തിരുവനന്തപുരം: 16-ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെ തിരഞ്ഞെടുത്തു. 39 വർഷങ്ങൾക്ക് ശേഷമാണ് കേരള നിയമസഭയിൽ ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കർ എത്തുന്നത്.

To advertise here,

99 വോട്ടുകളാണ് ഷാനിമോൾ ഉസ്മാന് ലഭിച്ചത്. 34 വോട്ടുകളാണ് മുഹമ്മദ് മുഹസിന് ലഭിച്ചത്. 35 അംഗ എൽഡിഎഫ് അംഗങ്ങളിൽ ഒരാൾ സഭയിൽ എത്തിയിരുന്നില്ല. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. യുഡിഎഫ് എംഎൽഎമാരായ ആബിദ് ഹുസൈൻ തങ്ങൾ, സന്ദീപ് വാര്യർ എന്നിവരും ഇടത് എംഎൽഎ സി.കെ ഹരീന്ദ്രനും സഭയിൽ ഹാജാരായില്ല. എൻഡിഎയുടെ മൂന്ന് എംഎൽഎമാരും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു

കെ.എസ്.യു.വിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ഷാനിമോൾ ഉസ്മാൻ പിന്നീട് കെപിസിസിയിലും എഐസിസിയിലും അംഗമായി. മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ, ആലപ്പുഴ നഗരസഭാ മുൻ അധ്യക്ഷ എന്ന നിലയിലും പ്രവർത്തിച്ചു. 2019-ൽ അരൂരിൽനിന്ന് ഉപതിരഞ്ഞെടുപ്പിലൂടെയാണ് നിയസഭയിൽ എത്തുന്നത്. 2026-ൽ അരൂരിൽനിന്ന് വീണ്ടും സഭയിൽ എത്തി.

2019-ൽ എ.എം. ആരിഫ് ലോക്സഭയിലേക്ക് വിജയിച്ചതിനെ തുടർന്നായിരുന്നു അരൂരിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഈ തിരഞ്ഞെടുപ്പിൽ മണ്ഡലം ഷാനി മോൾ ഉസ്മാനിലൂടെ യുഡിഎഫ് പിടിച്ചെടുത്തെങ്കിലും പിന്നീട് 2021-ൽ ദലീമയിലൂടെ എൽഡിഎഫ്  മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു. 2026-ൽ ഷാനിമോൾ ഉസ്മാനിലൂടെ വീണ്ടും യുഡിഎഫ് വിജയക്കൊടി പാറിച്ചു. 9,324 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അരൂരിൽനിന്ന് ഷാനിമോൾ ഉസ്മാൻ ഇത്തവണ ജയിച്ചത്.

1966-ൽ ആലപ്പുഴ തകഴിയിലാണ് ഷാനിമോൾ ഉസ്മാന്റെ ജനനം. എംഎ, എൽഎൽബിയാണ് വിദ്യാഭ്യാസ യോഗ്യത. അഭിഭാഷകയായും പ്രവർത്തിച്ചു.