ബാലുശേരി: ജന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ യൂണിഫോം പരിഷ്‌കാരം അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് ബാലുശ്ശേരി ഗവ. ഗേള്‍സ് സ്‌കൂള്‍ അധികൃതര്‍ പിന്മാറണമെന്ന്  എസ്.എസ്.എഫ്(സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍) ബാലുശ്ശേരി ഡിവിഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട്  പ്രിന്‍സിപ്പലിന് നിവേദനവും നല്‍കി. 

To advertise here,

ആണ്‍കുട്ടികളുടെ വേഷം പെണ്‍കുട്ടികളും ധരിക്കണമെന്ന രീതിയിലുള്ള പരിഷ്‌കാരം ജനാധിപത്യവിരുദ്ധവും പുരുഷമേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതുമാണെന്ന് എസ്.എസ്.എഫ്. പ്രസ്താവനയിലൂടെ പറഞ്ഞു. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ സ്വയം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും വൈവിധ്യവും വേണ്ടതില്ലെന്ന നിലപാടാണ് വസ്ത്രം ഏകീകരിക്കുക വഴി നടപ്പിലാക്കപ്പെടുന്നത്.

വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഇടയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായിരിക്കെ അതൊന്നും പരിഗണിക്കാതെ ഏകപക്ഷീയമായി തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നതില്‍ ദുരൂഹതയുണ്ട്. സ്ത്രീകള്‍ക്ക് നിരന്തരം നീതി നിഷേധിക്കപ്പെടുന്ന സമകാലിക സാഹചര്യത്തില്‍ അതിന്റെ പ്രതിവിധികളെക്കുറിച്ചുള്ള ആലോചനകള്‍ക്ക് പകരം അനാവശ്യ വിവാദങ്ങളിലേക്ക് പോകുന്നത് ഗുണകരമല്ലെന്നും എസ്.എസ്.എഫ്  പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 

എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. എം.എസ് മുഹമ്മദ്, ബാലുശേരി ഡിവിഷന്‍ ജനറല്‍ സെക്രട്ടറി നൗഫല്‍ കുറുമ്പോയില്‍, സെക്രട്ടറി സല്‍മാന്‍ കൊടശ്ശേരി എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.

Content Highlights: Sunni students federation (SSF) against gender neutral uniform in Balussery school