
കാക്കനാട്: കളക്ടറേറ്റിൽ വന്നാൽ ഇദ്ദേഹം കസേരകൾക്ക് പുതുജീവൻ നൽകുന്ന നെയ്ത്തുകാരൻ. നാട്ടിലെത്തിയാൽ വെട്ടലും കിളക്കലുമായി സജീവമായ കൂലിപ്പണിക്കാരൻ... എന്നാൽ ഇടുക്കി കലയന്താനിയിലെ ക്ഷേത്രമുറ്റത്തെത്തിയാൽ ഭക്തർക്കുമുന്നിൽ ഇദ്ദേഹം ശാന്തിക്കാരൻ. പെരുമ്പാവൂർ ഇളമ്പകപ്പിള്ളി മേപ്പാടത്ത് വീട്ടിൽ പി. സഹദേവൻ (64) എന്ന ചന്ദ്രന്റെ ജീവിതത്തിന് മേയ് ദിനത്തിൽ അധ്വാനത്തിന്റെ നൂറുതിളക്കം.
മാസങ്ങൾക്കുമുൻപ് കളക്ടറേറ്റിലെ ഒരു പൊട്ടിയ കസേര നെയ്യാൻ എത്തിയതാണ് സഹദേവൻ. ആ കൈപ്പുണ്യംകണ്ട ഉദ്യോഗസ്ഥർക്ക് പിന്നീട് മറ്റൊരാളെ അന്വേഷിക്കേണ്ടി വന്നില്ല. ഇതിനോടകം വിവിധ ഓഫീസുകളിലായി നൂറോളം കസേരകൾ സഹദേവൻ നെയ്തുതീർത്തു.
രാവിലെ 7.30-ന് കളക്ടറേറ്റിലെത്തിയാൽ വൈകീട്ട് 5.30 വരെ വിശ്രമമില്ലാത്ത ജോലി. പ്ലാസ്റ്റിക് വള്ളികൾ കോർത്ത് പഴയ കസേരകളെ അദ്ദേഹം പുത്തനാക്കുന്നു. നെയ്ത്തുജോലിക്ക് ഇടവേള കിട്ടുമ്പോൾ നേരേ നാട്ടിലെ കൂലിപ്പണിക്ക് ഇറങ്ങും.
സഹദേവന്റെ വിശേഷങ്ങൾ ഇവിടെയും തീരുന്നില്ല. മാസത്തിൽ രണ്ടുദിവസം അദ്ദേഹം പൂജാരിയുടെ വേഷമണിയും. തൊടുപുഴ കലയന്താനിയിലെ ഒരു ക്ഷേത്രത്തിൽ ഭക്തിയോടെ പൂജകൾചെയ്യുന്ന സഹദേവൻ ഒരു മികച്ച പണ്ഡിതൻ കൂടിയാണ്. ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയിൽനിന്ന് ബിരുദം നേടിയ ഇദ്ദേഹം ഹാർമോണിയത്തിൽ സംഗീതം പൊഴിക്കാനും മിടുക്കനാണ്.
പാരമ്പര്യമായി കിട്ടിയ കൈപ്പുണ്യം
സഹദേവന്റെ മാതാപിതാക്കൾ ഈറ്റയും പനമ്പും നെയ്യുന്ന തൊഴിലാളികളായിരുന്നു. പ്ലാസ്റ്റിക് വള്ളികൾ ഉപയോഗിച്ച് കട്ടിലും കസേരയും നെയ്യുന്ന സഹോദരനെ സഹായിക്കാൻ പോയ കാലത്താണ് ഈ കല സഹദേവൻ വശമാക്കിയത്. ബിരുദവും സംഗീതവും കൈവശമുണ്ടെങ്കിലും പാരമ്പര്യമായി കിട്ടിയ ഈ തൊഴിലിനെ അദ്ദേഹം ഹൃദയത്തോട് ചേർത്തുപിടിച്ചു. ഇളമ്പകപ്പിള്ളിയിലെ അങ്കണവാടി ജീവനക്കാരിയായ ബിന്ദുവാണ് ഭാര്യ.
Content Highlights: Meet Sahadevan, a versatile worker who balances weaving, labor, and priesthood. Read his inspiring story on this Labor Day.
Published: 01 May 2026, 07:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented