തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ച 'മിഷൻ സമുദ്ര' പദ്ധതിയിലെ ടാറ്റ കപ്പൽശാലാ നിർമാണം മുൻ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ചതെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. 2025-ലെ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലാണ് ഈ സംയുക്ത സംരംഭത്തിന് ധാരണയായത്. അന്നത്തെ വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരനെ നേരിട്ട് കണ്ട് ചർച്ചകൾ നടത്തിയതിനെത്തുടർന്നാണ് ടാറ്റയെ കേരളത്തിലേക്ക് ആകർഷിച്ചത്. കഴിഞ്ഞവർഷം ധാരണാപത്രം ഒപ്പിടുന്നതിന്റെ ദൃശ്യങ്ങളും പദ്ധതിക്കായി ഭൂമി കൈമാറാൻ അനുമതി നൽകിയുള്ള സർക്കാർ ഉത്തരവിന്റെ പകർപ്പും മാതൃഭൂമി ന്യൂസിന് ലഭിച്ചു.

To advertise here,

കപ്പൽ നിർമാണശാല സ്ഥാപിക്കുന്നതിനായി ടാറ്റ 10,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചത്. എന്നാൽ, ഇത്തരമൊരു കപ്പൽശാല സ്ഥാപിക്കുന്നത് തങ്ങളുടെ അജണ്ടയിൽ ഇല്ലെന്ന് ടാറ്റ ഗ്രൂപ്പിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇതിനുപിന്നാലെ തിരുത്തലുമായി മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും രംഗത്തെത്തി.

വിവിധ പദ്ധതികളിലൂടെയും നിക്ഷേപകരിലൂടെയും വരുംവർഷങ്ങളിൽ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപസാധ്യതയെയാണ് 10,000 കോടി രൂപ എന്ന പരാമർശത്തിലൂടെ സൂചിപ്പിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. ഏതെങ്കിലും ഒരു സ്ഥാപനവുമായി ഇത്രയും വലിയ തുകയുടെ ഏക നിക്ഷേപക്കരാർ അന്തിമമായി ഉറപ്പിച്ചു എന്നല്ല ഇതിനർഥമെന്നും വിശദീകരണത്തിൽ പറയുന്നു.

മുൻ ഇടതു സർക്കാരിന്റെ കാലത്ത് ആലോചിച്ച് തുടക്കമിട്ടതും കൊച്ചിയിൽ ടാറ്റയുടെ ആർട്സൺ എൻജിനിയറിങ് കമ്പനി നിർമിക്കാൻ ഉദ്ദേശിക്കുന്നതുമായ 500 കോടി രൂപയുടെ കപ്പൽശാലാ പദ്ധതിയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ 'മിഷൻ സമുദ്ര'യുടെ ഭാഗമായി ഇപ്പോൾ അവതരിപ്പിച്ചത്.

ടാറ്റയുടെ കീഴിലുള്ള പ്രധാന കമ്പനികളിലൊന്നായ ആർട്സൺ എൻജിനിയറിങ് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത സ്ഥാപനമാണ്. 500 കോടി രൂപ മുതൽമുടക്കിൽ, കൊച്ചി പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതും നിലവിൽ മലബാർ സിമന്റ്സ് ലീസിനെടുത്തിരിക്കുന്നതുമായ 6.98 ഏക്കർ ഭൂമിയിലാണ് കപ്പൽശാല നിർമിക്കാൻ കമ്പനി ഉദ്ദേശിച്ചിരുന്നത്. 100 ടണ്ണിൽ താഴെ ഭാരമുള്ള ബോട്ടുകളുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നത്. പിന്നീട് വലിയ കപ്പലുകളുടെ നിർമാണത്തിലേക്ക് മാറാനായിരുന്നു തീരുമാനം. 2025 ഫെബ്രുവരി 21, 22 തീയതികളിൽ നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽവെച്ചാണ് ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. കരാറിനുശേഷം മലബാർ സിമന്റ്സിന്റെയും ടാറ്റ ആർട്സൺ ഗ്രൂപ്പിന്റെയും പ്രതിനിധികൾ സംയുക്തമായി വാർത്താസമ്മേളനവും നടത്തിയിരുന്നു.

മലബാർ സിമന്റ്സ് ലീസിനെടുത്തിരിക്കുന്ന ഈ ഭൂമിയിൽ സംയുക്ത സംരംഭം തുടങ്ങാനുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത് 2025 ഫെബ്രുവരി 19-നാണ്. 2024 ഡിസംബർ അഞ്ചിന് അന്നത്തെ വ്യവസായ മന്ത്രി പി. രാജീവ് മുംബൈയിലെത്തി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരനെ കാണുകയും കേരളത്തിൽ കപ്പലധിഷ്ഠിത വ്യവസായം തുടങ്ങണമെന്ന് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായാണ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ധാരണാപത്രം ഒപ്പിട്ടത്.