തൃശ്ശൂർ: തൃശൂർ പൂരം അലങ്കോലമായതിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന റിപ്പോർട്ട് അം​ഗീകരിക്കാനാവില്ലെന്ന് സി.പി.ഐ. നേതാവും തൃശ്ശൂരിലെ ഇടതുപക്ഷ സ്ഥാനാർഥിയുമായിരുന്ന വി. എസ്. സുനിൽകുമാർ. ഒരു കമ്മിഷണർ മാത്രം വിചാരിച്ചാൽ പൂരം കലക്കാനാകില്ല. ഇതിന് പിന്നിൽ വ്യക്തമായ ​ഗൂഢാലോചനയും ഇടപെടലുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

To advertise here,

റിപ്പോർട്ട് ഇതുവരെ കണ്ടിട്ടില്ല. കാണാതെ പ്രതികരിക്കാനാവില്ലെന്നാണ് ഇപ്പോഴും പറയാനുള്ളത്. പൂരം കലക്കിയതിന് പിന്നിൽ ആസൂത്രണമുണ്ടെന്ന് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. 1200 പേജുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. അതിനാൽ, കാര്യം വ്യക്തമായി മനസ്സിലാക്കാതെ പറയാനാകില്ലെന്നും സുനിൽകുമാർ വ്യക്തമാക്കി. 

പൂരം അട്ടിമറിക്കാൻ ​ഗൂഢാലോചന നടന്നിട്ടില്ലെന്ന വാദം തിരുവമ്പാടി ദേവസ്വം പ്രതിനിധി കെ. ​ഗിരീഷ് കുമാറും തള്ളി. പരിചയസമ്പന്നരായ പോലീസ് ഉദ്യോ​ഗസ്ഥരെ കൊണ്ടുവരണമെന്ന് നേരത്തെ ദേവസ്വങ്ങൾ ആവശ്യപ്പെട്ടിരുന്നു. 10-15 കൊല്ലം പൂരം നടത്തിയ ഉദ്യോ​ഗസ്ഥർ കേരളത്തിലുണ്ട്. 

ഗൂഢാലോചന നടന്നിട്ടുണ്ട്. പൂരദിവസം 12 മണി വരെയാണ് പ്രദർശന​ഗരിയിൽ ടിക്കറ്റ് നൽകുക. ഇത്, പത്തുമണിയോടെ അടച്ച് ഇനി ആരും കയറേണ്ടതില്ലെന്ന് പറഞ്ഞു. പൂരപ്പറമ്പിൽ ആനകൾ വന്ന് നിൽക്കുമ്പോഴാണ് ആനകളെ പരിശോധിക്കണമെന്ന നിർദേശം വരുന്നത്. എല്ലാ ഫിറ്റ്നസും കിട്ടിയ ആനകളെ മാത്രമാണ് പൂരത്തിന് എഴുന്നള്ളിപ്പിക്കാറ്. ഇതെല്ലാം ബുദ്ധിമുട്ടിക്കുന്നത് സംഘാടകരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.