കോഴിക്കോട്: സമസ്ത-ലീഗ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിച്ചു. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍, മുസ്‌ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, മുശാവറ അംഗങ്ങള്‍ എന്നിവരാണ് സമിതിയിലുള്ളത്. സമസ്തയിലെ ലീഗ് അനുകൂല-വിരുദ്ധ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് സമിതി. എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, മൂസക്കുട്ടി ഹസ്രത്ത്, സൈനുല്‍ ആബിദീന്‍ സഫാരി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരുള്‍പ്പെടുന്നതാണ് സമിതി.

To advertise here,

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയില്‍ സമസ്ത-ലീഗ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സമസ്തയുടെ നൂറാംവാര്‍ഷികത്തിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് സംഘടനാ പ്രശ്നങ്ങള്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന രീതിയിലേക്ക് മാറിയ സാഹചര്യത്തിലാണ് പ്രശ്നപരിഹാരം വേഗത്തിലാക്കാന്‍ നേതാക്കള്‍ തീരുമാനിച്ചത്. സമ്മേളനം നടത്താനുള്ള ഫണ്ട് പിരിവിനെ ഉള്‍പ്പെടെ സമസ്തയിലെ തര്‍ക്കങ്ങള്‍ പ്രതികൂലമായി ബാധിച്ചിരുന്നു. സമ്മേളന സ്വാഗതസംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സാദിഖലി തങ്ങളും ലീഗ് അനുകൂല വിഭാഗത്തിലെ നേതാക്കളും സഹകരിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ക്കൂടിയാണ് പ്രശ്നപരിഹാരത്തിന് നീക്കം.

സമസ്ത-ലീഗ് അനുകൂല സംഘടനയായ എസ്എംഎഫിനെ നിയന്ത്രിക്കാന്‍ സമസ്ത മുശാവറ ഏഴംഗ സമിതിയെ നിയോഗിച്ചിരുന്നു. അതോടൊപ്പം ലീഗ് അനുകൂല നേതാവായ നാസര്‍ ഫൈസി കൂടത്തായിക്കെതിരേ പരാതി ഉയര്‍ന്നതോടെ സമസ്ത ജംഇയ്യത്തുല്‍ ഖുത്വബ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ച് ഒഴിയേണ്ടിയുംവന്നു. സമസ്ത നൂറാം വാര്‍ഷികത്തിന് എസ്‌കെഎസ്എസ്എഫ് മേഖലാ സമ്മേളനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ആദര്‍ശ സമ്മേളനങ്ങള്‍ക്ക് സമാനമായി എസ്‌കെഎസ്എസ്എഫ് സമ്മേളനത്തിലും ലീഗിനെതിരേ രാഷ്ട്രീയ വിമര്‍ശനം ഉയരുമെന്ന ആശങ്കയും ലീഗിനുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ഈ സാഹചര്യങ്ങള്‍ ഗുണകരമാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് പി.കെ. കുഞ്ഞാലിക്കുട്ടിതന്നെ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത്.