കോഴിക്കോട്: ആര്‍.എസ്.എസ്. നേതാവിനെ വിവാഹം ചെയ്ത സി.പി.എം. പഞ്ചായത്ത് അംഗം രാജിവെച്ചു. തിക്കോടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് അംഗം ശ്രീലക്ഷ്മി കൃഷ്ണയാണ് വിവാഹത്തിന് പിന്നാലെ മെമ്പര്‍ സ്ഥാനം രാജിവെച്ചത്. 

To advertise here,

കഴിഞ്ഞദിവസമാണ് കണ്ണൂര്‍ ഇരിട്ടിയിലെ ആര്‍.എസ്.എസ്. ശാഖ മുന്‍ മുഖ്യശിക്ഷകായ യുവാവും ശ്രീലക്ഷ്മിയും വിവാഹിതരായത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരും പയ്യോളി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ഇതിനുപിന്നാലെയാണ് തിക്കോടി പഞ്ചായത്ത് ഓഫീസിലെത്തി ശ്രീലക്ഷ്മി രാജി സമര്‍പ്പിച്ചത്. 

2020-ലെ തിരഞ്ഞെടുപ്പില്‍ 526 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശ്രീലക്ഷ്മി അഞ്ചാംവാര്‍ഡായ പള്ളിക്കര സൗത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞദിവസം ഇവര്‍ രാജി സമര്‍പ്പിച്ചതോടെ പള്ളിക്കര സൗത്തില്‍ ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങിയിരിക്കുകയാണ്. തിക്കോടി പഞ്ചായത്തില്‍ എല്‍.ഡി.എഫിന് പത്തും യു.ഡി.എഫിന് ഏഴും സീറ്റുകളാണുള്ളത്. അതിനാല്‍തന്നെ ശ്രീലക്ഷ്മിയുടെ രാജിയും ഉപതിരഞ്ഞെടുപ്പും എല്‍.ഡി.എഫിന് ഭീഷണിയാകില്ല.