
തൃശ്ശൂർ: ഭർത്താവിന്റെ മൃതദേഹം വീട്ടിലേക്കുകൊണ്ടുവരുന്നതറിഞ്ഞ് മകനും മരുമകളും വാതിൽപൂട്ടി പോയപ്പോൾ നിസ്സഹായതയോടെ കൈകൂപ്പിയിരിക്കാനേ റോസിലിക്കുകഴിഞ്ഞുള്ളൂ. ഒടുവിൽ റോസിലിയുടെ തീരുമാനപ്രകാരം മൃതശരീരം മുറ്റത്തുകിടത്തി അന്ത്യശുശ്രൂഷകൾചെയ്തു.
എട്ടുമാസം മുൻപ് വേർപെട്ടതാണ് അരിമ്പൂർ കൈപ്പിള്ളി പ്ലാക്കൻ തോമസി(79)ന്റെയും റോസിലിയുടെയും ഒന്നിച്ചുള്ളജീവിതം. രണ്ട് അനാഥമന്ദിരങ്ങളുടെ തണൽ തേടിയപ്പോഴും റോസിലി ആശ്വസിച്ചിരുന്നത് ഭർത്താവ് മറ്റൊരിടത്ത് സമാധാനത്തോടെ കഴിയുന്നുവെന്നതിലായിരുന്നു. ബുധനാഴ്ച പനിബാധിച്ച് തോമസ് എന്നെന്നേക്കുമായി വിടപറയുന്നവേളയിൽ ഒപ്പമിരിക്കാൻ പറ്റാതെപോയതിന്റെ സങ്കടം തളർത്തുന്നുണ്ടവരെ.
മകന്റെയും മരുമകളുടെയും ശാരീരികോപദ്രവങ്ങൾ സഹിക്കാനാവുന്നില്ലെന്ന് പോലീസിൽ പരാതിനൽകിയശേഷം കഴിഞ്ഞ ഡിസംബറിലാണ് തോമസും റോസിലിയും വീടുവിട്ടിറങ്ങിയത്. സാമൂഹികക്ഷേമവകുപ്പ് അധികൃതരുടെ ഇടപെടലിനെത്തുടർന്നാണ് രണ്ട് സ്ഥാപനങ്ങളിൽ ഇരുവരും അന്തേവാസികളായത്.
ഭർത്താവ് യാത്രയായ സ്ഥിതിക്ക് ഇനി ആരോടും പരാതിയില്ലെന്നും റോസിലി പറയുന്നു. ഇതുവരെ കഴിഞ്ഞിരുന്ന കാരമുക്ക് കൃപാസദനത്തിലേക്കുതന്നെ മടങ്ങാനുള്ള തീരുമാനത്തിലാണ് ഈ എഴുപത്തിയാറുകാരി. അതിനിടെ, സംഭവത്തെക്കുറിച്ച് റിപ്പോർട്ടുനൽകാൻ കളക്ടർ അർജുൻ പാണ്ഡ്യൻ ജില്ലാ സാമൂഹികനീതിവകുപ്പ് മേധാവിയോട് ആവശ്യപ്പെട്ടു.
ബുധനാഴ്ച ഒൻപതരയോടെ തോമസിന്റെ മൃതദേഹം വീട്ടുമുറ്റത്തെത്തിച്ചപ്പോൾ മകനോടും മരുമകളോടും മടങ്ങിയെത്തി വാതിൽതുറക്കാൻ പരിചയക്കാർ പലരും ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയിരുന്നില്ല. അന്തിക്കാട് പോലീസും ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല.
Content Highlights: son and daughter in law refused to allow father's body to be brought into their home
Published: 25 Jul 2025, 07:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented