
കൊച്ചി: കണ്ടെയ്‌നർ റോഡിൽ ചേരാനെല്ലൂരിൽ 17 വയസ്സുകാരൻ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിയുടെ കുടുംബത്തിനെതിരേ മരിച്ച ജയപാലകൃഷ്ണന്റെ ബന്ധുക്കൾ. അഡീഷണൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമയായ മാഞ്ഞാലി സ്വദേശി ജയപാലകൃഷ്ണനാണ് മരിച്ചത്.
‘ബെൻസാണ് ഇടിച്ചത്. ഇടിച്ചിട്ടും വണ്ടി നിർത്താതെ പോയി. കടയിൽ കച്ചവടം കഴിഞ്ഞ് വരുന്ന വഴിക്കാണ് അപകടമുണ്ടായത്. കയ്യിലുണ്ടായിരുന്ന അരി റോഡിൽ മുഴുവനും വീണുകിടക്കുന്നുണ്ടായിരുന്നു. റോഡിൽ വീണ പേഴ്‌സും പണവുമെല്ലാം ആരോ എടുത്തുകൊണ്ടുപോയി. ഇരിങ്ങാലക്കുട അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജിയാണ് പ്രതിയുടെ പിതാവ്. വാഹനമിടിപ്പിച്ച മകനെ കാണിച്ചുതന്നില്ല. 17 വയസ്സുകാരന് വണ്ടികൊടുത്തുവിടാൻ പാടില്ലെന്ന് അറിയില്ലേ എന്ന് ചോദിച്ചപ്പോൾ എന്നെ ചോദ്യം ചെയ്യേണ്ടെന്നാണ് ജഡ്ജി പറഞ്ഞത്. മകൻ ആദ്യമായാണ് വണ്ടി എടുത്ത് പോകുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. വൈകാരികമായി സംസാരിക്കേണ്ടെന്നാണ് പോലീസ് പറഞ്ഞത്. ഒരു ഒത്തുതീർപ്പിനും ഞങ്ങൾ തയ്യാറല്ല’ ബന്ധുക്കൾ പറഞ്ഞു.
പ്രതിയുടെ പിതാവ് ജഡ്ജിയാണെന്ന് അറിഞ്ഞപ്പോൾ പോലീസിന്റെ സമീപനം മാറിയെന്ന് ജയപാലകൃഷ്ണന്റെ സഹോദരനും ആരോപിച്ചു. പ്രതിയുടെ ചിത്രമെടുത്തപ്പോൾ പോലീസ് എത്തി ഫോണിൽനിന്ന് ചിത്രം ഡിലീറ്റ് ചെയ്യിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ഞായറാഴ്ച ചേരാനല്ലൂരിൽ പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയപാലകൃഷ്ണൻ. അമിതവേഗത്തിലെത്തിയ കാർ ജയപാലകൃഷ്ണൻ ഓടിച്ച സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണ്ണമായും തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. ജയപാലകൃഷ്ണന്റെ സ്‌കൂട്ടറിലുണ്ടായിരുന്ന അരി ഉൾപ്പെടെയുള്ള സാധനങ്ങൾ റോഡിൽ മീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിച്ചു.
വാഹനമോടിച്ച 17-കാരനെയും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഓടിച്ച ബെൻസ് കാർ ജഡ്ജിയുടെ പേരിലുള്ളതാണ്. സംഭവം നടന്ന ഉടൻതന്നെ ചേരാനല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ സാധിച്ചിരുന്നില്ലെന്നാണ് പിടിയിലായ പതിനേഴുകാരൻ പോലീസിന് മൊഴി നൽകിയിട്ടുള്ളതെന്നാണ് വിവരം. ബിഎൻഎസ്സിലെ 281, 106 (1) എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയരിക്കുന്നത്. പൊതുവഴിയിൽ ശ്രദ്ധയില്ലാതെ അലക്ഷ്യമായി വാഹനമോടിച്ച് ഒരാളുടെ മരണത്തിന് കാരണമാക്കി എന്നിവയാണ് ഈ വകുപ്പുകൾ.
Content Highlights: A 17-year-old minor driving a Mercedes-Benz car hit and killed a scooter rider named Jayapalakrishnan in Cheranalloor, Kochi., The accused is the son of an Irinjalakuda additional district judge., Victim's family accused the police of favoring the judge and forcing them to delete photos of the minor., Police registered a case under BNS sections 281 and 106(1) and took the minor and the car into custody.
Published: 25 Oct 2026, 12:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented