കരുനാഗപ്പള്ളി(കൊല്ലം): പട്ടാപ്പകൽ വീട്ടുമുറ്റത്തുനിന്ന് മോഷ്ടിച്ച സ്കൂട്ടർ മോഷ്ടാവ് വീട്ടിൽത്തന്നെ തിരികെ എത്തിച്ചു. കഴിഞ്ഞദിവസം രാവിലെ 11 മണിയോടെ കരുനാഗപ്പള്ളി-കല്ലുകടവ് റോഡിൽ ചക്കാലമുക്കിനു സമീപത്തെ വീട്ടിലാണ് സംഭവം. മോഷണദൃശ്യങ്ങൾ സിസിടിവിയിലും പതിഞ്ഞു. റോഡിനോടു ചേർന്നുള്ള വീട്ടുമുറ്റത്താണ് സ്കൂട്ടർ വെച്ചിരുന്നത്. താക്കോലും സ്കൂട്ടറിൽത്തന്നെ ഉണ്ടായിരുന്നു.

To advertise here,

വീട്ടുമുറ്റത്തിരിക്കുന്ന സ്കൂട്ടർ മോഷ്ടാവിന്റെ ശ്രദ്ധയിൽപ്പെട്ടു. സ്കൂട്ടർ ലക്ഷ്യമിട്ട് മോഷ്ടാവ് വീട്ടുമുറ്റത്തേക്കു കയറുന്നതും പലവട്ടം ചുറ്റും നോക്കിയശേഷം സ്കൂട്ടറുമായി കടക്കുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവ് തൊപ്പിയും മാസ്കും ധരിച്ചിരുന്നു. ഇയാൾ ഹൈസ്കൂൾ ജങ്ഷനു സമീപത്തെ മീൻകടയിൽനിന്ന് പണവും മോഷ്ടിച്ചു.

സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിനിടയിൽ മോഷ്ടാവ് ആരും അറിയാതെ സ്കൂട്ടർ വീടിനു മുന്നിൽ കൊണ്ടുവെച്ചിട്ട് സ്ഥലംവിട്ടു. സ്കൂട്ടർ ലഭിച്ച സാഹചര്യത്തിൽ മോഷണത്തിൽ പരാതിയില്ലെന്ന് നിലപാടിലാണ് വീട്ടുകാർ. അതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.