തൃശ്ശൂർ: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആർഎസ്എസ് നേതാവിനും കുടുംബത്തിനും രണ്ടിടത്ത് വോട്ട്. ഭാരതീയ വിചാരകേന്ദ്രം തൃശ്ശൂർ മേഖലാ സെക്രട്ടറി ഷാജി വരവൂരിനാണ് 2024-ൽ തൃശ്ശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നത്. ഷാജിയുടെ ഭാര്യക്കും രണ്ടിടങ്ങളിലും വോട്ടുണ്ടായിരുന്നു. രണ്ടിടത്തും വ്യത്യസ്ത മേൽവിലാസമായിരുന്നു. ആലത്തൂരിൽ 11-ാം ബൂത്തിലും തൃശ്ശൂരിൽ 37-ാം ബൂത്തിലുമായിരുന്നു ഇവർക്ക് വോട്ട്.
ഭാര്യ ജോലിസംബന്ധമായി തൃശ്ശൂരിലേക്ക് മാറിയപ്പോൾ അവിടെ ഫ്ലാറ്റ് വാടകക്കെടുത്ത് താമസമാക്കിയെന്നും അപ്പോഴാണ് അവിടെ പേരുചേർത്തതെന്നുമാണ് ഷാജി പറയുന്നത്. പക്ഷേ, ആലത്തൂരിലെ പട്ടികയിൽനിന്ന് പേരുമാറ്റാൻ വിട്ടുപോയി. ആലത്തൂരിലാണ് േവാട്ടുചെയ്തതെന്നും ഷാജി പറഞ്ഞു.
സുരേഷ് ഗോപിക്കെതിരേ ടി.എൻ. പ്രതാപൻ പരാതി നൽകി
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് സുരേഷ് ഗോപി തൃശ്ശൂരിലേക്ക് വോട്ടു മാറ്റിയത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്നാരോപിച്ച് കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം ടി.എൻ. പ്രതാപൻ തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന നൽകിയാണ് തൃശ്ശൂർ നിയമസഭാ മണ്ഡലത്തിലെ 115-ാം നമ്പർ ബൂത്തിൽ വോട്ടുചേർത്തതെന്നാണ് പരാതി.
പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ശാസ്തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടുനമ്പറിൽ സ്ഥിരതാമസക്കാരാണ്. കേന്ദ്രമന്ത്രിയായതിനുശേഷം നടന്ന റിവിഷനിലും അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും പേരുകൾ പഴയ വിലാസത്തിൽ അതേപടി തുടരുന്നുമുണ്ട്.
സുരേഷ് ഗോപി 2024-ലെ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപായിട്ടാണ് 115-ാം നമ്പർ ബൂത്തിൽ ഏറ്റവും അവസാനമായി വോട്ടുചേർത്തത്. വോട്ട് ചേർക്കുമ്പോൾ സ്ഥിരതാമസക്കാരനാണെന്ന രേഖയും സത്യപ്രസ്താവനയും നൽകണം. ഇതേ മാർഗത്തിലൂടെ സുരേഷ് ഗോപിയും സഹോദരനുമുൾപ്പെടെ പതിനൊന്നു പേരെയാണ് ഒരേ വിലാസത്തിൽ ചേർത്തത്. തിരഞ്ഞെടുപ്പുകമ്മിഷനും അദ്ദേഹം പരാതി അയച്ചു. കേരളത്തിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ, ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എന്നിവർക്കാണ് പരാതി നൽകിയത്.
വീണ്ടും തിരഞ്ഞെടുപ്പു നടത്തണം -മന്ത്രി ശിവൻകുട്ടി
വോട്ടുക്രമക്കേട് പരാതിയുടെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മൗനം വെടിയണമെന്ന് മന്ത്രി വി. ശിവൻകുട്ടി. അദ്ദേഹം രാജിവെച്ച് വീണ്ടും തിരഞ്ഞെടുപ്പു നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വിജയിക്കാൻ ബിജെപി ഏതു മോശം മാർഗവും സ്വീകരിക്കുമെന്നതിന്റെ തെളിവാണ് പുറത്തുവരുന്ന വിവരങ്ങളെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.
വോട്ടു ചെയ്തത് തൃശ്ശൂരിൽ -ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വോട്ടുചേർത്ത താൻ അവിടെത്തന്നെയാണ് വോട്ടുചെയ്തതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ. തൃശ്ശൂർ ജില്ലയുടെ പ്രഭാരിയായിരുന്ന ഇദ്ദേഹത്തിനായിരുന്നു തൃശ്ശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചുമതല. ‘‘ഒന്നര വർഷത്തോളം തൃശ്ശൂരിൽ വാടകവീട്ടിലായിരുന്നു താമസം. അതുകൊണ്ടാണ് പൊന്നാനി മണ്ഡലത്തിൽനിന്ന് വോട്ടുവെട്ടി തൃശ്ശൂരിൽ ചേർത്തത്.’’ -അദ്ദേഹം പറഞ്ഞു.
പ്രതാപനെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.
Content Highlights: Allegations of double voting against an RSS leader and fraudulent voter registration against
Published: 13 Aug 2025, 08:37 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented