തൃശ്ശൂർ: തൃശ്ശൂരിൽ വോട്ടർപട്ടികയിൽ സുരേഷ് ഗോപി തിരിമറി നടത്തി എന്ന ഗുരുതര ആരോപണവുമായി കോൺഗ്രസും സിപിഎമ്മും രംഗത്ത്. തിരഞ്ഞെടുപ്പിന് മാത്രമായി സുരേഷ് ഗോപി ഭാര്യയുടേയും മക്കളുടേയും കുടുംബാഗങ്ങളുടേയും വോട്ടുകൾ തൃശ്ശൂരിൽ ചേർത്തുവെന്നും തിരഞ്ഞെടുപ്പിന് ശേഷം വീടുവിട്ടുവെന്നും ഡിസിസി അധ്യക്ഷൻ ജോസഫ് ടാജെറ്റ് ആരോപിച്ചു.

To advertise here,

'1016 മുതൽ 1026 വരെയുള്ള 11 വോട്ടുകളാണ് സുരേഷ് ഗോപി ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരിൽ ചേർത്തത്. ഈ വീട്ടിൽ ഇപ്പോഴും വോട്ടുണ്ട്. പക്ഷെ, താമസക്കാർ ഇവരല്ല. ഒരു തിരഞ്ഞെടുപ്പിനെ മാത്രം മുന്നിൽ കണ്ടുകൊണ്ട് അദ്ദേഹവും അദ്ദേഹത്തിന്റെ സഹോദരന്റെ കുടുംബവും തൃശ്ശൂരിൽവന്ന് വോട്ട് ചേർക്കുകയും പിന്നീട് അവിടെനിന്ന് മാറിപ്പോവുകയും ചെയ്തു', ജോസഫ് ടാജെറ്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തൃശ്ശൂരിലെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് തങ്ങളും പരാതി നൽകിയിരുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽ കുമാർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇലക്ഷൻ കമ്മിഷൻ സൈറ്റിൽനിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രസിദ്ധീകരിച്ച വോട്ടർപട്ടിക അപ്രത്യക്ഷമായെന്നും ആരോപണമുണ്ട്. സൈറ്റ് ബ്ലോക്ക് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ വിവരങ്ങൾ ഒളിച്ചുവെക്കാനാണോ എന്ന് സംശയിക്കുന്നുവെന്നും വി.എസ്. സുനിൽ കുമാർ ആരോപിച്ചു.

ബിജെപിക്ക് ജയിക്കാനുള്ള വോട്ട് ഇല്ലെങ്കിൽ അപ്പുറത്തുള്ള മണ്ഡലത്തിലെ ആളുകളെ ഇവിടത്തെ വോട്ടർമാരാക്കി മാറ്റുന്ന പരിപാടിയാണ്. ഇത് അനധികൃതമാണെന്ന് സുനിൽ കുമാർ പറഞ്ഞു. തൃശ്ശൂരിലെ തിരഞ്ഞെടുപ്പിൽ പുറത്തുനിന്ന് ഒരുപാട് ആളുകളെ ബിജെപി വോട്ടർപട്ടികയിൽ ചേർത്തുവെന്നും ഇത് ബിജെപിക്ക് വോട്ട് വർധിപ്പിക്കാൻ സഹായകരമായെന്നും നേരത്തെ തന്നെ ആരോപണങ്ങളുയർന്നിരുന്നു. വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലോടെയാണ് ഇപ്പോൾ തൃശ്ശൂരിലെ വോട്ടർപട്ടിക സംബന്ധിച്ച് വീണ്ടും ചർച്ചകൾ ഉയർന്നിരിക്കുന്നത്. 

വോട്ടർപട്ടിക സംബന്ധിച്ച് തങ്ങൾ നേരത്തെ തന്നെ പരാതി നൽകിയിരുന്നു. എന്നാൽ, ജില്ലയിലെ വരണാധികാരിയായിരുന്ന അന്നത്തെ ജില്ലാ കളക്ടർ ഈ പരാതികളൊന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയില്ലെന്നും വി.എസ്. സുനിൽ കുമാർ ആരോപിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായി നിന്നിരുന്ന ചില വോട്ടർമാരെക്കുറിച്ച് ഇപ്പോൾ പരിശോധിക്കുമ്പോൾ പലരും ഇപ്പോൾ ലോക്സഭാ മണ്ഡലത്തിന് പുറത്തുള്ള ആളുകളാണ് എന്നാണ് മനസ്സിലാകുന്നത്. ആറുമാസമെങ്കിലും മണ്ഡലത്തിൽ സ്ഥിരതാമസമുണ്ടെങ്കിലാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കുക. എന്നാൽ, അതല്ല ഇവിടെ നടന്നിരിക്കുന്നതെന്ന് ഡിസിസി അധ്യക്ഷൻ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളും അദ്ദേഹം പുറത്തുവിട്ടു.