പാലക്കാട്: മരിച്ചവരുടെ ക്ഷേമ പെൻഷൻ തുക വ്യാജമായി ഒപ്പിട്ട് കൈപ്പറ്റി തട്ടിപ്പ് നടത്തിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാർട്ടി നടപടി. പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഉൾപ്പെടുന്ന മണ്ണമ്പറ്റ ബ്രാഞ്ച് സെക്രട്ടറി സത്യനാരായണനെയാണ് സസ്‌പെൻഡ് ചെയ്തത്. മരിച്ച രണ്ടുപേരുടെ പെൻഷൻ തുക തട്ടിയെടുത്തതായി വിവരം പുറത്തുവന്നതിന് പിന്നാലെയാണ് പാർട്ടി അടിയന്തര നടപടിയെടുത്തത്. ഇയാളെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും സസ്‌പെൻഡ് ചെയ്തു.

To advertise here,

ശ്രീകൃഷ്ണപുരം മണ്ണമ്പറ്റയിലെ പരേതരായ കൃഷ്ണൻകുട്ടി പണിക്കർ, നാരായണഗുപ്ത എന്നിവരുടെ ക്ഷേമ പെൻഷൻ തുകയാണ് സത്യനാരായണൻ വ്യാജ ഒപ്പിട്ട് വാങ്ങി തട്ടിയെടുത്തത്. ഇതിൽ കൃഷ്ണൻകുട്ടി പണിക്കർ ജൂലായ് ആദ്യവും നാരായണഗുപ്ത ഓഗസ്റ്റിലുമാണ് മരിച്ചത്. എന്നാൽ ഇരുവരുടെയും മരണശേഷവും വ്യാജ ഒപ്പുകൾ ഇട്ട് സത്യനാരായണൻ പെൻഷൻ പണം കൈപ്പറ്റുകയായിരുന്നുവെന്ന് തട്ടിപ്പ് വിവരങ്ങൾ പരിശോധിച്ചതിൽ കണ്ടെത്തിയിട്ടുണ്ട്. പ്രഥമദൃഷ്ട്യാ ഇയാൾ കുറ്റം ചെയ്തുവെന്ന പാർട്ടിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവം പുറത്തറിഞ്ഞതോടെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ബിജെപിയും മുന്നോട്ടുവന്നു. വിഷയത്തിൽ പോലീസിൽ അടക്കം ഔദ്യോഗികമായി പരാതി നൽകാനുള്ള തയാറെടുപ്പിലാണ് ഇരു പ്രതിപക്ഷ പാർട്ടികളും. പാർട്ടി ബ്രാഞ്ച് സെക്രട്ടറിയുടെ മുൻകൈയിൽ തന്നെ ഇത്തരമൊരു ക്ഷേമ പെൻഷൻ തട്ടിപ്പ് നടന്നത് സിപിഎമ്മിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.