കൊച്ചി: പ്രതിപക്ഷ ഉപനേതൃപദവിയിൽ സിപിഎം-സിപിഐ പോര് കനക്കുന്നു. പരസ്യപ്രസ്താവനകൾക്കും സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും പുറമെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ മോഹനൻ ശനിയാഴ്ച ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിന് മറുപടിയുമായി സിപിഐ മുഖപത്രമായ ജനയുഗം ഇന്ന് രംഗത്തുവന്നു. സിപിഐ നേതാവ് രാജാജി മാത്യു തോമസ് എഴുതിയ ലേഖനത്തിൽ ഭരണകാലത്തെ വീഴ്ചകളെ രാഷ്ട്രീയ സത്യസന്ധതയോടെ കാണാൻ ഇടതുപക്ഷം തയ്യാറാകണമെന്ന് ഇതിൽ ആവശ്യപ്പെടുന്നുണ്ട്.

To advertise here,

‘കേവലം ഒരു പദവിക്കുവേണ്ടിയുള്ള അവകാശവാദമല്ല, മറിച്ച് ഇടതുപക്ഷ മുന്നണിയിൽ അനിവാര്യമായ ഒരു രാഷ്ട്രീയ തിരുത്തലിനുള്ള ശ്രമമാണെന്നും രാജാജി മാത്യു തോമസ് പറഞ്ഞുവയ്ക്കുന്നു. ഫാസിസ്റ്റ് വിപത്തിനെ നേരിടുന്നതിൽ ദേശീയതലത്തിൽ കോൺഗ്രസിന്റെ പ്രസക്തിയെ സിപിഐ ഗൗരവമായി കാണുന്നുവെന്നും പറഞ്ഞുവെക്കുന്നു’

എൽഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മുന്നണിയിൽ കൂട്ടായ നേതൃത്വവും കൂട്ടായ ഉത്തരവാദിത്തവും വേണമെന്ന ഉദ്ദേശത്തിന്റെ പുറത്താണ് പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐ ആവശ്യപ്പെട്ടതെന്ന് രാജാജി മാത്യു തോമസ് പറയുന്നു. 1977ന് ശേഷം രാജ്യത്ത് ഒരൊറ്റ സംസ്ഥാനത്തും സിപിഎമ്മിന് ഗവൺമെന്റില്ലെന്ന പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി റിവ്യൂ റിപ്പോർട്ടിലെ കണ്ടെത്തലും ഇതിനായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ബിജെപി-സംഘ്പരിവാർ ശക്തികൾ രാജ്യത്താകെ ചെലുത്തുന്ന സ്വാധീനത്തെ പ്രതിരോധിക്കാൻ പഴയ കീഴ്വഴക്കങ്ങളിൽ മാത്രം തൂങ്ങിനിൽക്കുന്നത് ഗുണകരമാവില്ല. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കൂടുതൽ വിപുലവും കൂട്ടായതുമായ രാഷ്ട്രീയ പരിശ്രമം ആവശ്യമാണെന്നും ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ഭരണകാലത്തെ വീഴ്ചകളെ രാഷ്ട്രീയ സത്യസന്ധതയോടെ കാണാൻ ഇടതുപക്ഷം തയ്യാറാകണമെന്ന് ഇതിൽ ആവശ്യപ്പെടുന്നുണ്ട്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി നടക്കുന്ന ഉഭയകക്ഷി ചർച്ചകൾ കേവലം ഒരു പദവിക്കുവേണ്ടിയുള്ള അവകാശവാദമല്ല, മറിച്ച് ഇടതുപക്ഷ മുന്നണിയിൽ അനിവാര്യമായ ഒരു രാഷ്ട്രീയ തിരുത്തലിനുള്ള ശ്രമമാണെന്നും രാജാജി മാത്യു തോമസ് പറഞ്ഞുവയ്ക്കുന്നു. പ്രതിപക്ഷ നേതൃസ്ഥാനവും ഉപനേതൃസ്ഥാനവും സിപിഎമ്മിനായിരുന്നുവെന്ന കീഴ്‌വഴക്കം അഭംഗുരം തുടരണമെന്ന വാദം സംസ്ഥാനത്തും രാജ്യത്തുമുണ്ടായ മാറ്റങ്ങളെ കണക്കിലെടുക്കാനോ അംഗീകരിക്കാനോ ഉള്ള വൈമുഖ്യമാണെന്നും അദ്ദേഹം വിമർശിക്കുന്നു.

നിലവിലെ രാജ്യത്തെ സാഹചര്യങ്ങളെ നേരിടാൻ കൂട്ടായ നേതൃത്വം വേണമെന്ന് പറയുമ്പോൾ അതിനെ പ്രതിരോധിക്കാൻ അടിയന്തരാവസ്ഥയെ പിന്തുണച്ചതടക്കം പഴയ കാര്യങ്ങൾ പറയുന്നത് ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്ത്താനെ സഹായിക്കു. കേരളത്തിലെ യുഡിഎഫ് - എൽഡിഎഫ് മുന്നണി ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ രാഷ്ട്രീയത്തെ വിലയിരുത്താനോ സംഘപരിവാർ ശക്തികളുയർത്തുന്ന ഭീഷണിയെ തനിയെ പ്രതിരോധിക്കാനോ സാധിക്കില്ല. ഫാസിസ്റ്റ് വിപത്തിനെ നേരിടുന്നതിൽ ദേശീയതലത്തിൽ കോൺഗ്രസിന്റെ പ്രസക്തിയെ സിപിഐ ഗൗരവമായി കാണുന്നു. കോൺഗ്രസിന്റെ നയങ്ങളോടുള്ള രാഷ്ട്രീയമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോൾ തന്നെ, പാർലമെന്റിലെ പ്രധാന പ്രതിപക്ഷമെന്ന നിലയിൽ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ അവർക്കുള്ള പങ്ക് നിഷേധിക്കാനാവില്ല. അടിയന്തരാവസ്ഥയിലെ സമീപനത്തെ പറ്റി മുട്ടിന് മുട്ടിന് ഓർമിപ്പിക്കുന്നവർ തന്നെയാണ് രാജസ്ഥാനിലെ സിക്കർ മണ്ഡലത്തിൽ നിന്ന് ജയിച്ചത് കോൺഗ്രസ് പിന്തുണയോടെയാണ് എന്നത് മറക്കരുതെന്നും ലേഖനത്തിൽ ഓർമിപ്പിക്കുന്നു.