മണ്ണാർക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയണമെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി സി.പി.എമ്മിന്റെ മുതിർന്ന നേതാവ് പാലൊളി മുഹമ്മദ്കുട്ടി. പുരുഷൻമാർക്കാണ് ഈ കാര്യത്തിൽ ഉപദേശംകൊടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കൾ അധികാരക്കസേരക്ക് കോട്ടംതട്ടുന്ന ഒന്നും പറയില്ലെന്നും അതാണ് അവരുടെ രീതിയെന്നും പാലൊളി കൂട്ടിച്ചേർത്തു.

To advertise here,

ഈ കാര്യത്തിൽ ഉപദേശംകൊടുക്കേണ്ടത് പുരുഷൻമാർക്കാണ്. സ്ത്രീകൾ മാത്രം അടങ്ങിയൊതുങ്ങി ഇരിക്കലല്ല പ്രശ്നം. സ്ത്രീകളും പുരുഷൻമാരും ഒരുമിച്ചു കൂടുന്നിടത്തൊത്തെ തെറ്റായ പ്രവണത കാണിക്കുന്നതിൽ പുരുഷൻമാരാണ് മുൻപിലുള്ളത്. അതിനാൽ പുരുഷൻമാർക്കാണ് ഈ കാര്യത്തിൽ ഉപദേശംകൊടുക്കേണ്ടത്.

അച്ചടക്കം പുരുഷൻമാർക്കും വേണം. അവബോധമാണ് ഇക്കാര്യത്തിൽ വേണ്ടത്. പുരുഷമേധാവിത്വം സമൂഹത്തിലുണ്ട്. അത് കൂടുതലുള്ള സമുദായമാണ് മുസ്ലിം സമുദായം. കാന്തപുരത്തിന്റെ പ്രസ്താവന തെറ്റാണെന്നല്ല പറയുന്നത്. സ്ത്രീകൾ ശ്രദ്ധിക്കണം എന്നുള്ളത് ശരിയാണ്. എന്നാൽ, സ്ത്രീകളാണ് പ്രശ്നത്തിനുത്തരവാദി എന്നരീതി ശരിയല്ല.

മതപണ്ഡിതൻമാർ അവരുടെ വീക്ഷണത്തിലുള്ളത് പറയും. അത് പൂർണമായി ശരിവെച്ചുകൊള്ളണമെന്നില്ല. വാക്കുകൊണ്ട് പലതും പറയും. സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് പറയുന്നത് സമൂഹത്തിന് ഉപകാരപ്രദമായ പ്രസ്താവനയല്ല. മുസ്ലിം ലീഗ് നേതാക്കൾ അധികാര കസേരക്ക് കോട്ടംതട്ടുന്ന ഒന്നും പറയില്ല. അവരുടെ രീതി അതാണെന്നും പാലൊളി കൂട്ടിച്ചേർത്തു.