
താമരശ്ശേരി: കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയിലെ താമരശ്ശേരി ചുരത്തില്‍ ചൊവ്വാഴ്ച രാത്രി ഏഴുമണിക്കുണ്ടായ അതിരൂക്ഷമായ മണ്ണിടിച്ചിലിന് കാരണമായത് വ്യൂപോയിന്റില്‍ റോഡരികിന് ഇടതുവശത്തെ കൂറ്റന്‍പാറക്കെട്ടിന്റെ ബലക്ഷയമെന്ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കണ്ടെത്തല്‍. പാറക്കെട്ടിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന മരങ്ങളുടെ വേരുകള്‍ ആഴത്തില്‍ ഊഴ്ന്നിറങ്ങുകയും മഴയത്ത് നീര്‍ച്ചോലയില്‍ നിന്നുള്ള വെള്ളം വിള്ളലുകളിലൂടെ അരിച്ചിറങ്ങിയപ്പോഴുണ്ടായ ജലമര്‍ദം, ചെങ്കുത്തായ ചരിവുള്ള പാറക്കെട്ടിന്റെ പ്രകൃതം, കുറേക്കാലം മുമ്പ് മുകള്‍ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്റെ തുടര്‍ച്ച എന്നിവയെല്ലാം ചൊവ്വാഴ്ചത്തെ വലിയ മണ്ണിടിച്ചിലിന് വഴിയൊരുക്കിയെന്നാണ് വിലയിരുത്തല്‍.
ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് വയനാട് ജില്ലാ ജിയോളജിസ്റ്റ് ടി.എം. ഷെല്‍ജുമോന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധിച്ചത്. സോയില്‍ കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ടമെന്റ് അസി. എന്‍ജിനിയര്‍ എം. സിയൂസ്, വയനാട് ജില്ലാ ഹാസാര്‍ഡ് അനലിസ്റ്റ് പി. അരുണ്‍, കല്പറ്റ ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ അര്‍ജുന്‍ എന്നിവരുടെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേനാംഗങ്ങള്‍, കല്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ഹാഷിഫിന്റെ നേതൃത്വത്തിലെ വനപാലകര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. വയനാട് ഗേയ്റ്റിന് സമീപത്തെ വഴിയിലൂടെ മുകളിലേക്ക് കയറിയശേഷം മണ്ണിടിച്ചിലുണ്ടായഭാഗത്തുനിന്ന് അഗ്‌നിരക്ഷാസേന താഴേക്ക് വടം കെട്ടിയിറക്കി ജിയോളസ്റ്റ് ഉള്‍പ്പെടെയുള്ളവര്‍ താഴേക്കിറങ്ങി സാഹസികമായായിരുന്നു ഇടിച്ചിലുണ്ടായ ഭാഗത്തേയും മുകളിലത്തേയും സ്ഥിതി പരിശോധിച്ചത്.
കാലാവസ്ഥകൊണ്ടും സാഹചര്യങ്ങളാലും ബലക്ഷയം നേരിട്ട പാറക്കെട്ടാണ് (വെതേര്‍ഡ് റോക്ക്) കഴിഞ്ഞദിവസം മണ്ണിനും മരങ്ങള്‍ക്കുമൊപ്പം ഇടിഞ്ഞുവീണതെന്ന് ടി.എം. ഷെല്‍ജുമോന്‍ അറിയിച്ചു. പാറകളുടെ ബലക്ഷയം, അവയ്ക്ക് മുകളില്‍ നിലനില്‍ക്കുന്ന മരങ്ങളുടെ അസംഖ്യം വേരുകള്‍, പാറകളുടെ വിടവുകള്‍ക്കിടയിലൂടെ കാലാകാലമായി ഊര്‍ന്നിറങ്ങിയ വെള്ളം, കുത്തനെയുള്ള ആകൃതി, ഭൂഗുരുത്വാകര്‍ഷണം തുടങ്ങിയവയെല്ലാം ചാറ്റല്‍മഴയ്ക്കിടെ മണ്ണിടിച്ചിലിന് വഴിയൊരുക്കിയതായി അദ്ദേഹം വ്യക്തമാക്കി.
പാറക്കെട്ടിന്റെ വിള്ളലുകള്‍ക്കിടയിലൂടെ മരങ്ങളുടെ വേരുകള്‍ ആഴ്ന്നിറങ്ങി പാറകള്‍ക്കിടയിലെ അകലം വര്‍ധിക്കുകയായിരുന്നു. ആ വിള്ളലുകളിലൂടെ വെള്ളമിറങ്ങി നനഞ്ഞു കുതിര്‍ന്ന പാറയ്ക്ക് സ്വാഭാവികമായി ബലക്ഷയം നേരിട്ടു. മണ്ണിടിച്ചിലുണ്ടായതിന്റെ മുകള്‍ഭാഗത്ത് പണ്ട് ഇത്തരത്തില്‍ ഇടിച്ചിലുണ്ടായതിന്റെ ലക്ഷണങ്ങള്‍ വിദഗ്ധസംഘം കണ്ടെത്തി.
മരങ്ങള്‍ വേരുപിടിച്ചും നീര്‍ച്ചോലകള്‍ വിള്ളലുകളിലൂടെ പ്രവഹിക്കുകയും ചെയ്യുന്ന സമാനസ്വാഭാവ സവിശേഷതയുള്ള ഒട്ടേറെ പാറക്കെട്ടുകള്‍ ചുരത്തിലുണ്ടെന്നതിനാല്‍ മഴ ശക്തമാവുന്ന മുറയ്ക്ക് ഇനിയും മണ്ണിടിച്ചിലിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിലയിരുത്തല്‍.
Content Highlights: Expert team finds weathered rock and tree roots caused the Thamarassery Churam landslide.
Published: 28 Aug 2025, 08:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented