കോഴിക്കോട്: സമസ്തയിലെ ലീഗ് അനുകൂലികളും ലീഗ് വിരുദ്ധരും തമ്മിലുള്ള പ്രശ്നങ്ങൾ പഠിക്കാൻ ഉപസമിതി രൂപവത്കരിച്ചു. മുക്കം ഉമർഫൈസി ഒഴികെയുള്ള സമസ്തയുടെ ഭാരവാഹികൾ അംഗങ്ങളായ ആറംഗസമിതിയാണ് രൂപവത്കരിച്ചത്. ഇവർ പ്രശ്നങ്ങൾ പഠിച്ച് സമസ്ത മുശാവറയോഗത്തിനു മുൻപാകെ റിപ്പോർട്ട് നൽകും. ഉമർഫൈസി മുക്കത്തിനെതിരേ ലീഗ് അനുകൂലികൾ സമസ്തയ്ക്ക് ഒട്ടേറെ പരാതികൾ നൽകിയിട്ടുണ്ട്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഖാസിസ്ഥാനത്തേക്കുള്ള യോഗ്യത ചോദ്യംചെയ്തുകൊണ്ടുള്ള പ്രസംഗത്തിന്റെ പേരിൽ ഉമർ ഫൈസിക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യവും മുശാവറയ്ക്ക് മുൻപാകെയുണ്ട്.
ഉമർ ഫൈസിയെ അനുകൂലിക്കുന്നവർ അബ്ദുസമദ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിലുള്ള ആദർശസംരക്ഷണ സമിതിക്കെതിരേയും മുശാവറയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. അതുകൊണ്ട് ഇരുവിഭാഗങ്ങളുമായി സംസാരിച്ച് പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരനിർദേശം റിപ്പോർട്ട് ചെയ്യാനാണ് ഉപസമിതി രൂപവത്കരിച്ചത്. വിവാദപരാമർശത്തിന്റെ പേരിൽ സാദിഖലി തങ്ങളെക്കണ്ട് ഉമർ ഫൈസി ക്ഷമചോദിക്കണമെന്ന ആവശ്യവും മുശാവറയോഗത്തിൽ ഉയർന്നു. സമകാലിക വിഷയങ്ങൾ ചർച്ചചെയ്ത് രമ്യമായി പരിഹരിച്ച് മുന്നോട്ടുപോവാൻ തീരുമാനിച്ചതായി സമസ്ത പത്രക്കുറിപ്പിൽ അറിയിച്ചു. സാമൂഹികമാധ്യമങ്ങളിലും മറ്റും അനാവശ്യ ചർച്ചകൾ നടത്തി പരസ്പരം വിദ്വേഷമുണ്ടാക്കുന്നതും ഭിന്നിപ്പിക്കുന്നതുമായ പ്രവർത്തനങ്ങളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും യോഗം അഭ്യർഥിച്ചു.
2026 ഫെബ്രുവരിയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാസമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്‌കരണ കൺവെൻഷൻ അടുത്ത ഫെബ്രുവരി ആറിന് കോഴിക്കോട്ട് നടത്തും. സമസ്തയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ഏകോപിപ്പിക്കുന്നതിന് ദേശീയ വിദ്യാഭ്യാസസമിതിക്ക് രൂപം നൽകും. നൂറാം വാർഷികത്തിന്റെ സ്മാരകമായി അന്താരാഷ്ട്ര ഹെറിറ്റേജ് മ്യൂസിയം സ്ഥാപിക്കും. ദേശീയ ഹനഫീ പണ്ഡിതസംഗമം നടത്താനും നിശ്ചയിച്ചു.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ല്യാർ, എം.ടി. അബ്ദുല്ല മുസ്‌ല്യാർ, പി.പി. ഉമ്മർ മുസ്‌ല്യാർ കൊയ്യോട്, എം.കെ. മൊയ്തീൻകുട്ടി മുസ്‌ല്യാർ, യു.എം. അബ്ദുറഹിമാൻ മുസ്‌ല്യാർ, എം.പി. കുഞ്ഞിമുഹമ്മദ് മുസ്‌ല്യാർ നെല്ലായ, കെ. ഉമർ ഫൈസി മുക്കം, പി.കെ. മൂസക്കുട്ടി ഹസ്രത്ത്, കെ.ടി. ഹംസ മുസ്‌ല്യാർ, വി. മൂസക്കോയ മുസ്‌ല്യാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, എ.വി. അബ്ദുറഹിമാൻ മുസ്‌ല്യാർ എന്നിവർ സംസാരിച്ചു.
Content Highlights: A sub-committee investigates disputes within Samastha
Published: 08 Jan 2025, 09:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented