പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനത്തെക്കുറിച്ചും കേരളത്തിൽ ഇടത്പക്ഷ സർക്കാർ വ്യവസായ മേഖലയിൽ കൈവരിച്ചതായി പറയപ്പെടുന്ന നേട്ടങ്ങളെക്കുറിച്ചും താങ്കൾ നടത്തിയ പരാമർശങ്ങൾ വിവാദമായിരിക്കുകയാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെ കോൺഗ്രസ് നിലപാട് കടുപ്പിക്കുന്നതിനിടയിലാണ് താങ്കളുടെ ഈ വീക്ഷണങ്ങൾ വന്നിരിക്കുന്നത്. ഇതിലൂടെ താങ്കൾ നൽകുന്ന സന്ദേശം എന്താണ്?
കഴിഞ്ഞ 16 വർഷങ്ങളായി ഞാൻ കേരളത്തിന്റെ വികസനത്തെക്കുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ നാട് വിട്ട് പോകേണ്ടി വരുന്നത് തൊഴിൽ ലഭ്യതയുടെ കുറവു കൊണ്ടാണ്. വ്യവസായ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയാണ് ഇതിനുള്ള പരിഹാരങ്ങളിലൊന്ന്. അതിന് വേണ്ടത് നിക്ഷേപമാണ്. ഈ മേഖലയിൽ ഇടത്പക്ഷ സർക്കാർ പരാജയമാണെന്ന് ഞാൻ പല തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനിടയിലാണ് ഗ്ലോബൽ സ്റ്റാർട്ട്-അപ് ഇക്കോ സിസ്റ്റം റിപ്പോർട്ടിൽ കേരളം വലിയ മുന്നേറ്റം നടത്തിയതായി വാർത്ത വന്നത്.
ഈ വാർത്ത സത്യമാണെങ്കിൽ അതിനെ അംഗീകരിക്കേണ്ടതില്ലേ എന്നാണ് ഞാൻ ചോദിച്ചത്. ആ റിപ്പോർട്ടിലെ വസ്തുതകളുടെ അടിസ്ഥാനത്തിലായിരുന്നു എന്റെ ലേഖനം. ഇത്തരം മുന്നേറ്റം എല്ലാ പാർട്ടികളും സ്വാഗതം ചെയ്യേണ്ടതായുണ്ട്. കേരളത്തിന്റെ മൊത്തം സമ്പദ് വ്യവസ്ഥയെക്കുറിച്ചോ അതിൽ ഇടത്പക്ഷ സർക്കാരിന്റെ പ്രകടനത്തെക്കുറിച്ചോ അല്ല എന്റെ ലേഖനം ചർച്ച ചെയ്തത്. തൊഴിലില്ലായ്മയും കാർഷിക മേഖലയിലെ മുരടിപ്പും കൈകാര്യം ചെയ്യുന്നതിൽ ഈ സർക്കാരനുണ്ടായിട്ടുള്ള പരാജയം നിശിതമായി വിമർശിച്ചിട്ടുള്ള ആളാണ് ഞാൻ. ഇടത്പക്ഷ സർക്കാരിനോ കേന്ദ്ര സർക്കാരിനോ ഒരിക്കലും ഞാൻ ക്ലീൻചിറ്റ് കൊടുത്തിട്ടില്ല.
പല സംസ്ഥാനങ്ങളിലും കർഷകർ ആത്മഹത്യ ചെയ്തപ്പോൾ കേരളത്തിൽ മാത്രമാണ് വ്യവസായ സംരംഭകർ ആത്മഹത്യ ചെയ്തതെന്ന് താങ്കൾ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ലേഖനം വായിക്കാത്തവരാണോ താങ്കൾക്കെതിരെ വിമർശം ഉന്നയിക്കുന്നത്?
അങ്ങിനെയാണ് എനിക്ക് തോന്നുന്നത്. കേരളത്തിൽ ഇൻവെസ്റ്റർ പ്രൊട്ടക്ഷൻ നിയമം കൊണ്ടുവരണമെന്ന് ഞാൻ ലേഖനത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇടത്പക്ഷ സർക്കാരിനെ വെറുതെ പ്രശംസിക്കുകയല്ല മറിച്ച് പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടുകയും അതിന് മാറ്റമുണ്ടാവണമെന്ന് ആവശ്യപ്പെടുക കൂടിയാണ് ഞാൻ ചെയ്തത്. ഇത്തരം സംഗതികൾ കോൺഗ്രസ് അധികാരത്തിൽ വരുമ്പോഴും തുടരണമെന്നും അന്ന് സിപിഎം അതിനെ എതിർക്കരുതെന്നുമാണ് എന്റെ നിലപാട്. പ്രധാനമന്ത്രി മോദിയും അമേരിക്കൻ പ്രസിഡന്റ് ട്രംപും തമ്മിൽ നടന്ന കൂടിക്കാഴ്ചയെക്കുറിച്ചുള്ള ആദ്യ പ്രതികരണമാണ് ഞാൻ നടത്തിയത്.
അമേരിക്ക ഇന്ത്യയ്ക്ക് മേൽ കനത്ത താരിഫ് ചുമത്തുമോ എന്ന പേടിയുണ്ടായിരുന്നു. എന്നാൽ അടുത്ത ഒമ്പത് മാസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്തശേഷമാണ് ഈ വിഷയത്തിൽ തീരുമാനമുണ്ടാവുക എന്നാണ് ഇപ്പോൾ അറിയുന്നത്. ഇത് സ്വാഗതം ചെയ്യപ്പെടേണ്ടതായുണ്ട്. അതേസമയം തന്നെ ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുമ്പോൾ കൈയ്യാമം വെയ്ക്കുന്നതും മറ്റും അവസാനിപ്പിക്കുന്നത് പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റിനോട് സംസാരിച്ചിട്ടുണ്ടാവുമെന്നാണ് ഞാൻ കരുതുന്നതെന്നും അങ്ങിനെയല്ലെങ്കിൽ അത് പ്രതിഷേധാർഹമാണെന്നും ഞാൻ പറഞ്ഞിരുന്നു.
കോൺഗ്രസിന്റെ കമ്മ്യൂണിക്കേഷൻസ് വിഭാഗം മേധാവി ജയ്‌റാം രമേഷ് പറഞ്ഞത് കോൺഗ്രസിൽ സംസാര സ്വാതന്ത്ര്യം മാത്രമല്ല സംസാരിച്ചുകഴിഞ്ഞാലും സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ പാർട്ടിയുടെ നിലപാടാണ് പരമപ്രധാനമെന്നുമാണ്?
ഞാൻ പലപ്പോഴും ഒരു രാഷ്്രടീയക്കാരനെപ്പോലെയല്ല സംസാരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. സർക്കാർ ചെയ്യുന്ന എന്തിനെയും വിമർശിക്കുക എന്റെ ശീലമല്ല. നല്ലത് കണ്ടാൽ ഞാൻ അതിനെക്കുറിച്ച് പറയും. അതുകൊണ്ടാണ് എന്റെ വിമർശങ്ങളും ആളുകൾ ഗൗരവത്തോടെ കാണുന്നത്. ഞാൻ വെറുതെ വിമർശിക്കുകയില്ല എന്ന് ജനങ്ങൾക്കറിയാം.
കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടുകൾക്കെതിരെ സംസാരിച്ചിട്ടില്ലെന്നും ചില വിഷയങ്ങളിൽ വ്യക്തിഗത അഭിപ്രായങ്ങൾ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നുമാണോ?
ബിജെപിയുടെ സ്ഥാനാർത്ഥിയെയാണ് ഞാൻ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽപിച്ചത്. ഞാൻ വിജയിച്ച നാല് തിരഞ്ഞെടുപ്പുകളിൽ മൂന്നിലും രണ്ടാം സ്ഥാനത്ത് ബിജെപിയായിരുന്നു. ബിജെപിക്കെതിരെ ഏറ്റവും ശക്തമായി പോരാടുന്നയാളാണ് ഞാൻ. ബിജെപിയുമായി ഒരിക്കലും ഞാൻ സന്ധിചെയ്തിട്ടില്ല. ഇടത്പക്ഷത്തിനെതിരെയും എന്റെ നിലപാട് സുവ്യക്തമാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എന്നെ പരാജയപ്പെടുത്താൻ ഇടത്പക്ഷം വലിയ ശ്രമമാണ് നടത്തിയത്. ഞാൻ പറഞ്ഞതിൽ നിന്ന് ഒരു വാചകം അടർത്തിമാറ്റി വിമർശിക്കുന്നവരാണ് പുനർവിചിന്തനം നടത്തേണ്ടത്. എല്ലാവരേയും എല്ലാക്കാലത്തും സന്തോഷിപ്പിക്കാനാവില്ല. ലേഖനത്തിൽ നിന്നോ എന്റെ പ്രസ്താവനയിൽ നിന്നോ ഒരു വാക്ക് പോലും പിൻവലി്േക്കണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
അടുത്തിടെ മാതൃഭൂമി സാഹിത്യോത്സവ വേദിയിൽ മണി ശങ്കർ അയ്യർ പറഞ്ഞത് ശശി തരൂരിന്റെ കഴിവുകൾ പ്രയോജനപ്പെടുത്താത്തതിന് കോൺഗ്രസ് വലിയ വില നൽകിക്കൊണ്ടിരിക്കുയാണെന്നാണ്?
എന്റെ ശ്രമം നല്ലൊരു ജനപ്രതിനിധിയായി പ്രവർത്തിക്കുകയാണ്. പിന്നെ ജനാധിപത്യത്തിൽ എന്റെ ചിന്തകൾ പങ്കുവെയ്ക്കുന്നതിൽ നിന്ന് ആർക്കുംഎന്നെ തടയാനാവില്ല. തെറ്റ് ചൂണ്ടിക്കണിച്ചാൽ തിരുത്തുന്നതിൽ സന്തോഷമേയുള്ളു. അത് പക്ഷേ, വസ്തുതകളുടെ അടിസ്ഥാനത്തിലായരിക്കണം.പാർലമെന്റിന് പുറത്ത് എനിക്കാകെയുണ്ടായിരുന്ന ഒരു ദൗത്യം പ്രൊഫഷനൽ കോൺഗ്രസ്സിലായിരുന്നു. ഒരു വർഷം മുമ്പ് അതില്ലാതായി. ഇപ്പോൾ പാർലമെന്റിന് വെളിയിൽ എനിക്ക് പാർട്ടി ദൗത്യങ്ങളൊന്നുമില്ല. എന്നെ എങ്ങിനെ പ്രയോജനപ്പെടുത്തണം എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്.
Content Highlights: Shashi Tharoor reacts to the article controversy
Published: 17 Feb 2025, 08:31 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented