കോഴിക്കോട്: സർക്കാർ പ്ലീഡർ നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ സമസ്ത. സംഘപരിവാർ ബന്ധമുള്ളവരെ സർക്കാർ ഉന്നതപദവികളിൽ ഇരുത്തുന്നതിൽ പ്രതിഷേധമുണ്ടെന്നും യു.ഡി.എഫ്. ഇക്കാര്യം ഗൗരവത്തിലെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

To advertise here,

സംഘപരിവാർ ബന്ധമുള്ളവരെ ഉന്നതസ്ഥാനങ്ങളിൽ നിയമിക്കുമ്പോൾ എല്ലാവർക്കും സ്വാഭാവികമായും പ്രതിഷേധമുണ്ടാകും. യു.ഡി.എഫിന് ഉള്ളിൽനിന്നുതന്നെ ഇക്കാര്യത്തിൽ പ്രതിഷേധമുണ്ട്. വിഷയം യു.ഡി.എഫ്. ചർച്ചചെയ്യുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്. മുന്നണി യോഗംചേർന്നെടുക്കുന്ന തീരുമാനം എന്താണെന്ന് നോക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് വ്യക്തമാക്കി.

മുഖ്യമന്ത്രി വി.ഡി. സതീശനെതിരേയും അബ്ദുസമദ് പൂക്കോട്ടൂർ വിമർശനം ഉന്നയിച്ചു. ഇത്തരം വിഷയങ്ങളിൽ തിരഞ്ഞെടുപ്പിന് മുൻപുതന്നെ പരസ്യമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് സതീശനെന്നും ആ നിലപാടുകളിൽനിന്ന് അദ്ദേഹം വ്യതിചലിച്ചോ എന്ന് പരിശോധിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡറായി ഡി.എസ്. ശരത്തിനെ നിയമിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു. ഇദ്ദേഹത്തിന് ആർ.എസ്.എസ്. ബന്ധമുണ്ടെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി സമസ്ത രംഗത്തെത്തിയത്.