
കണ്ണൂർ: സംസ്ഥാനത്തെ വിവിധ രാഷ്ട്രീയനേതാക്കളുടെ പോലീസ് സുരക്ഷ പിൻവലിക്കുകയും മറ്റുചിലരുടേത് കുറയ്ക്കുകയും ചെയ്തു. നിലവിൽ സുരക്ഷാഭീഷണിയില്ലാത്ത നേതാക്കളുടെ സുരക്ഷയും വസതിക്ക് മുന്നിൽ ഏർപ്പെടുത്തിയ കാവലുമാണ് പിൻവലിച്ചത്. സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയുടെതാണ് തീരുമാനം.
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ സെഡ് പ്ലസ് സുരക്ഷ വൈ കാറ്റഗറിയാക്കി. യാത്രയിൽ വാഹനവ്യൂഹത്തിന് പകരം പൈലറ്റ് വാഹനമുണ്ടാകും. ഗൺമാനെ കൂടാതെ രണ്ട് പേഴ്സണൽ സെക്യൂരിറ്റി ഗാർഡും (പി.എസ്.ജി.) ഉണ്ടാകും. ഹിന്ദു ഐക്യവേദി സംസ്ഥാന ആക്‌ടിങ് പ്രസിഡന്റും ആർ.എസ്.എസ്. സംസ്ഥാന നേതാവുമായ വത്സൻ തില്ലങ്കേരിക്ക് ഒരു പേഴ്സണൽ സെക്യൂരിറ്റി ഗാർഡിന്റെ സുരക്ഷയാണ് ഇനിയുണ്ടാകുക. മുൻ സർക്കാരിന്റെ കാലത്ത് രണ്ട് പി.എസ്.ജി. സുരക്ഷയുണ്ടായിരുന്നു. ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനുള്ള പോലീസ് സുരക്ഷ പൂർണമായും പിൻവലിച്ചു.
ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡന്റുമാരായ സി.കെ. പദ്‌മനാഭൻ, പി.കെ. കൃഷ്ണദാസ് എന്നിവരുടെ സുരക്ഷയും ഒഴിവാക്കി. പദ്‌മനാഭൻ സുരക്ഷ വേണ്ടെന്ന് നേരത്തേ സർക്കാരിനെ അറിയിച്ചിരുന്നു. ബി.ജെ.പി. മുൻ ജില്ലാ പ്രസിഡന്റ് ഒ.കെ. വാസു സി.പി.എമ്മിൽ എത്തിയതോടെ തുടരുന്ന പോലീസ് സുരക്ഷയും പിൻവലിച്ചു. വാസു നിലവിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റാണ്. വാസുവിനെ കൂടെ ബി.ജെ.പി. വിട്ട് സി.പി.എമ്മിൽ ചേർന്ന എ. അശോകന്റെ സുരക്ഷയും ആർ.എസ്.എസ്. ജില്ലാ കാര്യകാരി സദസ്യൻ ആറളം സജീവനുള്ള സുരക്ഷയും പിൻവലിച്ചു. മുൻ ജസ്റ്റിസ് ബി. കെമാൽ പാഷ, ബി.ജെ.പി. നേതാവ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവരുടെ സുരക്ഷയും ഒഴിവാക്കി. മലബാർ മേഖലയിൽ രാഷ്ട്രീയസംഘർഷം കുറയുകയും സമാധാന അന്തരീക്ഷം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സുരക്ഷ ഒഴിവാക്കിയതെന്നാണ് ആഭ്യന്തരവകുപ്പ് പറയുന്നത്.
ഇപ്പോഴും 50-ലേറെ നേതാക്കൾ സുരക്ഷാവലയത്തിൽ
കേന്ദ്ര, സംസ്ഥാന മന്ത്രിമാരെ കൂടാതെ 50-ലധികം നേതാക്കൾ സഞ്ചരിക്കുന്നത് പ്രത്യേക സുരക്ഷാവലയത്തിലാണ്. എ.കെ.ആന്റണി, സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പി. ജയരാജൻ, ശരി തരൂർ, ബി.ജെ.പി. അഖിലേന്ത്യാ സെക്രട്ടറി കെ. സുരേന്ദ്രൻ, കെ.പി.സി.സി. മുൻ പ്രസിഡന്റ് കെ. സുധാകരൻ എം.പി., പി.വി. അബ്ദുൾ വഹാബ്, കെ.കെ. രമ എം.എൽ.എ. എന്നിവർക്ക് സുരക്ഷയുണ്ട്. സി.പി.എം. നേതാവ് പി. ജയരാജന് എൽ.ഡി.എഫ്. സർക്കാർ നൽകിയ ഗൺമാന്റെയും വീട്ടിൽ നാല് പോലീസുകാരുടെയും സുരക്ഷ നിലനിർത്തി.
എ.എൻ. ഷംസീറിന്‍റെ തലശ്ശേരിയിലെ വീട്ടിൽ എൽ.ഡി.എഫ്. സർക്കാർ ഏർപ്പെടുത്തിയ മൂന്ന് പോലീസുകാരുടെ കാവലിനും മാറ്റമില്ല. സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജനും രണ്ട് പി.എസ്.ജി.യുടെ സംരക്ഷണമുണ്ട്. ആർ.എസ്.എസ്. പ്രാന്തകാര്യകാര്യ സദസ്യൻ വി. ശശിധരന് കേന്ദ്രസേനയായ സി.ഐ.എസ്.എഫിന്റെ സുരക്ഷയാണുള്ളത്. എം.എൽ.എ.മാരായ വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ, ജി. സുധാകരൻ, എൻ. ശക്തൻ, സി.പി.എം. നേതാക്കളായ പി.െക. ശ്രീമതി, ടി.പി. രാമകൃഷ്ണൻ, യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് എം.പി., ആർ.എം.പി. സെക്രട്ടറി കെ. വേണു, ആർ.എം.പി. ഓർക്കാട്ടേരി ഏരിയാ സെക്രട്ടറി ബാലകൃഷ്ണൻ എന്നിവർക്കും പോലീസ് സംരക്ഷണമുണ്ട്.
Content Highlights: Security Review Committee decided to withdraw and reduce police security for various political leaders in Kerala., Opposition leader Pinarayi Vijayan's Z-plus security was downgraded to Y category., Police security was completely withdrawn for BJP general secretary M.T. Ramesh and other leaders as political tensions decreased in the Malabar region., Over 50 leaders, including ministers and prominent party members, continue to remain under special police protection.
Published: 06 Nov 2026, 06:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented