കോട്ടയം: അജിനാ രാജ് സീതാസ്വയംവരം ആടുമ്പോൾ മോഹിനിയുടെ എല്ലാ ഭാവങ്ങളും സദസ്സിലെ അമ്മമുഖത്തെ കണ്ണീരിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു. പദങ്ങളിൽ താളംപിടിച്ചും നനഞ്ഞ മിഴികൾ ഇടയ്ക്ക്‌ തുടച്ചും അമ്മ കെ.എ.പ്രസന്ന മകൾക്കൊപ്പം മനസ്സുകൊണ്ട് സഞ്ചരിച്ചു. നടനം പൂർത്തിയായപ്പോൾ ആ മുഖത്ത് ഒരു ലോകംജയിച്ച ആഹ്ലാദം. മകളെ ചേർത്തുപിടിച്ച് അമ്മ പറഞ്ഞു. ‘ഇതാണെന്റെ ലോകം. ഇവളാണെന്റെ അഭിമാനം.’

To advertise here,

കോട്ടയത്ത് സ്പെഷ്യൽ സ്കൂൾ കലോൽസവത്തിൽ സീനിയർ വിഭാഗം മത്സരം നടക്കവെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ഇൗ അമ്മയും മകളുമാണ്. 20 വയസ്സുള്ള മകളെ വേദിയിലേറ്റാൻ ഈ അമ്മ നടത്തിയ ശ്രമങ്ങൾ. നാലുവയസ്സുവരെ നടക്കാൻ കഴിയാഞ്ഞ മകൾ. ഒരു ദിവസം റേഡിയോയിൽ കേട്ട ആടിവാ ‘കാറ്റേ... എന്ന ഗാനമാണ് വഴിത്തിരിവായത്. പാട്ടുകേട്ടതും അജിന തലയാട്ടാനും സന്തോഷിക്കാനും തുടങ്ങി. പിന്നെ ക്ഷേത്രത്തിലെ ഗാനങ്ങൾ കേട്ടായി വീട്ടിലെ ചെറുനടനം.

ഭിന്നശേഷിക്കാരിയുടെ പരിമിതികൾക്കിടയിൽ ഒരു നർത്തകി വളർന്നുവന്നു. ‘അവൾക്ക് പഠിക്കാൻ പ്രയാസമുണ്ട്. പേരെഴുതാൻ പഠിച്ചു. പക്ഷേ, അതിലപ്പുറമാണ് പാട്ടുംആട്ടവും കേൾക്കാനും അനുകരിക്കാനുമുള്ള ശേഷി,’-അമ്മ പറയുന്നു.

കമലദളത്തിലെ ‘ആനന്ദനടനം ആടിനാൻ...’ എന്ന ഗാനംകേട്ടതോടെ മോഹൻലാലിനെപ്പോലെ നൃത്തം ചെയ്യാനായി ഇഷ്ടം. പിന്നെപ്പിന്നെ ലാലേട്ടൻ ആ മനസ്സിൽ പ്രചോദനമായിക്കൂടി.’ ‘ലാലേട്ടാ...ഐ ലവ് യു’ എന്നവാചകം ഇടയ്ക്കിടെ പറയും. തനിക്ക് എപ്പോഴാണ് ലാലേട്ടനെ കാണാൻ കഴിയുകയെന്നാണ് അജിനയുടെ ചോദ്യം. നന്നായി നൃത്തം ചെയ്താലെന്ന് അമ്മ മറുപടി പറയും.

ഓട്ടുകമ്പനി ജീവനക്കാരനായ പാപ്പിനിശ്ശേരി ജിജിനാ നിവാസിൽ രാജന്റെയും പ്രസന്നയുടെയും മകൾ ഇപ്പോൾ തിരുവനന്തപുരത്ത് മുതുകാട് അക്കാദമിയിലും പരിശീലനം നേടുന്നു. കണ്ണൂർ പ്രതീക്ഷാഭവനിലായിരുന്നു പ്രാഥമിക പഠനം. മകളുടെ കഴിവ് കണ്ടറിഞ്ഞാണ് മുതുകാട് അക്കാദമിയിൽ പ്രവേശനം കിട്ടിയത്. ‘പ്രസന്നയുടെ മകൾ എന്ന് പറയുന്നതിലും അടുപ്പമുള്ളവരും നാട്ടുകാരും ഇപ്പോൾ പറയുന്നത് അജിനയുടെ അമ്മ എന്നാണ്. ഈ ജൻമം അവൾക്കു മാത്രമുള്ളതാണ്.’-ആരോഗ്യവകുപ്പിലെ സ്ഥാനക്കയറ്റംപോലും മകൾക്കുവേണ്ടി ഉപേക്ഷിച്ച ആ അമ്മയുടെ അഭിമാനം വാക്കിൽ നിറഞ്ഞു.