താമരശ്ശേരി: വാഹനബാഹുല്യവും ട്രാഫിക് നിയമലംഘനങ്ങളും പാതയോരത്ത് മുറിച്ചിട്ട മരങ്ങൾ കയറ്റുന്നതും കാരണം താമരശ്ശേരി ചുരംപാതയിൽ യാത്രാദുരിതം തുടർക്കഥ. തിങ്കളാഴ്ച പുലർച്ചെമുതൽ വൈകീട്ടുവരെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ചുരംപാതയിൽ അനുഭവപ്പെട്ടത്. കുരുക്കിൽ കുടുങ്ങിയ വാഹനനിരയുടെ ദൈർഘ്യം ലക്കിടിമുതൽ അടിവാരം വരെ നീണ്ടു.

To advertise here,

പുലർച്ചെ അഞ്ചരയോടെ ചുരം കയറുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ചരക്കുലോറി ആറാംവളവിന് സമീപം കയറ്റംകയറാനാവാതെ നിന്നുപോയത് കുറച്ചുനേരത്തേക്ക് ഗതാഗതതടസ്സമുണ്ടാക്കി. തിരക്കൊഴിഞ്ഞസമയത്ത് ഏറെ പിന്നോട്ടിറക്കിയ ശേഷം വാഹനം പിന്നീട് മുകളിലേക്കുകയറ്റി കടന്നുപോവുകയായിരുന്നു. ഹെയർപിൻ വളവുകളുടെ നവീകരണത്തിനായി താഴ്ചയിൽ മുറിച്ചിട്ട മരങ്ങൾ ട്രാക്ടർ ഉപയോഗിച്ച് എട്ടാംവളവിലെ പാതയോരത്തേക്ക് കയറ്റുന്ന പ്രവൃത്തിയുടെ ഭാഗമായി ചുരത്തിൽ ഇടയ്ക്കിടെ ഭാഗിക ഗതാഗതതടസ്സം നേരിട്ടു. മരങ്ങൾ മുകളിലേക്കുകയറ്റുന്ന സമയത്ത് ഇരുദിശകളിലും വാഹനങ്ങൾ പിടിച്ചിട്ടശേഷം ഒറ്റവരിയായി വാഹനങ്ങൾ കടത്തിവിടുകയായിരുന്നു.

ഇങ്ങനെ വാഹനങ്ങൾ പിടിച്ചിടുന്നതിനിടെ വലുപ്പ, ചെറുപ്പ ഭേദമില്ലാതെപല വാഹനങ്ങളും വരിതെറ്റിച്ച് മുന്നിൽക്കടന്നത് ചുരത്തിൽ പലപ്പോഴും ഗതാഗത സ്തംഭനത്തിനിടയാക്കി.

കാറുകളും, തീർഥാടകരെ വഹിച്ചുള്ള അയൽസംസ്ഥാനങ്ങളിലെ ട്രാവലറുകളും, ഗുഡ്സ് വാഹനങ്ങളും സ്വകാര്യ ബസുകളും വരെ പലപ്പോഴായി വരിതെറ്റിച്ച് മറികടന്ന് ഗതാഗതതടസ്സമുണ്ടാക്കി. ഇതേത്തുടർന്ന് ഗതാഗതക്കുരുക്ക് സ്തംഭനമായതോടെ രോഗികളെയും വഹിച്ചെത്തിയ ആംബുലൻസുകൾ ഉൾപ്പെടെ ഏറെനേരം കുരുക്കിൽ കുടുങ്ങി. പലർക്കും രണ്ടും മൂന്നും മണിക്കൂറുകളെടുത്താണ് പതിമ്മൂന്ന് കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ചുരംപാത താണ്ടാനായത്.