ട്രാഫിക് ബ്ലോക്കിൽ കിടക്കുകയെന്നാൽ യാത്രകളിലെ ഏറ്റവും അസ്വസ്തമായ ഒരു കാര്യമാണ്. ഇതിലേറെ അസ്വസ്തമാക്കുന്ന കാര്യമാണ് എല്ലാ വാഹനങ്ങളും ട്രാഫിക് തീരാൻ കാത്ത് കിടക്കുമ്പോൾ ഒരു വാഹനം മാത്രം വരുതെറ്റിച്ച് കയറി പോകുന്നത്. ഇത്തരം കാഴ്ച സ്ഥിരമായി കണുന്നത് റെയിൽവേ ഗേറ്റുകളിലാണ്. എന്നാൽ, സമീപ കാലത്ത് ഈ കാഴ്ച ഏറ്റവുമധികം കണ്ടുവരുന്നത് താമരശ്ശേരി ചുരത്തിലാണ്. ഇത്തരത്തിൽ അതിസാമർഥ്യം കാണിച്ച ഒരു വാഹനത്തിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് പങ്കുവെച്ചത്.

To advertise here,

വൻ ഗതാഗതക്കുരുക്കാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി താമരശ്ശേരി ചുരത്തിൽ അനുഭവപ്പെടുന്നത്. മണിക്കൂറുകളാണ് ഓരോ വാഹനങ്ങളും ചുരത്തിൽ കുടുങ്ങി കിടക്കുന്നത്. ഇത്തരത്തിൽ വാഹനങ്ങൾ എല്ലാം സ്വന്തം വശം ചേർന്ന് കാത്ത് കിടക്കുമ്പോൾ ഒരു ആൾട്ടോ കാർ വരി തെറ്റിച്ച് മുന്നിലേക്ക് കയറി പോകുകയായിരുന്നു. എന്നാൽ, ഈ പോക്ക് അധികം ദൂരം മുന്നിലേക്ക് പോകേണ്ടിവന്നില്ല. താഴെ നിന്ന് ലോഡുമായി ഒരു ട്രക്ക് എത്തിയതോടെ ഈ കാറുകാരന് പോയത് പോലെ പിന്നിലേക്ക് വരേണ്ടി വന്നു.

കാത്ത് നിന്നവരെയെല്ലാം മണ്ടന്മാരാക്കി മുന്നോട്ട് പോയ വാഹനമായതിനാൽ തന്നെ അത് പിന്നിലേക്ക് വന്നപ്പോൾ വേറെ ഒരു വാഹനങ്ങളും ഒട്ടും സൈഡ് കൊടുക്കാനും തയാറായില്ലെന്നതാണ് വസ്തുത. ലോറിക്ക് കടന്ന് പോകുന്നതിന് വഴി നൽകാൻ ഒന്ന് ഒതുക്കി വെക്കാൻ പോലും കഴിയാതെ ആൾട്ടോ കാർ വളരെ ദൂരം പിന്നിലേക്ക് പോകുന്നത് വീഡിയോയിൽ കാണാം. 44 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് മോട്ടോർ വാഹന വകുപ്പ് പങ്കുവെച്ചിരിക്കുന്നത്.

ക്യൂ പാലിക്കുന്നവർ മണ്ടൻമാരല്ലെന്നും, ചില അനുഭവങ്ങൾ തിരിച്ചറിവുകൾ ഉണ്ടാകാൻ നല്ലതാണെന്നുമാണ് മോട്ടോർ വാഹന വകുപ്പ് ഈ വീഡിയോയ്ക്ക് നൽകിയിട്ടുള്ള തലക്കെട്ട്. ഓരോ ട്രാഫിക് ബ്ലോക്കിനും ഒരു കാരണമുണ്ടാകും. അത് എന്താണെന്ന് അറിയാൻ ഒരു നിമിഷം ക്ഷമിച്ചാൽ എല്ലാവരുടെയും സമയനഷ്ടവും മാനനഷ്ടവും ഒഴിവാക്കാമെന്നുള്ള കുറിപ്പും മോട്ടോർ വാഹന വകുപ്പ് ഈ വീഡിയോയ്‌ക്കൊപ്പം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്.