പിഎസ്സിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിലും സര്‍ക്കാരിന്റെ നടപടിയിലും ഗവര്‍ണര്‍ തൃപ്തനായിരുന്നില്ല

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിൽ ആദ്യമായി പിഎസ്‌സി ചെയർമാനേയും അംഗങ്ങളേയും പുറത്താക്കാൻ ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയിരിക്കുകയാണ്. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഇത്തരത്തിൽ രാഷ്ട്രപതിക്ക് ശുപാർശ നൽകിയത്. പിഎസ്‌സിയുമായി ബന്ധപ്പെട്ട അസാധാരണമായ സാഹചര്യങ്ങൾ തന്നെയാണ് അസാധാരണമായ നടപടി കൈക്കൊള്ളാൻ ഗവർണറെ പ്രേരിപ്പിച്ചതും.
ഭരണഘടനാ സ്ഥാപനമായതിനാൽ പിഎസ്‌സിക്കെതിരെ നടപടിയെടുക്കാൻ രാഷ്ട്രപതിക്ക് മാത്രമാണ് അധികാരം. ഗവർണറുടെ ശുപാർശ രാഷ്ട്രപതി സുപ്രീം കോടതിയുടെ അന്വേഷണത്തിന് റഫർ ചെയ്താൽ പിഎസ്‌സി ചെയർമാനേയും അംഗങ്ങളേയും സസ്‌പെൻഡ് ചെയ്യാൻ ഗവർണർക്ക് സാധിക്കും. സുപ്രീം കോടതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതിക്ക് പിഎസ്‌സിയെ പിരിച്ചുവിടുകയും ചെയ്യാം. ഇതിനുള്ള നിയമസാധ്യതകൾ ഗവർണർ ആർലേക്കർ ഓഗസ്റ്റിൽ തന്നെ തേടിയിരുന്നു.
പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച് വ്യാപകമായ പരാതികളാണ് എം.ആർ. ബൈജു ചെയർമാനായ പിഎസ്‌സിക്കെതിരെ ഉയർന്നത്. ഗവർണർക്ക് നൂറോളം പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പരാതികളെ തുടർന്ന് യുഡിഎഫ് സർക്കാർ പിഎസ്‌സിക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ അന്വേഷണത്തിലും സർക്കാരിന്റെ നടപടിയിലും ഗവർണർ തൃപ്തനായിരുന്നില്ല. മാസങ്ങളായി വിവാദം പുകയുന്നെങ്കിലും പരീക്ഷാ ക്രമക്കേടിൽ ഒരു വഴിത്തിരിവുമുണ്ടായില്ലെന്നാണ് ലോക്ഭവൻ വിലയിരുത്തിയത്.
പരീക്ഷാക്രമക്കേടിൽ നൂറോളം പരാതികൾ വന്നെങ്കിലും ആസൂത്രണബോർഡ് പരീക്ഷാത്തട്ടിപ്പിൽ മാത്രമേ കേസെടുത്തിട്ടുള്ളൂ. മറ്റുപരാതികൾ പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. ചരിത്രത്തിലാദ്യമായി പോലീസ് പിഎസ്‌സിയിലെ പരീക്ഷാവിഭാഗത്തിലെത്തി രേഖകളും പരിശോധിച്ചിരുന്നു.
ഇടത് സംഘടനയിൽ പെട്ടയാളെ നിയമിക്കാൻ എല്ലാ ചട്ടങ്ങളും കാറ്റിൽപറത്തി എന്നാണ് പിഎസ്‌സിക്കെതിരെ ഉയർന്ന പ്രധാനപ്പെട്ടതും ഗുരുതരവുമായ ആരോപണം. 58 മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ നടത്താതെ ഒഴിവാക്കിക്കൊണ്ടായിരുന്നു ക്രമക്കേട്. പി.എസ്.സി തന്നെ അത് സമ്മതിച്ച് മൂന്നാം റാങ്കുകാരനെ ഒന്നാം റാങ്കുകാരനായി അംഗീകരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പിഎസ്‌സി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും അവർ ഹാജരാകാൻ കൂട്ടാക്കിയില്ല. ക്രൈം ബ്രാഞ്ച് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കനത്ത തിരിച്ചടിയാണ് നേരിട്ടത്.
പിഎസ്‌സി നടത്തിയ കൂടുതൽ പരീക്ഷകൾ ഇപ്പോൾ സംശയനിഴലിലാണ്. കേരള സർവകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തിൽ പഴയ ചെയർമാനെ പ്രോസിക്യൂട്ട് ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
Content Highlights: Severe examination irregularities and rule violations to appoint a candidate affiliated with a Left organization led former Governor R.V. Arlekar to recommend the President for the removal of the PSC Chairman.
Published: 25 Oct 2026, 12:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented