കോട്ടയം: അതിര്‍ത്തികാക്കാന്‍ പുലര്‍ത്തിയ ജാഗ്രത. അതിപ്പോഴും നഷ്ടപ്പെടാതെ മാടപ്പള്ളി ആനപ്പാറയ്ക്കല്‍ എ.ടി.വര്‍ഗീസ് കാത്തുസൂക്ഷിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തില്‍ എല്ലാ ദിവസവും പങ്കെടുത്തത്. 1000 ദിവസവും മുടങ്ങാതെ എത്തിയ ഒരേയൊരാള്‍.

To advertise here,

സമരത്തിന് 1000 ദിനംപിന്നിട്ട ദിവസം അദ്ദേഹം സംസാരിക്കുന്നു.

? എങ്ങനെ ഇത് സാധിച്ചു.?

*കഴിയുന്നത്ര ദിവസം സമരത്തില്‍ പങ്കെടുക്കണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ഞാന്‍ പന്തലിന് തൊട്ടടുത്താണ് താമസിക്കുന്നത്. ആദ്യം അവിടെ വരുന്നത് ഞാനാണ്. പരിസരം വൃത്തിയാക്കും. സീറ്റിടും. 11.30 വരെ പന്തലില്‍ ഇരിക്കും.

? ഇത്രയും ദിവസത്തിനിടെ സ്വന്തമായി എന്തെങ്കിലുമൊക്കെ ആവശ്യത്തിന് പോകേണ്ടി വന്നിട്ടില്ലേ.?

* അധികം ദൂരേക്ക് പോകേണ്ടിവന്നിട്ടില്ല. എന്തായാലും എല്ലാദിവസവും ഇവിടെ വരാനായി.

? എത്ര വയസ്സുണ്ട്. എന്ത് ജോലി ചെയ്തിരുന്നു.?

* 80 വയസ്സുണ്ട്. വിമുക്തഭടനാണ്. ബോര്‍ഡര്‍ റോഡ്‌സിലായിരുന്നു സേവനം. രാഷ്ട്രപതിയുടെ പുരസ്‌കാരവും നേടിയിട്ടുണ്ട്.

? വിമുക്തഭടനെന്നത് ഈ സമരത്തില്‍ ഗുണമായിട്ടുണ്ടോ?

* നിശ്ചയമായും. ഒരുകാര്യത്തില്‍ ഇറങ്ങി ദൃഢനിശ്ചയത്തോടെ പോകുകയെന്നത് ആ ജോലി നല്‍കിയ പാഠമാണ്.

? എന്താണ് സമരത്തിന്റെ ആവശ്യം?

* സില്‍വര്‍ലൈന്‍ സംബന്ധിച്ച എല്ലാ ഉത്തരവുകളും പിന്‍വലിച്ച് പദ്ധതി റദ്ദാക്കണം.

? പദ്ധതി അങ്ങയെ എങ്ങനെ ബാധിക്കും?

* എന്റെ പറമ്പിന്റെ മധ്യത്തിലൂടെയാണ് പാത പോകുന്നത്. ഇത് വെട്ടിമുറിക്കലാണ്. രണ്ടിടവും ഒന്നിനും കൊള്ളില്ല.