തിരുവനന്തപുരം: സ്വകാര്യ പ്ലാറ്റ്ഫോമായ ജി.എൻ.എ. എനർജിയിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള വിവാദകരാറിന് റെഗുലേറ്ററി കമ്മിഷന്റെ അനുവാദം കിട്ടില്ല. അതിനാൽ കരാറുമായി സർക്കാരിന് മുന്നോട്ടുപോകാനാവില്ല. ജി.എൻ.എ.യിൽനിന്ന് വാങ്ങുന്നതിന് നിയമപരമായ തടസ്സമുണ്ടെന്ന് കെ.എസ്.ഇ.ബി. തന്നെചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ ഇത് കണക്കിലെടുത്തില്ല.

To advertise here,

ടെൻഡറില്ലാതെ 1566 കോടിയുടെ കരാറുണ്ടാക്കുന്നതിനെ കെ.എസ്.ഇ.ബി. മുൻ ചെയർമാൻ ഡോ. എം.ജി. രാജമാണിക്യം ചോദ്യംചെയ്തിരുന്നു. രാജ്യത്ത് രണ്ട് ഓവർ ദ കൗണ്ടർ(ഒ.ടി.സി.) പ്ലാറ്റ്‌ഫോമുകളാണുള്ളത്. ജി.എൻ.എ.യും നെയിം എന്ന കമ്പനിയും. നെയിം വഴി വൈദ്യുതി വാങ്ങാൻ അനുമതി ആവശ്യപ്പെട്ട് മുൻപ്‌ കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിരുന്നു. കെ.എസ്.ഇ.ബി. പോലുള്ള വിതരണ ഏജൻസികൾക്ക് വൈദ്യുതിനൽകാൻ ഇത്തരം കമ്പനികൾക്ക് കേന്ദ്രകമ്മിഷന്റെ അംഗീകാരമില്ലെന്നാണ് അന്ന് കമ്മിഷൻ പറഞ്ഞത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മറ്റൊരു സംസ്ഥാനത്തുനിന്ന് പകരം നൽകാമെന്ന വ്യവസ്ഥയിൽ ഒ.ടി.സി. വഴി വൈദ്യുതി ക്രമീകരിച്ചെങ്കിലും സ്വീകരിക്കാൻ ലോഡ് ഡെസ്പാച്ച് സെന്റർ അനുവദിച്ചില്ല. കമ്മിഷൻ അനുവാദം നൽകിയില്ലെങ്കിൽ വൈദ്യുതി നിയമത്തിലെ 108-ാം വകുപ്പ് ഉപയോഗിക്കാനാണ് സർക്കാർ ആലോചന. പൊതുതാത്പര്യമുള്ള കാര്യങ്ങളിൽ സർക്കാർ നിർദേശം കമ്മിഷൻ അംഗീകരിക്കണമെന്നതാണ് ഈ വ്യവസ്ഥ.

ഹിമാചലിൽനിന്ന് വാങ്ങിയതുംഅനുമതിയില്ലാതെ

വൈദ്യുതിനിയന്ത്രണം ഒഴിവാക്കാൻ സർക്കാർ ഇടപെട്ട് ഒക്ടോബറിൽ ഹിമാചലിൽനിന്ന് വാങ്ങിയതും ടെൻഡറില്ലാതെയും കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെയും. 300 കോടിയുടെ വൈദ്യുതി വാങ്ങിയശേഷം ഒക്ടോബർ അവസാനമാണ് അനുമതിക്കുവേണ്ടി കമ്മിഷനെ സമീപിച്ചത്. കരാറിന്റെ വിശദാംശം ആവശ്യപ്പെട്ടിരിക്കുകയാണ് കമ്മിഷൻ.

ജി.എൻ.എ.: അന്വേഷണം നേരിടുന്ന കമ്പനി

ഓഹരി ഇടപാടുകളിൽ 173 കോടിയുടെ ക്രമക്കേട് ആരോപിക്കപ്പെട്ടതോടെ സെബിയുടെയും കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെയും അന്വേഷണം നേരിടുന്ന കമ്പനിയാണ് ജി.എൻ.എ. എനർജി പ്രൈവറ്റ് ലിമിറ്റഡ്. എം.ഡി. ഉൾപ്പെടെ എട്ടുപേർക്കെതിരേയാണ് അന്വേഷണം. കേന്ദ്ര കമ്മിഷന്റെ നയപരമായ ഒരു തീരുമാനം പുറത്തുവരും മുൻപേ ഇവർ രഹസ്യമായി അറിഞ്ഞു. ഇന്ത്യൻ എനർജി എക്സ്‌ചേഞ്ചിന്റെ ഓഹരി വില ഇടിയുമെന്ന് മനസ്സിലാക്കി ഓഹരി വ്യാപാരം നടത്തി 173 കോടിയുടെ ലാഭമുണ്ടാക്കിയെന്നാണ് കേസ്.