
എംഎസ്‌സി എൽസ-3 കപ്പലിലെ രാസവസ്തുക്കൾ കടലിൽ വലിയ മലിനീകരണമുണ്ടാക്കിയതായി പഠനം
ആലപ്പുഴ: മേയ് 24-ന് ആലപ്പുഴ തീരത്തോടു ചേർന്ന് കടലിൽ തകർന്ന എംഎസ്‌സി എൽസ-3 കപ്പലിലെ രാസവസ്തുക്കൾ കടലിൽ വലിയ മലിനീകരണമുണ്ടാക്കിയതായി പഠനം. കേന്ദ്ര ഭൗമമന്ത്രാലയത്തിനു കീഴിലെ സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്‌സസ് ആൻഡ് ഇക്കോളജി(സിഎംഎൽആർഇ)യാണ് പഠനം നടത്തിയത്. കപ്പലിന്റെ ഇന്ധന കംപാർട്മെന്റുകൾ ചോർച്ചയുണ്ടാകാതെ അടയ്ക്കണമെന്നും കപ്പൽ തകർന്ന പ്രദേശം ദീർഘകാലം നിരീക്ഷിക്കണമെന്നും നിർദേശിച്ചിട്ടുമുണ്ട്.
ജൂൺ രണ്ടുമുതൽ 12 വരെ കൊച്ചിക്കും കന്യാകുമാരിക്കും ഇടയിൽ കടലിലെ 23 ഇടങ്ങളിൽനിന്ന് സാംപിളെടുത്താണു പരിശോധിച്ചത്. കപ്പൽ 367 ടൺ ഫർണസ് ഓയിലും 84 ടൺ ലോ സൾഫർ ഡീസലുമാണു വഹിച്ചിരുന്നത്.
കപ്പൽ തകർന്നതിന്റെ രണ്ടു ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ആദ്യം എണ്ണപ്പാളി കണ്ടിരുന്നു. പെട്രോളിയത്തിൽനിന്നുള്ള മാലിന്യമായിരുന്നു അത്. ആ സമയം കടൽ ശാന്തമായിരുന്നതിനാൽ മാലിന്യം മധ്യ ആഴത്തിലാണ് നിലകൊണ്ടത്. എന്നാൽ, അതേ പ്രദേശം വീണ്ടും സന്ദർശിച്ചപ്പോൾ ഉപരിതലത്തിൽ കൂടുതൽ എണ്ണപ്പാളി കണ്ടതായി റിപ്പോർട്ട് പറയുന്നു.
മറ്റു കണ്ടെത്തലുകൾ
• നാഫ്തലീൻ, ലൂറീൻ, ആന്ത്രാസീൻ, ഫിനാന്ത്രീൻ, ഫ്ലൂറാന്തീൻ, പൈറീൻ എന്നീ മൂലകങ്ങൾ കണ്ടു. ഇതിൽ നാഫ്തലീന്റെ അളവ് വളരെക്കൂടുതലായിരുന്നു. കപ്പലിൽനിന്ന് വലിയ ചോർച്ചയുണ്ടായെന്നാണ് ഇതു വ്യക്തമാക്കുന്നത്. നിക്കൽ, ലെഡ്, കോപ്പർ, വനേഡിയം എന്നീ ലോഹങ്ങളുടെ സാന്നിധ്യം അപകടമുണ്ടായ സ്ഥലത്തെ വെള്ളത്തിലും അവശിഷ്ടങ്ങളിലും കണ്ടു. ഘനലോഹ മാലിന്യങ്ങളുടെ സാന്നിധ്യമാണ് ഇതു സൂചിപ്പിക്കുന്നത്.
• മീനുകൾ ഭക്ഷണമാക്കുന്ന സൂപ്ലാങ്‌ക്‌ടണിൽ പെട്രോളിയത്തിൽനിന്നുള്ള മാലിന്യം കണ്ടു. മീനുകളുടെ പ്രജനനസമയമായ തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണായിരുന്നത് സ്ഥിതി വഷളാക്കി. പ്രദേശത്തുനിന്നു ശേഖരിച്ച മീൻമുട്ടകളും മീൻകുഞ്ഞുങ്ങളും നാശത്തിലായിരുന്നു. ഇതു മലിനീകരണത്തിന്റെ ആഘാതമാണെന്ന സൂചന നൽകുന്നു.
• കടലിന്റെ അടിത്തട്ടിലെ പല സൂക്ഷ്മജീവികളും നശിച്ചു. മാലിന്യങ്ങളെ അതിജീവിക്കാൻ ശേഷിയുള്ളവ മാത്രമാണ് ബാക്കിയായത്. ഇതു ദീർഘകാല പ്രത്യാഘാതമുണ്ടാക്കുന്നതാണ്.
• കടൽക്കാറ്റും അടിയൊഴുക്കും ഉണ്ടായിട്ടും അപകടം നടന്ന് ദിവസങ്ങൾക്കു ശേഷവും പ്രദേശത്ത് എണ്ണസാന്നിധ്യം കണ്ടത് ചോർച്ച തുടരുന്നുവെന്ന സൂചനയാണ്.
• കപ്പലപകടം നടന്ന സ്ഥലത്ത് ഹൈഡ്രോകാർബണുകളെ വിഘടിപ്പിക്കാൻ ശേഷിയുള്ള ബാക്ടീരിയയുടെ അളവു കൂടുതലായിരുന്നു. ഇതു മലിനീകരണത്തിന്റെ തോത് വ്യക്തമാക്കുന്നു.
Published: 25 Sept 2025, 08:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented