പഴഞ്ഞി: ''ഞങ്ങള്‍ ആനപ്പാപ്പാന്മാരാകാന്‍ നാടുവിടുന്നു'' -കത്തെഴുതി കൂട്ടുകാരന് നല്‍കി മൂന്ന് എട്ടാംക്ലാസുകാര്‍ യാത്ര പുറപ്പെട്ടു. കുഞ്ഞുമനസ്സില്‍ തോന്നിയ ആനഭ്രാന്ത് വീട്ടുകാരെയും സ്‌കൂള്‍ അധികൃതരെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയത് പത്തു മണിക്കൂര്‍. ഒടുവില്‍ തെച്ചിക്കോട്ടുകാവിലെ പേരെടുത്ത ആനയ്ക്ക് സമീപത്തുനിന്ന് മൂവരെയും കണ്ടുകിട്ടി.
വ്യാഴാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ട സമയത്ത് കൂട്ടുകാരന്റെ കൈയില്‍ മൂവരും ചേര്‍ന്ന് കത്ത് നല്‍കുകയായിരുന്നു. ഉള്ളടക്കം കണ്ട കൂട്ടുകാരന്‍ ഉടന്‍ അധ്യാപികയ്ക്ക് കൈമാറി. അധ്യാപിക രക്ഷിതാക്കളെ വിവരമറിയിച്ചു. വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതെയായതോടെ അന്വേഷണമായി. കുന്നംകുളത്ത് ബസ് ജീവനക്കാരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ തൃശ്ശൂര്‍ ബസില്‍ കയറി പേരാമംഗലത്ത് ഇറങ്ങിയതായി വിവരം ലഭിച്ചു. പേരാമംഗലം തെച്ചിക്കോട്ടുക്കാവില്‍ ആനയുള്ളതിനാല്‍ അന്വേഷണം അങ്ങോട്ടായി. ആനത്തറയിലെത്തിയ കുട്ടികള്‍ പാപ്പാന്മാരോട് ''ഞങ്ങളെ ആനപ്പാപ്പാന്മാരാക്കുമോ'' എന്ന് ചോദിച്ചതായി അറിഞ്ഞു. സ്ഥിരം കേള്‍ക്കുന്ന ചോദ്യമായതിനാല്‍ പാപ്പാന്‍മാര്‍ നിരുത്സാഹപ്പെടുത്തി തിരിച്ചയച്ചു.
ഇതിനിടെ ആനപ്രേമികളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം കൈമാറി. തെച്ചിക്കോട്ടുകാവിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അവിടെയെത്തുന്ന ദൃശ്യങ്ങള്‍ ലഭിച്ചു.
എന്നാല്‍, പുറത്തു കടക്കുന്ന ദൃശ്യങ്ങളില്ലായിരുന്നു. പുലര്‍ച്ചെ നാലോടെ പേരാമംഗലം ക്ഷേത്രമൈതാനത്ത് നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസില്‍നിന്ന് ഒരു കുട്ടി ഇറങ്ങുന്നത് നാട്ടുകാരന്റെ ശ്രദ്ധയില്‍പ്പെട്ടു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞതിനു പിന്നാലെ ബസില്‍നിന്ന് മറ്റ് രണ്ടുപേരെയും കണ്ടെത്തി. നാട്ടുകാര്‍ കുട്ടികളെ പോലീസില്‍ ഏല്‍പ്പിച്ചു. രാവിലെ കോടതിയില്‍ ഹാജരാക്കി രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു.
Content Highlights: The 8th graders who left for become mahout were found in the tourist bus
Published: 24 Sept 2022, 08:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented