്ലൂർ ഗ്രാമപ്പഞ്ചായത്തംഗം കെ.ജി. രാജേഷ് ചൂണ്ടിക്കാട്ടി.

ജെയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ഡോ. ടോം ജോസഫ് മോഡറേറ്ററായ സെമിനാറിൽ, 17-കാരൻ ഓടിച്ച കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയും പ്രസംഗിച്ചു.