കൊച്ചി: കോവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതശരീരം പുഴുവരിച്ചതായി പരാതി. കൊമ്പനാട് കയ്യാലക്കുടി വീട്ടിൽ കുഞ്ഞുമോന്റെ(85) മൃതശരീരമാണ് പുഴുവരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

To advertise here,

സംഭവവുമായി ബന്ധപ്പെട്ട് കളമശ്ശേരി മെഡിക്കൽ കോളേജ് അധികൃതരുടെ അനാസ്ഥയാണ് കാരണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും മകൻ അനിൽകുമാർ പരാതി നൽകി.

ആഗസ്റ്റ് 29-നാണ് കോവിഡ് ബാധിച്ച് കുഞ്ഞുമോനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അമ്പലമുകൾ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കും അവിടെനിന്ന് ആറാം തീയതി കളമശ്ശേരി സഹകരണ മെഡിക്കൽ കോളേജിലേക്കും മാറ്റി. തുടർന്ന് പതിനാലാം തീയതി രാത്രി പന്ത്രണ്ട് മണിയോടെ മരണവിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. പതിനഞ്ചാം തീയതി ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മൃതദേഹം വീട്ടുകാർക്ക് വിട്ടുകിട്ടിയത്.

തുടർന്ന് പെരുമ്പാവൂർ നഗരസഭയുടെ മലമുറിയിലുള്ള പൊതുശ്മശാനത്തിൽ ദഹിപ്പിക്കുന്നതിനുവേണ്ടി കൊണ്ടുവന്നപ്പോഴാണ് മൃതശരീരം പുഴുവരിച്ചതായി കണ്ടത്. മൃതദേഹത്തിന്റെ വായിൽനിന്നും പുഴുവരിക്കുന്നതായി കാണുകയായിരുന്നു. കോവിഡ് പോസിറ്റീവ് ആയതിനാൽ മതദേഹത്തിന് പുറത്ത് കവർ ഉണ്ടായിരുന്നു. അതിലും പുഴു ഇരിക്കുന്നതായി കണ്ടു. എന്നാൽ അന്നേരത്തെ വിഷമത്തിൽ മറ്റൊന്നും ചിന്തിക്കാതെ മൃതദേഹം വേഗത്തിൽ സംസ്കരിക്കുകയായിരുന്നു. അച്ഛൻ തീരെ മെലിഞ്ഞ ആളായിരുന്നു. പക്ഷേ, മുഖമൊക്കെ ചീർത്ത് ശരീരമാകെ വീർത്ത പോലെ ആയിരുന്നു മൃതദേഹം.- മകൻ അനിൽകുമാർ പറഞ്ഞു.

അതേസമയം, ഇത്തരമൊരു സംഭവം ഉണ്ടായതായി അറിയില്ലെന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

അച്ഛന്റെ വസ്ത്രം മറ്റൊരാൾ അലക്കുന്നത് പോലും ഇഷ്ടമില്ലായിരുന്നു. സ്വന്തമായിട്ടാണ് എല്ലാ കാര്യവും ചെയ്തിരുന്നത്. ആ അച്ഛനെ പുഴുവരിച്ച നിലയിൽ കണ്ട കാഴ്ച സഹിക്കാനാകുന്നതല്ല. മരണവിവരം അറിയുന്നതിന് തലേ ദിവസവും മരുന്ന് വേണമെന്ന് അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുകൊടുത്തു. ഏകദേശം അയ്യായിരത്തോളം രൂപയുടെ മരുന്നുകൾ മരണ വിവരം അറിയുന്നതിന് രണ്ട് ദിവസത്തിനുള്ളിൽ വാങ്ങി കൊടുത്തിട്ടുണ്ട്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട കളമശ്ശേരി മെഡിക്കൽ കോളേജിലെ അച്ഛനെ പരിശോധിച്ച ഡോക്ടറെ വിളിച്ചപ്പോൾ മരണപ്പെട്ട ദിവസം ഡോക്ടർ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നും മറ്റൊരു ഡോക്ടറാണ് നോക്കിയതെന്നുമാണ് പറഞ്ഞത്. പക്ഷേ എന്താണ് സംഭവിച്ചതെന്ന് ഡോക്ടർക്ക് കൃത്യമായി അറിയാമായിരിക്കണം. ഇത്തരത്തിൽ ഇനി ആർക്കും സംഭവിക്കരുത് എന്നുള്ളത് കൊണ്ടാണ് അധികാരികൾക്ക് പരാതി നൽകിയതെന്നും അനിൽ കുമാർ പറയുന്നു.

Content Highlights:the worm was coming out from the dead body of covid positive patient