തൃശ്ശൂർ : ജില്ലയുടെ ഭരണസാരഥ്യം ഇനി ശിഖാ സുരേന്ദ്രന്റെ കരങ്ങളിൽ. കാസർകോട്ടേക്ക് സ്ഥലംമാറിയ അർജുൻ പാണ്ഡ്യനിൽനിന്ന് തിങ്കളാഴ്ച രാവിലെയാണ് ശിഖ ചുമതലയേറ്റത്. ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും തിങ്ങിനിറഞ്ഞ ചേംബറിലായിരുന്നു ചടങ്ങ്.

To advertise here,

രാവിലെ ഒൻപതരയോടെതന്നെ പുതിയ കളക്ടറെ വരവേൽക്കാനായി അർജുൻ പാണ്ഡ്യൻ ചേംബറിലെത്തി. പതിനഞ്ചു മിനിറ്റനകമാണ് ശിഖാ സുരേന്ദ്രനും കുടുംബവും പ്രവേശിച്ചത്. പരസ്പരം കൈകൊടുത്തും ആശംസകളറിയിച്ചുമായിരുന്നു ഇരു കളക്ടർമാരുടെയും ഉപചാരം. തുടർന്ന് ചുമതലയൊഴിയുന്ന രേഖകളിൽ അർജുൻ പാണ്ഡ്യൻ ഒപ്പിട്ടു.

തുടർന്ന് കസേര ശിഖയ്ക്ക് കൈമാറി. മേശയിൽ തൊട്ടുവന്ദിച്ച് ഇരുന്നതിനുശേഷം തൃശ്ശൂരിന്റെ ഭരണച്ചുമതലയേൽക്കുന്ന രേഖകളിൽ ഒപ്പിട്ടു. അർജുൻ പാണ്ഡ്യനും കൃഷ്ണതേജയ്ക്കുംമുൻപ് കളക്ടറായിരുന്ന ഹരിത വി. കുമാറിനുശേഷം കളക്ടറായി വീണ്ടും ഒരു വനിത. ചടങ്ങിന് സാക്ഷിയായി പ്രിയപ്പെട്ട അച്ഛനോടു ചേർന്നുനിൽക്കുന്ന ചിത്രവും പുതിയ കളക്ടർ മേശപ്പുറത്തുവെച്ചു. മകൾ ആദ്യമായി കളക്ടറാകുന്ന ചടങ്ങിന്റെ മുൻനിരക്കാഴ്ചക്കാരിയായി അമ്മ സിലോ സുരേന്ദ്രനുണ്ടായിരുന്നു.

മടിയിൽ ശിഖയുടെ മകൾ പ്രീ-പ്രൈമറി വിദ്യാർഥി സാൻവി ശങ്കരി. തൊട്ടപ്പുറത്ത് ചേച്ചി നിവയും മക്കളായ ഹൃഷികയും ഹൃഷിദേവും. ശിഖാ സുരേന്ദ്രന്റെ ഭർത്താവ് അനൂപ് അച്യുതൻ തിരുവനന്തപുരത്ത് റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥനാണ്.

തൃശ്ശൂരിനെയും പൂരത്തെയും നേരിട്ടറിയാം

തൃശ്ശൂരിലെ ജില്ലാ വികസന കമ്മിഷണറായി സേവനമനുഷ്ഠിച്ചിരുന്ന അനുഭവം പുതിയ ചുമതലയിൽ ഏറെ പ്രയോജനംചെയ്യുമെന്ന് കരുതുന്നതായി ശിഖാ സുരേന്ദ്രൻ. കൃഷ്ണതേജ കളക്ടറായിരുന്ന കാലത്ത് തൃശ്ശൂർ പൂരം നടത്തിപ്പുമായി അടുത്ത ബന്ധം പുലർത്താനായി.

ഇതാണോ കലങ്ങിയ പൂരമെന്ന ചോദ്യത്തിന് അല്ലായെന്നും അതിന് മുൻപായിരുന്നെന്നുമാണ് ചിരിച്ചുകൊണ്ടുള്ള മറുപടി. തിരഞ്ഞെടുപ്പും പൂരവുമാണ് ഏറ്റവും പ്രധാനപ്പെട്ട അടിയന്തര ചുമതലകൾ. മുൻഗാമികൾ നടത്തിയ മികച്ച പ്രവർത്തനം തുടരാനാകുമെന്നാണ് തികഞ്ഞ പ്രതീക്ഷയെന്നും പുതിയ കളക്ടർ പറഞ്ഞു.

സ്നേഹംനിറഞ്ഞ മനസ്സുമായി പടിയിറക്കം

ചുമതലയേൽപ്പിച്ചശേഷം മാധ്യമങ്ങളോടു പ്രതികരിച്ച അർജുൻ പാണ്ഡ്യൻ എല്ലാത്തിനുംമേലെ തൃശ്ശൂരിന്റെ സ്നേഹം നിറഞ്ഞ മനസ്സുമായാണ് പോകുന്നതെന്ന് പറഞ്ഞു. പൊടുന്നനെയുള്ള മാറ്റത്തിനു കാരണം ചോദിച്ചപ്പോൾ മാറ്റം അപ്രതീക്ഷിതമായിരുന്നെന്നും എന്നാൽ, സർക്കാർ ഉദ്യോഗസ്ഥർക്ക് ഇത് പുതിയ കാര്യമല്ലെന്നുമായിരുന്നു മറുപടി.

ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും മാധ്യമങ്ങളുടെയുമെല്ലാം സഹകരണത്തോടെ ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. നല്ല കാര്യങ്ങൾ ചെയ്യാൻ പുതിയ കളക്ടർക്കും കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അർജുൻ പാണ്ഡ്യനെ കളക്ടറേറ്റിന്റെ പ്രധാന കവാടത്തിലേക്കാനയിക്കാൻ ഒട്ടേറെ ജീവനക്കാരെത്തി. ചൊവ്വാഴ്ച കാസർകോട്ട് ചുമതലയേൽക്കും.