കണ്ണൂർ: ധർമ്മടം മുഴപ്പിലങ്ങാടിൽ കെ റെയിൽ സർവെ കല്ലിടലുമായി ബന്ധപ്പെട്ട് പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലാണ് കല്ലിടലിനിടെ പ്രതിഷേധമുണ്ടായത്‌. കല്ലിടാൻ വേണ്ടി രാവിലെ ഉദ്യോഗസ്ഥർ എത്തിയപ്പോൾ തന്നെ നാട്ടുകാരും വീട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്ത്രീകളാണ് പ്രതിഷേധ രംഗത്തുണ്ടായിരുന്നത്‌.

To advertise here,

'വീടിന്റെ പേരിൽ നിരവധി കടബാധ്യകളുണ്ട്. ആ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നാൽ എന്ത് ചെയ്യും' എന്നാണ് ഒരു വീട്ടമ്മ ചോദിച്ചത്‌.

'സാധാരണക്കാരെ കൊന്നിട്ട് വേണോ വികസനം, ഇതിലും ഭേദം മോദി ഭരണം. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി സമാധാനം പറയേണ്ടി വരും. മുഖ്യമന്ത്രിയുടെ വീടിന് മുമ്പിൽ സത്യാഗ്രഹമിരിക്കും.' വീട്ടുടമസ്ഥകളായ സ്ത്രീകൾ പറയുന്നു. ഒരുപാട് ലക്ഷങ്ങളുടെ കടമുണ്ട് വീടിന്‌. ഇതൊക്കെ പോകുന്നു എന്നാണ് പറയുന്നത്.

നേരത്തെ തന്നെ വലിയ രീതിയിൽ ഇവിടെ പ്രതിഷേധം നടന്നിരുന്നു. നേരത്തെയും ഇവിടെ കല്ലിട്ടിരുന്നു. എന്നാൽ ഇത് പിഴുതെറിയുകയായിരുന്നു. ഈ സ്ഥലത്താണ് ഇപ്പോൾ വീണ്ടും കല്ലിട്ടത്. കല്ല് സ്ത്രീകൾ തന്നെ രംഗത്തെത്തി പിഴുതു മാറ്റുകയും ചെയ്തു. പോലീസ് സന്നാഹം ഉണ്ടെങ്കിലും സ്ത്രീകൾ രംഗത്തുണ്ട് എന്നത് കൊണ്ട് തന്നെ ചെറുത്ത് നിൽക്കേണ്ടതില്ല എന്നാണ് പോലീസ് നിലപാട്.

പോലീസും പ്രതിഷേധക്കാരും തമ്മിൽ പ്രശ്നം ഉണ്ടായപ്പോൾ ഫാത്തിമ എന്ന വീട്ടമ്മയ്ക്ക് ആരോഗ്യപ്രശ്നം ഉണ്ടാവുകയും വീട്ടിലേക്ക് മാറ്റുകയും ചെയ്തു. സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.