തൃശ്ശൂര്‍: വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ തൃശ്ശൂര്‍ എംപി സുരേഷ് ഗോപിയെ പിന്തുണച്ച് പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സുരേഷ് ഗോപി തൃശ്ശൂരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായിരുന്നു താനെന്നും എന്താണ് നടന്നതെന്ന് തനിക്കറിയാമെന്നും സുരേന്ദ്രന്‍ തൃശ്ശൂരില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ ആയിരുന്നുവെന്നും വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് പാര്‍ട്ടി എന്തൊക്കെ കാര്യങ്ങളാണ് ചെയ്തതെന്നും തനിക്കറിയാം. ഇതെല്ലാം സംബന്ധിച്ച് വ്യക്തമായ മറുപടിയുണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, തേക്കിന്‍കാട് വന്ന സമയത്ത് തൃശ്ശൂരില്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന് ബിജെപി നിശ്ചയിച്ചതാണ്. അതിന്റെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപിയും കുടുംബവും ഡ്രൈവറും സഹപ്രവര്‍ത്തകരും തൃശ്ശൂരില്‍ വീട് വാടകയ്‌ക്കെടുത്ത് ഇവിടെത്തന്നെ ആയിരുന്നു ക്യാമ്പ് ചെയ്തിരുന്നത്. സുരേഷ് ഗോപി തൃശ്ശൂരില്‍ വന്ന് തലകുത്തി മറിഞ്ഞാലും ജയിക്കില്ലെന്നായിരുന്നു അന്ന് എല്‍ഡിഎഫും യുഡിഎഫും പറഞ്ഞിരുന്നത്. 70,000 വോട്ടിലധികം ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി ജയിച്ചത്, സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ ഒരു മന്ത്രി പറഞ്ഞത്, അദ്ദേഹം 60,000 വോട്ട് കള്ളവോട്ട് ചേര്‍ത്തിട്ടുണ്ടെന്നാണ്. അതുകൊണ്ട് സുരേഷ് ഗോപി രാജിവെക്കണമെന്നും തൃശ്ശൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണമെന്നുമാണ്. കേരളത്തില്‍ ഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടി 60,000 വോട്ട് ഇവിടെ അനധികൃതമായി ചേര്‍ക്കുമ്പോള്‍ നിങ്ങള്‍ എന്ത് കണ്ട് ഇരിക്കുകയായിരുന്നു എന്നാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കന്മാരോട് ചോദിക്കാനുള്ളത്. നിങ്ങളൊക്കെ പോയി തൂങ്ങിച്ചാകുന്നതാണ് നല്ലത്. 60,000 കള്ളവോട്ട് ചേര്‍ത്തെന്ന് ആരോപിക്കുമ്പോള്‍ അത് സിപിഎമ്മിനും കോണ്‍ഗ്രസിനും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
ലോക്‌സഭയിലേക്കും നിയമസഭയിലേക്കുമുള്ള വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാന്‍ വര്‍ഷം മൂന്നുതവണ തിരഞ്ഞെടുപ്പു കമ്മിഷന്‍ സമയം അനുവദിച്ചിട്ടുണ്ട്. ആറുമാസത്തില്‍ കൂടുതല്‍ സ്ഥിരതാമസമുള്ള സ്ഥലത്ത് ഏതൊരു പൗരനും വോട്ട് ചേര്‍ക്കാവുന്നതാണ്. തൃശ്ശൂരില്‍ തിരഞ്ഞടുപ്പിന് ആറുമാസത്തിന് മുന്‍പ് തന്നെ ബിജെപി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇവിടെ താമസമാക്കിയ ഏതാനും വിരലില്‍ എണ്ണാവുന്ന വോട്ടുകള്‍ വെച്ചാണ് എല്‍ഡിഎഫും യുഡിഎഫും ആരോപണം ഉന്നയിക്കുന്നത്. ഇതുപോലെ കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പല സ്ഥലങ്ങളിലും വോട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സുരേഷ് ഗോപി പ്രതികരിക്കേണ്ടതില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കന്യാസ്ത്രീകളുടെയും വൈദികരുടെയും വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാണ് കാര്യങ്ങള്‍ ചെയ്യുന്നത്. എംപിമാരെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. സുരേഷ് ഗോപിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് നടത്തിയത് പാര്‍ട്ടിയാണ്. സുരേഷ് ഗോപി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച സ്ഥാനാര്‍ഥി മാത്രമാണ്. അദ്ദേഹം ഒരു ശതമാനം പോലും മറുപടിപറയേണ്ട കാര്യമില്ല. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് സാധുവാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: k surendran on voter list allegation thrissur loksabha seat supports suresh gopi
Published: 13 Aug 2025, 11:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented