പാലക്കാട്/ആനക്കര: മുസ്‌ലിംലീഗിന്റെ മൂന്ന് അംഗങ്ങളും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതോടെ ആനക്കര പഞ്ചായത്തിന്റെ ഭരണനേതൃത്വം സി.പി.എമ്മിന്. കോൺഗ്രസിന്റെ പി.എൻ. അംബികയെ ഒരു വോട്ടിന് പരാജയപ്പെടുത്തി സി.പി.എമ്മിലെ എം.വി. ജംസീന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പി. അംഗം തിരഞ്ഞെടുപ്പു നടപടികളിൽ പങ്കെടുത്തെങ്കിലും വോട്ട് രേഖപ്പെടുത്തിയില്ല.
ലീഗ് അംഗങ്ങളായ സൽമാ ബഷീർ, സീനത്ത് പുളിക്കൽ, ഷീബ പുളിക്കൽ എന്നിവരാണ് വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നത്. ഇതിൽ സീനത്ത് പുളിക്കൽ നിലവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. നേരത്തേ യു.ഡി.എഫിൽനിന്ന് പ്രസിഡന്റായിരുന്ന പി.എൻ. അംബിക അവിശ്വാസപ്രമേയം പാസായതിനെത്തുടർന്ന് രാജിവെച്ചപ്പോൾ പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്നതും സീനത്ത് പുളിക്കലായിരുന്നു.
17 അംഗ ഭരണസമിതിയിൽ സി.പി.എമ്മിന് ഏഴും കോൺഗ്രസിന് ആറും മുസ്‌ലിംലീഗിന് മൂന്നും ബി.ജെ.പി.ക്ക് ഒന്നും അംഗങ്ങളാണുള്ളത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജംസീനയ്ക്ക് ഏഴും അംബികയ്ക്ക് ആറും വോട്ടുകൾ ലഭിച്ചു. ഇതോടെ പഞ്ചായത്തിലെ ദിവസങ്ങൾനീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായി.
പഞ്ചായത്തിലെ താത്കാലിക ജീവനക്കാരന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കോൺഗ്രസും മുസ്‌ലിംലീഗും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയത്. യു.ഡി.എഫ്. ധാരണകൾക്കു വിരുദ്ധമായ തീരുമാനങ്ങൾ പാസാക്കാൻ കോൺഗ്രസ് നേതൃത്വം ബി.ജെ.പി. അംഗത്തിന്റെ പിന്തുണ തേടിയെന്നായിരുന്നു മുസ്‌ലിംലീഗിന്റെ ആരോപണം. ഈ ഭിന്നത ഭരണപ്രതിസന്ധിയിലേക്കും പ്രസിഡന്റ് പി.എൻ. അംബികയ്ക്കെതിരായ അവിശ്വാസപ്രമേയത്തിലേക്കും നീങ്ങുകയായിരുന്നു.
സി.പി.എമ്മിന്റെ ഏഴും മുസ്‌ലിംലീഗിന്റെ മൂന്നും അംഗങ്ങൾ ഒരുമിച്ചുനിന്നതോടെ പത്തുപേരുടെ പിന്തുണയിൽ അവിശ്വാസപ്രമേയം പാസായി. അവിശ്വാസപ്രമേയത്തിൽ സി.പി.എമ്മിനൊപ്പം നിന്നതോടെ മുസ്‌ലിംലീഗ് സംസ്ഥാനനേതൃത്വം ആനക്കരയിലെ പ്രാദേശികനേതൃത്വത്തിനെതിരേയും പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരേയും അച്ചടക്കനടപടി സ്വീകരിച്ചിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചപ്പോൾ പി.എൻ. അംബികയെത്തന്നെ വീണ്ടും സ്ഥാനാർഥിയാക്കാനായിരുന്നു കോൺഗ്രസ് തീരുമാനം. ഇതിനോട് മുസ്‌ലിംലീഗ് യോജിച്ചില്ല. ഇതോടെ തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ ലീഗ് തീരുമാനിച്ചു. തിങ്കളാഴ്ച കോൺഗ്രസ്, ലീഗ് അംഗങ്ങൾ വിട്ടുനിന്നതോടെ ക്വാറം തികയാതെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. തുടർന്നാണ് ചൊവ്വാഴ്ച വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്.
Content Highlights: CPIM candidate M.V. Jamseena elected as Anakkara panchayat president., IUML members abstained from voting, leading to Congress defeat., Political crisis resolved after days of uncertainty over temporary staff reappointment dispute.
Published: 18 Nov 2026, 08:25 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented