തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനും കെടി റമീസിനും  ഒരേ ആശുപത്രിയില്‍ ഒരേസമയം ചികിത്സ നല്‍കിയതില്‍ ജയില്‍ വകുപ്പ് വിശദീകരണം തേടി. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ഹൈ സെക്യൂരിറ്റ് സൂപ്രണ്ട്, വനിതാ ജയില്‍ സൂപ്രണ്ട് എന്നിവരോടാണ് വിശദീകരണം തേടിയത്. ഡോക്ടര്‍മാരുടെ ഉള്‍പ്പെടെ മൊഴി എടുത്ത് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

To advertise here,

ഒരാഴ്ചയ്ക്കിടെ രണ്ട് തവണയാണ് സ്വപ്‌നയ്ക്ക് നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയത്. റമീസിന് വയറുവേദനയെ തുടര്‍ന്നാണ് ചികിത്സയ്‌ക്കെത്തിയത്. ഇരുവരേയും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കാണ് കൊണ്ടുവന്നത്. നെഞ്ചുവേദനയെ തുടര്‍ന്ന് നേരത്തേയും സ്വപ്നയെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെതിനെ തുടര്‍ന്ന് ആറ് ദിവസത്തിന് ശേഷം വിട്ടയച്ചു. സ്വപ്നയെ ആശുപത്രിയില്‍ എത്തിച്ച് അരമണിക്കൂറിനകം റമീസിനേയും വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരെയും ഒരുമിച്ച് ചികിത്സയ്‌ക്കെത്തിച്ചതില്‍ അസ്വഭാവികത ഉണ്ടെന്ന് തോന്നിയതിനെ തുടര്‍ന്നാണ് ജയില്‍വകുപ്പ് വിശദീകരണം തേടിയത്. 

അതേസമയം സ്വപ്‌ന സുരേഷിനെ ഡിസ്ചാര്‍ജ് ചെയ്യുന്നതില്‍ തീരുമാനമെടുക്കാന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു. സ്വപ്‌ന സുരേഷിന് എക്കോ ടെസ്റ്റ് നടത്തി. ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.