കോഴിക്കോട്: ദാമ്പത്യപ്രശ്‌നം തീർക്കാനായി എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച വ്യാജസിദ്ധൻ പിടിയിൽ. പുതുപ്പാടി സ്വദേശിയായ അൻവർ സാദത്താണ് പിടിയിലായത്. 21-ാം തീയതിയാണ് സംഭവത്തിൽ താമരശ്ശേരി പോലീസിൽ പരാതി ലഭിച്ചത്. തുടർന്ന് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.

To advertise here,

കുടുംബത്തിലെ ദാമ്പത്യപ്രശ്‌നം തീർക്കുന്ന സിദ്ധനുണ്ടെന്ന് കേട്ടാണ് രണ്ടാഴ്ച്ച മുൻപ് പെൺകുട്ടിയുടെ ഭർത്താവ് ഇവരെ അൻവർ സാദത്തിന്റെ ഈങ്ങാപ്പുയിലെ വ്യാജ ചികിത്സാകേന്ദ്രത്തിലെത്തിച്ചത്.

ഇവിടെ എത്തിയ പെൺകുട്ടിയുടെ ഭർത്താവിന്റെ കയ്യിൽ അൻവർ സാദത്ത് ഒരു തേങ്ങ കൊടുക്കുകയും ചികിത്സ തീരുംവരെ പുറത്തേക്ക് നോക്കി ചില മന്ത്രങ്ങൾ ചൊല്ലണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സമയത്ത് മുറിയുടെ മറ്റൊരു ഭാഗത്ത് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയായിരുന്നു.

ചികിത്സാ കേന്ദ്രത്തിൽനിന്ന് വീട്ടിലെത്തിയശേഷമാണ് പെൺകുട്ടി ഈ സംഭവം ഭർത്താവിനോട് പറഞ്ഞത്. തുടർന്ന് താമരശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൽ ഇതിന് മുമ്പും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നുവെന്നും പോക്‌സോ അടക്കമുള്ള കേസുകളുണ്ടെന്നും താമരശ്ശേരി ഡി.വൈ.എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.