പതിനെട്ടാം ലോക്‌സഭയുടെ തുടക്കം ചില അസാധാരണ സംഭവങ്ങള്‍ക്കൊണ്ട്  ശ്രദ്ധേയമായിരുന്നു. തോല്‍ക്കുമെന്നുറപ്പുണ്ടായിട്ടും സ്പീക്കര്‍ പദവിയിലേക്ക് മത്സരം നടന്നു. സഭയുടെ ചരിത്രത്തില്‍ അപൂര്‍വമായി ഒരു വോട്ടെടുപ്പിലേക്ക്  കാര്യങ്ങള്‍ പോയെങ്കിലും ശബ്ദവോട്ടോടെ ഓം ബിര്‍ള വീണ്ടും സ്പീക്കറാവുന്ന കാഴ്ചയും കണ്ടു. ഇതിനിടെയാണ് ഇങ്ങനെയൊരു മത്സരത്തിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന ചോദ്യമുയര്‍ന്നത്. പക്ഷെ, ഈ മത്സരത്തിന് പിന്നില്‍ ഡെപ്യൂട്ടി സ്പീക്കറെന്ന പ്രതിപക്ഷ ആവശ്യം നിരസിച്ചതിന്റെ പ്രതിഷേധം കൂടിയുണ്ടായിരുന്നു. ലോക്‌സഭയിലെ സ്പീക്കര്‍ സ്ഥാനത്തേക്ക് ഭരണകക്ഷിയുടെ പ്രതിനിധി തന്നെയായിരുന്നു പൊതുവെ നിയോഗിക്കപ്പെടാറുള്ളതെങ്കിലും ഡെപ്യൂട്ടി സ്ഥാനത്തേക്കെത്താറ് പ്രതിപക്ഷനിരയില്‍ നിന്നാണ് അതാണ് കീഴ്‌വഴക്കം. കഴിഞ്ഞ അഞ്ചു വര്‍ഷം ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. 

To advertise here,

സ്പീക്കര്‍ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ സമീപിച്ച ബി.ജെ.പി. നേതൃത്വത്തോട് ഒറ്റക്കാര്യമാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്. സ്പീക്കറെ പിന്തുണയ്ക്കാം പക്ഷെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്ക് നല്‍കണം. പക്ഷെ ഇതിന് ബി.ജെ.പി. നേതൃത്വം തയ്യാറാവാതെ വന്നതോടെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടന്നത്. എന്തുകൊണ്ടാണ് പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കാന്‍ ബി.ജെ.പി. തയ്യാറാവാത്തത്? ഇതിന്റെ പിന്നിലെ രഹസ്യമെന്താണ്?

ലോക്‌സഭ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ ഭൂരിഭാഗം കാലത്തും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് എത്തിയത് പ്രതിപക്ഷ പ്രതിനിധിയാണെന്ന് കാണാന്‍ കഴിയും. 1990 മുതല്‍ തുടര്‍ച്ചയായി പ്രതിപക്ഷം തന്നെയായിരുന്നു സ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍, 2014 മുതല്‍ 2019 വരെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന എം. തമ്പിദൂരെ സ്ഥാനമൊഴിഞ്ഞ ശേഷം പദവിയിൽ ആളുണ്ടായിരുന്നില്ല.  2019-ല്‍ പ്രതിപക്ഷ നേതാവ് പോലുമുണ്ടായിരുന്നില്ല. ഡെപ്യൂട്ടി സ്പീക്കറുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആദ്യഘട്ടം മുതല്‍ പ്രതിപക്ഷം അവകാശമുന്നയിച്ചത്. കൊടിക്കുന്നില്‍ സുരേഷിനെ ഡെപ്യൂട്ടി സ്പീക്കറാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാന്‍ ബി.ജെ.പി. തയ്യാറായില്ല. ഇക്കാര്യം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയായിരുന്നു രാജ്‌നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടിരുന്നത്. പാര്‍ട്ടിയില്‍ ആലോചിച്ച് മറുപടി പറയാമെന്ന് പറഞ്ഞുപോയ രാജ്‌നാഥ് സിങ്ങ് പിന്നീട് വിഷയത്തില്‍ പ്രതിപക്ഷത്തിനോട് ചര്‍ച്ച പോലും നടത്തിയില്ല. ഇതോടെയാണ് സ്പീക്കര്‍ സ്ഥാനത്തേക്കുതന്നെ കൊടിക്കുന്നില്‍ സുരേഷ്‌ മത്സരിക്കുന്ന സാഹചര്യമുണ്ടായത്. 

പ്രീമിയം ആർട്ടിക്കിളുകൾ വായിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ - https://mbi.page.link/mbplus

placeholder
ഇന്ത്യന്‍ പാര്‍ലമെന്റ് |Photo:Money SHARMA  AFP
  • ഡെപ്യൂട്ടി സ്പീക്കര്‍ എന്തുകൊണ്ട് നിര്‍ണായകമാവുന്നു

ഭരണഘടനയുടെ 95(1) വകുപ്പ് പ്രകാരം  സ്പീക്കറുടെ അസാന്നിധ്യത്തില്‍ സഭാ നടപടികളുടെ പൂര്‍ണ ഉത്തരവാദിത്തം ഡെപ്യൂട്ടി സ്പീക്കർക്കാണ്. സ്പീക്കറെ തിരഞ്ഞെടുക്കുന്ന അതേ നടപടിക്രമത്തിലൂടെ തിരഞ്ഞെടുക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍ക്കും സ്പീക്കറുടെ അഭാവത്തില്‍ ഭരണഘടനാപ്രകാരം സമാന സ്ഥാനവും അധികാരവുമാണ്. 

സ്പീക്കര്‍ പദവിയിലിരിക്കുന്നയാൾ നിഷ്പക്ഷമായി നിലപാടെടുക്കണമെന്നാണ് ചട്ടമെങ്കിലും അത് പലപ്പോഴും സംഭവിക്കാറില്ലെന്നത് യാഥാര്‍ഥ്യമാണ്. കഴിഞ്ഞതവണ പ്രതിപക്ഷ എം.പിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്യുന്ന കാഴ്ചയ്ക്കുവരെ ലോക്‌സഭ സാക്ഷിയാകേണ്ടി വന്നു. ഇവിടെയാണ് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവിയുടെ പ്രധാന്യം. തങ്ങള്‍ക്ക് അനുകൂലമായ ഒരാള്‍ സ്ഥാനത്തിരിക്കുമ്പോള്‍ പ്രതിപക്ഷത്തിന് സഭാ നടപടികളില്‍ കൂടുതല്‍ ശക്തമായി ഇടപെടാന്‍ കഴിയും. ഇത് മുന്നില്‍ കണ്ടാണ് ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കാന്‍ ബി.ജെ.പി വിമുഖത കാണിക്കുന്നത്. സ്പീക്കറേയും ഡെപ്യൂട്ടി സ്പീക്കറേയും എത്രയും പെട്ടെന്ന് തിരഞ്ഞെടുക്കണമെന്നാണ് ഭരണഘടനയുടെ 93-ാം വകുപ്പ്  ചൂണ്ടിക്കാട്ടുന്നതെങ്കിലും ഡെപ്യൂട്ടി സ്പീക്കറുടെ നിയമന കാര്യത്തില്‍ മാത്രം കൃത്യമായ സമയപരിധി പറയുന്നില്ല. ഈ സമയപരിധിയെയാണ് ഭരണപക്ഷം മുതലാക്കുന്നത്. അതുകൊണ്ടു തന്നെ ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് നിര്‍ബന്ധമായ കാര്യമല്ല എന്ന തരത്തിലാണ് വിലയിരുത്തപ്പെടുന്നതും.

ആദ്യ ലോക്‌സഭാ സ്പീക്കറായിരുന്ന ജി.വി മവലങ്കാര്‍  1956-ല്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പെ മരണപ്പെട്ടതോടെ അന്ന് ഡെപ്യൂട്ടി സ്പീക്കറായിരുന്ന എം.അനന്തശയനം അയ്യങ്കാറായിരുന്നു സ്പീക്കര്‍ പദവി വഹിച്ചിരുന്നത്. അയ്യങ്കാര്‍ പിന്നീട് രണ്ടാം ലോക്‌സഭയുടെ സ്പീക്കറായി വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.  സ്പീക്കറായിരുന്ന ടി.ഡി.പിയുടെ ജി.എം.സി ബാലയോഗി വിമാനാപകടത്തില്‍ മരണപ്പെട്ടതോടെ അന്ന് ഡെപ്യൂട്ടി സ്പീക്കറായിരുന്ന കോണ്‍ഗ്രസ്  എം.പി  പി.എം. സയീദായാരിന്നു സ്പീക്കര്‍ സ്ഥാനം വഹിച്ചിരുന്നത്. ശിവസേന എം.പി. മനോഹര്‍ ജോഷിയെ രണ്ട് മാസത്തിന് ശേഷം സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നത് വരെ പി.എം. സയീദായിരുന്നു സ്പീക്കര്‍. 

placeholder
ഓംബിര്‍ള
  • ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പിന്റെ നിയമങ്ങള്‍ എന്തൊക്കെയാണ്?

പുതിയ സഭയുടെ ആദ്യസമ്മേളനത്തില്‍ തന്നെ തിരഞ്ഞെടുക്കുന്നതാണ് സാധാരണ രീതി. ആദ്യ സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെങ്കിലും ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പ് സാധാരണയായി രണ്ടാം സമ്മേളനത്തിലാണ് നടക്കുക. പൊതുവായി പറഞ്ഞാല്‍, ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും പുതിയ സഭയുടെ ആദ്യ സെഷനില്‍ സ്പീക്കറെ തിരഞ്ഞെടുക്കുന്നതാണ് പതിവ്. ഒഴിവാക്കാനാകാത്ത കാരണങ്ങളില്ലാത്തപക്ഷം ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് സാധാരണഗതിയില്‍ രണ്ടാം സമ്മേളനത്തിനപ്പുറം വൈകില്ല.

ലോക്‌സഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റ ചട്ടങ്ങളുടെ 8-ാം ചട്ടപ്രകാരമാണ് സഭയില്‍ ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്. 8-ാം ചട്ടം അനുസരിച്ച്, സ്പീക്കര്‍ നിശ്ചയിക്കുന്ന തീയതിയിലാണ് ഡെപ്യൂട്ടി സ്പീക്കറുടെ തിരെഞ്ഞെടുപ്പ് നടക്കുക. പേര് നിര്‍ദേശിക്കുന്ന പ്രമേയം അംഗീകരിച്ചുകഴിഞ്ഞാല്‍ ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കും. ശേഷം, സഭ പിരിച്ചുവിടുന്നത് വരെ ഡെപ്യൂട്ടി സ്പീക്കര്‍ ഓഫീസില്‍ തുടരുകയാണ് പതിവ്.

  • പ്രതിപക്ഷവും ഡെപ്യൂട്ടി സ്പീക്കര്‍മാരും

2004-മുതല്‍ 2009-വരെയുള്ള ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്തും 2009-മുതല്‍ 2014 വരേയുള്ള രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്തുമാണ് അവസാനമായി പ്രതിപക്ഷം ഡെപ്യൂട്ടി സ്പീക്കര്‍ പദവി വഹിച്ചിരുന്നത്. ശിരോമണി അകാലിദള്‍ നേതാവായ ചരണ്‍ജിത് സിങ് അത്‌വാല്‍, ബി.ജെ.പി എം.പി കരിയമുണ്ടെ എന്നിവരായിരുന്നു അക്കാലത്ത് പദവി വഹിച്ചിരുന്നത്. 

1999 മുതല്‍ 2004 വരേയുള്ള അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. ഭരണകാലത്ത് കോണ്‍ഗ്രസ് നേതാവ് പി.എം. സയീദും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വഹിച്ചു. സയീദ് പിന്നീട് സ്പീക്കറുമായി. 

1997 മുതല്‍ 1998 വരേയുള്ള ഐ.കെ. ഗുജ്‌റാളിന്റെ യു.പി.എ. ഭരണകാലത്ത് ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിവായിരുന്നു. 1996 മുതല്‍ 1997 വരേയുള്ള എച്ച്.ഡി. ദേവ ഗൗഡ ഭരണകാലത്ത് ബി.ജെ.പിയുടെ സൂരജ് ബഹനായിരുന്നു സ്ഥാനം വഹിച്ചിരുന്നത്. 

1991 മുതല്‍ 96 വരേയുള്ള പി.വി. നരസിംഹറാവു ഭരണകാലത്ത് ബി.ജെ.പിയുടെ എസ്. മല്ലികാര്‍ജുനയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. 1990 മുതല്‍ 91 വരേയുള്ള ചന്ദ്രശേഖറിന്റെ കാലത്ത് കോണ്‍ഗ്രസിന്റെ ശിവരാജ് പാട്ടീല്‍ ഡെപ്യൂട്ടി സ്പീക്കറായി. 

1984 മുതല്‍ 1989 വരെ എ.ഐ.എ.ഡി.എം.കെയുടെ തമ്പി ദൂരെയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. അന്ന് രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. 1980 മുതല്‍ 1984 വരെ ഡി.എം.കെയുടെ ജി.ലക്ഷ്മണന്‍ ഡെപ്യൂട്ടി സ്പീക്കറായി. ഇന്ദിര ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. 

1977 മുതല്‍ 1979 വരെ ജനത പാര്‍ട്ടി അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസിന്റെ ഗോഡെ മുരാഹരിയാണ് ഡെപ്യൂട്ടി സ്പീക്കറായത്. 1969 മുതല്‍ 1977 വരെ ജി.ജി സ്‌വെല്ലം ഡെപ്യൂട്ടി സ്പീക്കറായി. 

placeholder
കൊടിക്കുന്നില്‍ സുരേഷ് |ഫോട്ടോ: മാതൃഭൂമി
 
  • വിട്ടുവീഴ്ചയില്ലാതെ ബി.ജെ.പി.

ഡെപ്യൂട്ടി സ്പീക്കറെ ഉടന്‍ തിരഞ്ഞെടുക്കണമെന്നാണ് പ്രതിപക്ഷം ബി.ജെ.പി. നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. പക്ഷെ, അവരുടെ വാക്കിനെ കേന്ദ്രം പരിഗണിക്കുന്നതേയില്ല. ഡെപ്യൂട്ടി സ്പീക്കറുടെ കസേര ഒഴിച്ചിട്ടിരിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്നതും സുസ്ഥാപിതവുമായ സമ്പ്രദായങ്ങള്‍ക്ക് എതിരാണെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.  പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പര്യാപ്തമായി നടപ്പാക്കാനും ജനാധിപത്യ വ്യവസ്ഥ ആവശ്യപ്പെടുന്ന രീതിയില്‍ സഭാനടപടികള്‍ പൂര്‍ത്തീകരിക്കാനും സഭയിലെ രണ്ടാമത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് സഹായിക്കാനാവുമെന്നും പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. രണ്ടാം എന്‍.ഡി.എ. സര്‍ക്കാര്‍ ഭരണത്തിലേറിയ 2019 മുതല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിഞ്ഞു കിടക്കുന്നത് തികച്ചും അസാധാരണമായ സംഗതിയാണെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം നല്‍കാനുള്ള സമയം  അവസാനിക്കാനിരിക്കെ പ്രതിപക്ഷ കക്ഷികളുമായി സര്‍ക്കാര്‍ സമവായ ചര്‍ച്ച നടത്തിയിരുന്നു. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവി സംബന്ധിച്ചുള്ള സമവായ ചര്‍ച്ചയ്ക്ക് പ്രതിപക്ഷവുമായി സംസാരിക്കാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെയും പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിനെയുമായിരുന്നു സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.

പ്രതിപക്ഷ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഖിലേഷ് യാദവ്, എം.കെ. സ്റ്റാലിന്‍, മമത ബാനര്‍ജി എന്നിവരുമായും രാജ്നാഥ് സിങ് ചര്‍ച്ചനടത്തിയിരുന്നു. എന്‍.ഡി.എ. കക്ഷികളായ ജെ.ഡി.യുവിന്റെയും ടി.ഡി.പിയുടെയും നേതൃത്വവുമായും രാജ്നാഥ് സംസാരിച്ചിരുന്നു. 

ചര്‍ച്ചയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഖാര്‍ഗെ ആവശ്യപ്പെട്ടിരുന്നു. മുഖ്യ പ്രതിപക്ഷകക്ഷിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമെന്നതാണ് ലോക്‌സഭയില്‍ കീഴ്‌വഴക്കമെങ്കിലും കഴിഞ്ഞ രണ്ടുതവണയും നിഷേധിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ അംഗബലം കൂടിയ സാഹചര്യത്തില്‍ ഇത്തവണ നിഷേധിക്കുകയാണെങ്കില്‍ ശക്തമായി പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് കഴിഞ്ഞ രണ്ടുതവണയും പ്രതിപക്ഷത്തെ പരിഗണിക്കാതിരുന്ന മോദി സര്‍ക്കാര്‍ 2014-ല്‍ എഐഎഡിഎംകെയുടെ എം. തമ്പി ദുരൈയെ ആണ് തിരഞ്ഞെടുത്തത്.