
കൊല്ലം: ചൈനയുടെ സുവർണകാലഘട്ടമെന്ന് ചരിത്രം വിശേഷിപ്പിക്കുന്ന ’ടാങ് രാജവംശം’ ഇല്ലാക്കഥയാണെന്ന പ്രചാരണത്തെച്ചൊല്ലിയുള്ള ചർച്ചകൾ ചൈനയിൽ ചൂടുപിടിക്കുമ്പോഴും ഇവിടെ അക്കാര്യത്തിൽ സംശയമുണ്ടാകാൻ വകയില്ല. ഈ രാജവംശം നിലനിന്നിരുന്നുവെന്നതിന്റെ സാക്ഷ്യം ഇങ്ങ് കൊല്ലത്തിന്റെ തീരത്തുണ്ടായിരുന്നു.
2014-ൽ കൊല്ലം തുറമുഖം ആഴംകൂട്ടലിനിടെ കണ്ടെത്തിയ ചൈനീസ് നാണയങ്ങളിൽ ഒരുപങ്ക് ടാങ് രാജവംശത്തിന്റെതാണെന്ന് ചരിത്രകാരന്മാർ കണ്ടെത്തിയിരുന്നു. പിന്നീട് നാണയത്തിന്റെ പഴക്കം നിർണയിച്ച് പുരാവസ്തുവകുപ്പും ഈ നിഗമനത്തിലെത്തി. 1252 നാണയങ്ങളാണ് അന്ന് വീണ്ടെടുത്തത്.
കേരള സർവകലാശാല ആർക്കിയോളജി വകുപ്പിന്റെ കീഴിലാണ് നിലവിൽ നാണയങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. വടക്കൻ സൊങ് രാജവംശം, തെക്കൻ സൊങ് രാജവംശം എന്നിവരുടെ നാണയങ്ങളും കൊല്ലത്തുനിന്നു ലഭിച്ചു.
മധ്യഭാഗത്ത് ചതുരാകൃതിയിൽ ദ്വാരമുള്ള രീതിയിൽ വൃത്താകാരമുള്ള നാണയങ്ങളാണ് ലഭിച്ചത്. ചെമ്പായിരുന്നു അടിസ്ഥാനലോഹം. അക്കാലത്ത് മറ്റ് പല രാജ്യങ്ങളിലും ലോഹങ്ങൾ അടിച്ചുപരത്തി നാണയങ്ങളുണ്ടാക്കുന്ന രീതി പിന്തുടർന്നപ്പോൾ ചൈനയിലെ പരമ്പരാഗത അച്ചടി രീതിയായ മൗൾഡ് കാസ്റ്റിങ് വഴിയാണ് ഇവ നിർമിച്ചിരുന്നത്.
പഠനമനുസരിച്ച് കണ്ടെത്തിയ നാണയങ്ങളിൽ അഞ്ച് ടാങ് നാണയങ്ങൾ കൃത്യമായി തിരിച്ചറിയാൻ സാധിച്ചിരുന്നു. അതിൽ ഏറ്റവും പഴക്കമുള്ള ഒന്ന് എ.ഡി. 759-762 കാലഘട്ടത്തിലെ സുസോങ് ചക്രവർത്തിയുടെ ഭരണകാലത്ത് ഇറക്കിയ കിയാൻ യുവാൻ ഷുങ് ബാവോ എന്ന വെങ്കല നാണയമായിരുന്നു. ടാങ് രാജവംശത്തിലെ 10-ാമത്തെ ചക്രവർത്തിയായിരുന്നു ഇദ്ദേഹം.
കരമാർഗ്ഗവും കടൽമാർഗ്ഗമുള്ള പട്ടുപാതകൾ (silk route) ഏറ്റവും സജീവമാകുന്നത് ടാങ് ഭരണത്തിൻകീഴിലായിരുന്നു. ടാങ് ഭരണത്തിന്റെ കാലഘട്ടമായ എ.ഡി. ഏഴാം നൂറ്റാണ്ടുമുതൽ 10-ാം നൂറ്റാണ്ടുവരെ ചൈനയും പേർഷ്യയും തമ്മിലുള്ള കടൽ വ്യാപാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇടത്താവളമായിരുന്നു കൊല്ലം.
ഇക്കാലങ്ങളിൽ കൊല്ലം സന്ദർശിച്ച അറബ് സഞ്ചാരിമാരുടെ വിവരണങ്ങളിൽ ചൈനീസ് കപ്പലുകൾ കൊല്ലത്തുവന്ന് നങ്കൂരമിട്ടിരുന്നതായും തീരുവ നൽകിയിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്.
ടാങ് രാജവംശം നിലനിന്നിരുന്നില്ലെന്ന പേരിൽ യുവാക്കൾക്കിടയിലും സാമൂഹികമാധ്യമങ്ങളിലും അതിവേഗം പ്രചരിച്ച സിദ്ധാന്തങ്ങൾ ചില്ലറ തലവേദനയൊന്നുമല്ല ചൈനീസ് ഭരണകൂടത്തിനുണ്ടാക്കിയത്. ക്വിയാവോ യു എന്ന കണ്ടന്റ് ക്രിയേറ്ററാണ് ആദ്യം വാദമുന്നയിച്ചത്. പിന്നീട് ഇയാളുടെ അക്കൗണ്ട് ചൈനീസ് ഭരണകൂടം നീക്കംചെയ്തിരുന്നു.
Content Highlights: 1252 Chinese coins were discovered during the 2014 Kollam port dredging. Historians and the archaeology department confirmed some coins belong to China's Tang Dynasty. The oldest identified coin dates back to the reign of Emperor Suzong (AD 759-762). Kollam served as a vital maritime trade hub between China and Persia during the Silk Road era.
Published: 23 Aug 2026, 10:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented