താമരശ്ശേരി: ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ പുറകിലെ ചക്രത്തിന്റെ ബ്രേക്ക് ലൈനർ കത്തി തീപടർന്നു. വയനാട്ടിൽനിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന സുൽത്താൻ ബത്തേരി ഡിപ്പോയുടെ കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസിനടിയിലാണ് തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ ചെറിയതോതിൽ തീപിടിച്ചത്. ഈ സമയം എതിരേ കടന്നുപോയ ആംബുലൻസിന്റെ ഡ്രൈവറുടെ അവസരോചിത ഇടപെടലാണ് തീ പടർന്ന് പിടിക്കാതെ അത്യാഹിതമൊഴിവാക്കിയത്. പുറകുവശത്തെ ചക്രത്തിന്റെ ഭാഗത്ത് തീ പടരുന്നതുകണ്ട അടിവാരം സ്വദേശി ചിറക്കൽ ഫൈസൽ ചിപ്പിലിത്തോട് ജങ്ഷനിൽ വെച്ച് ആംബുലൻസ് തിരിച്ച് ബസിന് പുറകെ പോയി. തുടർന്ന് ബസ് തടഞ്ഞ് നിർത്തി ജീവനക്കാരെ കാര്യം അറിയിക്കുകയുമായിരുന്നു. 

To advertise here,

ബസിന് അടിവശത്തുനിന്ന് പുകയുയരുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ കണ്ടക്ടർ വയനാട് അമ്പലവയൽ സ്വദേശി മോഹൻദാസും ഡ്രൈവർ മുട്ടിൽ സ്വദേശി ലത്തീഫും യാത്രക്കാരെ പുറത്തിറക്കി. ബസിനകത്തുണ്ടായിരുന്ന ഫയർ എക്സ്റ്റിങ്ഗ്വിഷർ എടുത്ത് ബസിനടിഭാഗത്തേക്ക് അടിച്ചു. പുകയടങ്ങാതെ വന്നതോടെ ഫൈസലിന്റെ ആംബുലൻസിലെയും ആ സമയം അതുവഴിവന്ന ഒരു ടൂറിസ്റ്റ് ബസിലെയും ഫയർ എക്സ്റ്റിങ്ഗ്വിഷർ ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. പിന്നീട് വിവരമറിഞ്ഞ് മുക്കം ഫയർസ്റ്റേഷനിലെ അസി.സ്റ്റേഷൻ ഓഫീസർ എൽ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേനയുമെത്തി. ബസിലെ യാത്രക്കാരെ തൊട്ടുപിറകെവന്ന കെ.എസ്.ആർ.ടി.സി. ബസുകളിൽ കയറ്റിവിട്ടു.