തൃശ്ശൂര്‍: തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് പരാജയവും വ്യാജവോട്ടുേചര്‍ക്കല്‍ ആരോപണവും സംബന്ധിച്ച് എല്‍ഡിഎഫ്, യുഡിഎഫ് നേതൃത്വം നടത്തുന്ന അന്വേഷണമെത്തുന്നത് ഉന്നതാധികാരികള്‍ ഒത്തുകളിച്ചെന്ന നിഗമനത്തിലേക്ക്. ബിഎല്‍ഒമാരില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളും തിരഞ്ഞെടുപ്പുഘട്ടത്തിലുണ്ടായ അസ്വാഭാവികനീക്കങ്ങളുമാണ് ഇതിന് അടിസ്ഥാനം.

To advertise here,

തൃശ്ശൂര്‍ നഗരത്തിലെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് അന്തിമഘട്ടത്തില്‍ നടത്തിയ പേരുചേര്‍ക്കലില്‍ സംശയമുണ്ടെന്നും മിക്കവരും ഇവിടെ താമസക്കാരല്ലെന്നും ബിഎല്‍ഒമാര്‍ അറിയിച്ചെങ്കിലും അത് ഉന്നതാധികാരികള്‍ അവഗണിച്ചു. ഇല്ലാത്തവരുടെ പേര് ചേര്‍ക്കാനാവില്ലെന്ന നിലപാടെടുത്ത വനിതാ ബിഎല്‍ഒയെ അപ്പോള്‍ത്തന്നെ സ്ഥാനത്തുനിന്നു മാറ്റി. അപേക്ഷിച്ചവരെയെല്ലാം പട്ടികയിലുള്‍പ്പെടുത്താനായിരുന്നു ഉന്നതതലനിര്‍ദേശമെന്ന് ചില ബിഎല്‍ഒമാര്‍ രഹസ്യമായി വെളിപ്പെടുത്തിയിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നേ ഇക്കാര്യം ചോര്‍ന്നുകിട്ടിയപ്പോള്‍ യുഡിഎഫും എല്‍ഡിഎഫും ജില്ലാ വരണാധികാരിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

യുഡിഎഫിന്റെ തിരഞ്ഞെടുപ്പു ചുമതലയുള്ള ടി.എന്‍. പ്രതാപന്‍ 2024 ഏപ്രില്‍ 14-നും എല്‍ഡിഎഫിന്റെ ചുമതലയുണ്ടായിരുന്ന കെ.പി. രാജേന്ദ്രന്‍ എപ്രില്‍ 15-നും നേരിട്ട് പരാതി നല്‍കിയിരുന്നു. ഏപ്രില്‍ 13-ന് സിപിഐ നേതാവ് അഡ്വ. കെ.ബി. സുമേഷും നടപടിയാവശ്യപ്പെട്ട് കത്തു നല്‍കിയിരുന്നു. എവിടെയെല്ലാമാണ് വ്യാജവോട്ട് ചേര്‍ത്തതെന്ന വിവരം അടക്കമായിരുന്നു പരാതി.

എന്നാല്‍, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായിരുന്ന വി.ആര്‍. കൃഷ്ണതേജ പരാതികള്‍ പരിഗണിച്ചതേയില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുന്നേ അസ്വാഭാവികമായ നിയന്ത്രണം ഏര്‍പ്പെടുത്തി തൃശ്ശൂര്‍പ്പൂരം കലക്കിയതിനു പിന്നിലും രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് എല്‍ഡിഎഫ് ആരോപിച്ചിരുന്നു. പൂരംകലക്കല്‍ സംബന്ധിച്ച അന്വേഷണത്തില്‍, അന്ന് തൃശ്ശൂരിലുണ്ടായിരുന്ന എഡിജിപിക്ക് വ്യക്തമായ പങ്കുണ്ടെന്ന രീതിയില്‍ ഡിജിപിയുടെ റിപ്പോര്‍ട്ടുമുണ്ടായി. അന്നത്തെ സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകന്‍ പ്രശ്‌നമുണ്ടാക്കുംവിധം ഇടപെടുന്നതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

പൂരം അലങ്കോലപ്പെട്ടപ്പോള്‍ സ്ഥലത്ത് ആദ്യമെത്തിയത് എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയായിരുന്നു. സുരേഷ് ഗോപിയെ കൃത്യമായി സ്ഥലത്തെത്തിക്കാനും അതുവഴി വിജയം ഉറപ്പിക്കാനുമായി ആസൂത്രണം ചെയ്തതാണ് പൂരം കലക്കലെന്നാണ് പുതിയ ആരോപണം.