ശ്രീകാര്യം: സാങ്കേതിക സർവകലാശാലയിലേക്ക് എസ്.എഫ്.ഐ. നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ പോലീസുകാരന്റെ കൈവിരലറ്റു. എ.ആർ.ക്യാമ്പിലെ സി.പി.ഒ. അച്ചുവിന്റെ (31) വലതുകൈയിലെ മോതിരവിരലാണ് അറ്റത്.

To advertise here,

ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയർ ഔട്ട് സമ്പ്രദായം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്.എഫ്.ഐ. പ്രവർത്തകർ ചൊവ്വാഴ്ച മാർച്ച് നടത്തിയത്. ബാരിക്കേഡ് തള്ളിമാറ്റി അകത്തുകടക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമമാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്. പോലീസ് പ്രതിരോധം മറികടന്ന് വിദ്യാർഥികൾ കാമ്പസിനകത്തേക്ക് ഇരച്ചുകയറിയെങ്കിലും വൈസ് ചാൻസലർ സ്ഥലത്തുണ്ടായിരുന്നില്ല.

തുടർന്ന് ജോയിന്റ് രജിസ്ട്രാറുമായി വിദ്യാർഥിനേതാക്കൾ ചർച്ച നടത്തി. ഈ മാസം 27-ന് വി.സി.യുമായി നേരിട്ട് ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണാമെന്ന ഉറപ്പിന്മേൽ എസ്.എഫ്.ഐ. സമരം അവസാനിപ്പിച്ചു. ശ്രീകാര്യം ശാസ്‌താംകോണത്ത് നിന്നും ആരംഭിച്ച മാർച്ച് സാങ്കേതിക സർവകലാശാലാ ആസ്ഥാനത്തിന് മുന്നിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.

എന്നാൽ പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റിയും ചാടിക്കടന്നും അകത്തുകടക്കാൻ ശ്രമിച്ചു. ഇതിനിടയിലാണ് സി.പി.ഒ. അച്ചുവിന്റെ കൈവിരൽ ബാരിക്കേഡിന്റെ ഇടയിൽ കുടുങ്ങുകയും വിരലിന്റെ അറ്റം മുറിഞ്ഞുപോകുകയുമായിരുന്നു. തുടർന്ന് പോലീസുകാർ ചേർന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

പ്രതിഷേധ സമരം എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് ഉദ്‌ഘാടനം ചെയ്തു. ഇയർ ഔട്ട് സമ്പ്രദായം യൂണിവേഴ്സിറ്റി റെഗുലേഷനിൽ നിന്ന് എടുത്തുമാറ്റും വരെ സമരം തുടരുമെന്ന് സഞ്ജീവ് പറഞ്ഞു.