പാലക്കാട്: വിവാദങ്ങളെല്ലാം ബൂമറാങ്ങായി എൽ.ഡി.എഫിനെ തിരിച്ചടിച്ചെന്ന് ഷാഫി പറമ്പിൽ എം.പി. വിവാദങ്ങളെല്ലാം എൽ.ഡി.എഫിന്റെ അടുക്കളയിൽ പാകം ചെയ്ത് പുറത്തുവിടാൻ ശ്രമിച്ച കാര്യങ്ങളാണ്. എന്നാൽ യാഥാർഥ്യങ്ങൾ നിമിഷങ്ങൾക്കകം ജനങ്ങൾക്കിടയിൽ തുറന്നുകാട്ടപ്പെട്ടു. എൽ.ഡി.എഫിന് പാലക്കാട്ട് ഇപ്പോൾ അനുവദിച്ച ചിഹ്നത്തേക്കാൾ നല്ലത് ബൂമറാങ് ആയിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിനിടെ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ഷാഫി. 

To advertise here,

എൻ.ഡി.എ സ്ഥാനാർഥി സി.കൃഷ്ണകുമാറിന് സി.പി.എം നേതാവ് എൻ.എൻ. കൃഷ്ണദാസ് കൈകൊടുക്കാത്തതിനെ വിമർശിക്കാനില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഞാൻ ഇതിനൊന്നും മറുപടി പറയുന്നില്ല. ഞങ്ങൾക്ക് സംസ്കാരവും ജനാധിപത്യബോധവും പഠിപ്പിച്ചവരാണിവർ. കൈകൊടുക്കേണ്ടെന്ന് കൃഷ്ണദാസ് മുൻകൂട്ടി തീരുമാനിച്ചതാണോ എന്നൊന്നും എനിക്ക് അറിയില്ല. ആ നിമിഷത്തിൽ അദ്ദേഹത്തിന് ചിലപ്പോൾ അങ്ങനെയാകും തോന്നിയിട്ടുണ്ടാവുക. അത് ഓരോരുത്തരുടെ ചോയ്സ് ആണല്ലോ. ഞാൻ അതിനെ വിമർശിക്കുന്നില്ല. അദ്ദേഹം വ്യക്തമാക്കി. 

കൂടുതൽ പേർ വോട്ടു ചെയ്താൽ അതിന്റെ ​ഗുണം യു.ഡി.എഫിന് ലഭിക്കുമെന്നും ഞങ്ങളുടെ വോട്ടുകൾ പരമാവധി പോൾ ചെയ്യിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ടെന്നാണ് ഫീൽഡിൽനിന്ന് ലഭിക്കുന്ന റിപ്പോർട്ടെന്നും ഷാഫി പറഞ്ഞു.