മട്ടാഞ്ചേരി: ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ വിവാദ പരാമർശങ്ങൾ നടത്തിയ കേസിൽ ആർഎസ്എസ് അനുഭാവി ടി.ജി. മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യാനാണ് കസ്റ്റഡിയിലെടുത്തത്. മോഹൻദാസിനെതിരേ കേസ് രജിസ്റ്റർ ചെയ്ത് പതിനൊന്നാം ദിവസമാണ് പോലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായിരിക്കുന്നത്. സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരേയാണ് ടി.ജി മോഹൻദാസ് വിദ്വേഷപരാമർശം നടത്തിയത്. സമരത്തിൽ പങ്കെടുത്ത യുവതികൾക്കെതിരേയും അദ്ദേഹം അധിക്ഷേപ പരാമർശം നടത്തിയിരുന്നു. 

To advertise here,

ഇന്ന് വൈകുന്നേരമായിരുന്നു മട്ടാഞ്ചേരിയിലെ വീട്ടിൽ പോലീസ് എത്തിയത്. വീട്ടിൽ പോലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തുള്ള സൈബർ സെൽ സംഘമാണ് ടി.ജി മോഹൻദാസിന്റെ വീട്ടിലെത്തിയത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസിനാണ് അന്വേഷണ ചുമതല. 

ഡൽഹിയിൽ കർഫ്യൂ പ്രഖ്യാപിച്ചശേഷം പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കുനേരേ വെടിവെക്കണമെന്നായിരുന്നു സമൂഹമാധ്യമത്തിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിലെ മോഹൻദാസിന്റെ പരാമർശം. 'എനിക്ക് ഈ സാഹചര്യം കൈയിൽ കിട്ടിയാൽ നാല് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൂന്നുതവണ മൈക്കിൽ ആവശ്യപ്പെട്ടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും. കുറേപ്പേർ മരിക്കും. കുറേപ്പേർ മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും' എന്നായിരുന്നു വീഡിയോയിൽ മോഹൻദാസിന്റെ പരാമർശം.

ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് സമരത്തിൽ പങ്കെടുക്കുന്നതെന്ന മറ്റൊരു പരാമർശവും ഇയാൾ നടത്തിയിരുന്നു.  'ഡൽഹിയിൽ ബലാത്സംഗം കൂട്ടബലാത്സംഗമായി നടക്കും. അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് അവിടെയുള്ളത്. പ്രത്യേകിച്ച് ഇടതുപക്ഷ, മതനിരപേക്ഷ വിഭാഗത്തിൽപ്പെട്ടവർ. അതിനിടയ്ക്ക് ആരെങ്കിലും ചത്തുകഴിഞ്ഞാൽ അടുത്ത രക്തസാക്ഷികളായി മാറും' എന്നും മോഹൻദാസ് മറ്റൊരു വീഡിയോയിൽ പറഞ്ഞിരുന്നു.

വിവാദപരാമർശത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ടി.ജി മോഹൻദാസിനെതിരേ നടപടികൾ സ്വീകരിക്കാത്തതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.