തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടപടിയെടുത്ത പാളയം പ്രദീപിനെ തന്റെ അഡീഷണൽ പി.എ.ആക്കണമെന്നാവശ്യപ്പെട്ട് രമ്യാ ഹരിദാസ് എംഎൽഎ. പ്രദീപിനെ തന്റെ അഡീഷണൽ പിഎ ആക്കണമെന്നാവശ്യപ്പെട്ട് രമ്യ ഇന്ന് രാവിലെ നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകി. രമ്യാ ഹരിദാസ് ഉൾപ്പെട്ട തമ്മിലടിയിൽ കെ.പി.സി.സി. അംഗം പാളയം പ്രദീപിനെയും ബ്ലോക്ക് ജനറൽ സെക്രട്ടറി സജാദിനെയും പാർട്ടിയിൽനിന്ന് കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. പാർട്ടി നടപടി സ്വീകരിച്ച ഒരാളെയാണിപ്പോൾ രമ്യ തന്റെ സ്റ്റാഫിൽ നിയമിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. മുൻകാല പ്രാബല്യത്തോടെ നിയമിക്കണമെന്നാണ് രമ്യയുടെ കത്തിലുള്ളത്. രമ്യയുടെ പിഎയാണ് നിയമസഭാ സെക്രട്ടറിക്ക് കത്ത് കൈമാറിയത്.

To advertise here,

എം.എം. ഹസന്റെ നേതൃത്വത്തിലുള്ള സമിതിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രദീപിനും സജാദിനും എതിരേ നടപടിയെടുത്തത്. ഗുരുതരമായ അച്ചടക്കലംഘനമാണ് ഇരുവിഭാഗവും നടത്തിയെന്നാണ് കണ്ടെത്തൽ. പ്രവർത്തകരെ ഏകോപിപ്പിച്ച് കൊണ്ടുപോകേണ്ട എം.എൽ.എ. അടക്കമുള്ളവർ വിരുദ്ധമായ രീതിയിൽ പ്രവർത്തിച്ചെന്നും കണ്ടെത്തിയിരുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പോസ്റ്റിട്ടതാണ് സജാദിനെ പുറത്താക്കാൻ കാരണം. പാലക്കാട്ടുകാരനായ പാളയം പ്രദീപ് ചിറയിൻകീഴിലെ പാർട്ടി യോഗങ്ങളിലും ഔദ്യോഗിക യോഗങ്ങളിലും പങ്കെടുക്കുന്നത് ശരിയല്ല. അനധികൃത ഇടപെടലുകൾക്കും സംഘർഷത്തിന് കാരണക്കാരനായതിനാലുമാണ് സസ്‌പെൻഷൻ.

എല്ലാവരുടെയും വിശദീകരണം കേട്ടശേഷമാണ് നടപടി. പ്രദീപ് വിശദീകരണം നൽകാനെത്തിയിരുന്നില്ല. പ്രദീപിന്റെ ഇടപെടലിൽ പ്രാദേശിക നേതാക്കൾ കടുത്ത പ്രതിഷേധമാണ് സമിതിയെ അറിയിച്ചത്. എം.എൽ.എ.യ്‌ക്കെതിരേ വിഭാഗീയ പ്രവർത്തനം നടത്തുന്നുവെന്ന് മറുവിഭാഗവും ആരോപണം ഉന്നയിച്ചിട്ടുണ്ട്്.